വിദർഭയ്ക്ക് താങ്ങായി കരുൺ നായർ- ഡാനിഷ് സഖ്യം

ഫോട്ടോ: പി വി സുജിത്ത്
നാഗ്പുർ: കേരളത്തിനെതിരായ രഞ്ജിട്രോഫി ഫൈനലിൽ വിദർഭയ്ക്ക് താങ്ങായി കരുൺ നായർ- ഡാനിഷ് സഖ്യം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലാണ് വിദർഭ. ഡാനിഷ് മലേവാറും (88 പന്തിൽ 38) മലയാളിയായ കരുൺ നായരും (48 പന്തിൽ 24) ആണ് ക്രീസിൽ. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിചേർത്തു. കേരളത്തിനായി എം ഡി നിധീഷ് രണ്ടു ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബോളിങ്ങ് തെരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് നാഗ്പൂരിൽ ലഭിച്ചത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവെക്കുന്ന രീതിയിൽ കേരള താരങ്ങൾ പന്തെറിഞ്ഞു. കളിയാരംഭിച്ച രണ്ടാം പന്തിൽ തന്നെ വിദർഭയുടെ പാർഥ് രേഖാഡെയെ (2 പന്തിൽ 0) നീധീഷ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ ദർശൻ നൽക്കാണ്ടെയെയും (21 പന്തിൽ 1) നിതീഷിന് മുന്നിൽ വീണു. പ്രതിരോധത്തിലൂന്നി ബാറ്റേന്തിയ ധ്രുവ് ഷോറെയെ (35 പന്തിൽ 16) ഏദൻ ആപ്പിൾ ടോം വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ വിദർഭ 24/3 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ നാലാം വിക്കറ്റിൽ കരുൺ നായരും ഡാനിഷും ചേർന്ന് വിദർഭയുടെ റൺസ് ഉയർത്തുകയായിരുന്നു.
വിദർഭ ബാറ്റിങ്നിരയിലെ പ്രധാനിയായ മലയാളി താരം കരുൺനായർ കഴിഞ്ഞ സീസണിലാണ് വിദർഭ ടീമിലെത്തിയത്. എട്ട് കളിയിൽ മൂന്ന് സെഞ്ചുറിയടക്കം 642 റണ്ണടിച്ചു. ഇന്ത്യക്കായി 2016-17 സീസണിൽ ആറ് ടെസ്‌റ്റും രണ്ട് ഏകദിനങ്ങളും കളിച്ചു. പത്ത് വർഷം കർണാടകയുടെ താരമായിരുന്നു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ പ്രേമനായരുടെയും കലാധരൻനായരുടെയും മകനാണ്. രക്ഷിതാക്കളുടെ ജോലിയുടെ ഭാഗമായി ബംഗളൂരുവിലായിരുന്നു കരുണിന്റെ ജീവിതം. ചെറുപ്രായംമുതൽ കർണാടക ടീമിന്റെ ഭാഗമായിരുന്നു.









0 comments