വിദർഭ 379 റൺസിന് പുറത്ത്; നിതീഷിനും ഏദനും മൂന്ന് വിക്കറ്റ്

വിദർഭ ക്യാപ്റ്റൻ അക്ഷയ് വാദ്‌കറെ പുറത്താക്കിയ ഏദൻ ആപ്പിൾ ടോമിന്റെ ആഹ്ലാദം- ഫോട്ടോ: പി വി സുജിത്ത്
നാഗ്പുർ: വിദർഭയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ രണ്ടാം ദിനം ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. 254/4 എന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച വിദർഭ 379ന് കൂടാരം കയറി. വ്യാഴാഴ്ച ശേഷിച്ച ആറുവിക്കറ്റുകളാണ് കേരളം നേടിയത്.
വ്യാഴാഴ്ച ആദ്യ സെഷനിൽത്തന്നെ വിദർഭയുടെ അഞ്ചുവിക്കറ്റുള്‍ കേരളം വീഴ്ത്തിയിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 121 ഓവറിൽ 373/9 എന്ന നിലയിരുന്നു വിദർഭ. തുടര്‍ന്ന് കളിയാരംഭിച്ച് രണ്ടാം ഓവറില്‍ തന്നെ എം ഡി നിതീഷ് നചികേത് ഭൂട്ടെയെ (38 പന്തിൽ 32) വീഴ്ത്തി.
സെഞ്ചുറിയുമായി വിദർഭയ്ക്ക് കരുത്തായ ഡാനിഷ് മലേവറിന് (285 പന്തിൽ 153) പിന്നാലെ കളത്തിലെത്തിയ ആർക്കും പിടിച്ചുനിൽക്കാനായില്ല. ഏഴ് റൺസിനിടെ മൂന്നുപേർ പുറത്തായി. വരുൺ നായനാർക്ക് പകരമെത്തിയ ഏദൻ ആപ്പിൾ ടോമും എം ഡി നിതീഷും കേരളത്തിനായി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.
രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഡാനിഷ് മലേവറിനെ പുറത്താക്കി എൻ പി ബേസിലാണ് കേരളത്തിന്റെ മികച്ച തുടക്കം കുറിച്ചത്. പിന്നാലെ പേസർ യാഷ് ഠാക്കൂറിനെയും (60 പന്തിൽ 25) എൻ പി ബേസിൽ കൂടാരം കയറ്റി. തൊട്ടടുത്ത ഓവറിൽ യഷ് റാത്തോഡിനെ (13 പന്തിൽ 3) ഏദൻ ആപ്പിളും മടക്കി. അക്ഷയ് കർനേവറിനെ (22 പന്തിൽ 12) പുറത്താക്കി ജലജ് സക്‌സേന മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി. രണ്ട് റൺസ് കൂട്ടിചേർക്കും മുമ്പ് ക്യാപ്റ്റൻ അക്ഷയ് വാദ്‌കറെ (49 പന്തിൽ 23) ഏദൻ ആപ്പിൾ ടോമിന് മുമ്പിൽ വീണു.
കളിയുടെ ഒന്നാം ദിനം സ്വപ്‌ന തുല്യമായ തുടക്കമാണ് കേരളത്തിന് ലഭിച്ചത്. മൂന്നിന് 24 റണ്ണെന്ന നിലയിൽ വിദർഭ കൂപ്പുകുത്തി. എന്നാൽ നാലം വിക്കറ്റിൽ മലോവറും കരുൺനായരും (188 പന്തിൽ 86) ചേർന്നൊരുക്കിയ കൂട്ടുകെട്ടിന്റെ ബലത്തിൽ 254/4 എന്ന നിലയിലാണ് വിദർഭ ഒന്നാംദിനം അവസാനിപ്പിച്ചത്.









0 comments