രഞ്ജിട്രോഫി: കേരളത്തിന് ഉജ്ജ്വല തുടക്കം; വിദർഭയ്ക്ക് 3 വിക്കറ്റ് നഷ്ടം

kerala cricket

ഫോട്ടോ പി വി സുജിത്ത്

വെബ് ഡെസ്ക്

Published on Feb 26, 2025, 10:59 AM | 2 min read

നാഗ്‌പുർ: രഞ്ജിട്രോഫി കലാശപ്പോരിൽ ബോളിങ് തിരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കം. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് കേരള താരങ്ങൾ പന്തെറിഞ്ഞത്. കളി 15 ഓവർ പിന്നിടുമ്പോൾ 30/3 എന്ന നിലയിലാണ് വിദർഭ.


രണ്ടു വിക്കറ്റ് നേടിയ എം ഡി നിധീഷാണ് വിദർഭയെ തളച്ചത്. കളിയാരംഭിച്ച രണ്ടാം പന്തിൽ തന്നെ വിദർഭയുടെ പാർഥ് രേഖാഡെയെ (2 പന്തിൽ 0) നീധീഷ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ ദർശൻ നൽക്കാണ്ടെയെയും (21 പന്തിൽ 1) നിതീഷിന് മുന്നിൽ വീണു. പ്രതിരോധത്തിലൂന്നി ബാറ്റേന്തിയ ധ്രുവ് ഷോറെയെ (35 പന്തിൽ 16) ഏദൻ ആപ്പിൾ ടോം വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ വിദർഭ കൂടുതൽ പ്രതിസന്ധിയിലായി.


സെമിഫൈനലിൽ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയ കേരള ടീമിൽ ഒരു മാറ്റമുണ്ട്. വരുൺ നായനാർക്കു പകരം യുവ പേസർ ഏദൻ ആപ്പിൾ ടോം ടീമിൽ ഇടംപിടിച്ചു.


കഴിഞ്ഞ ഏഴുവർഷത്തിനിടെ നാലാം ഫൈനൽ കളിക്കുന്ന വിദർഭ കരുത്തരാണ്‌. 2018ലും 2019ലും ജേതാക്കളായപ്പോൾ കഴിഞ്ഞവർഷം റണ്ണറപ്പായി. ഇക്കുറി ഗ്രൂപ്പ്‌ ഘട്ടത്തിൽ ഏഴുകളിയിൽ ആറുജയം നേടി. കേരളത്തിന്‌ മൂന്നു ജയമാണ്‌. വിക്കറ്റ്‌ കൊയ്‌ത്തിലും റൺവേട്ടയിലും മുന്നിലുള്ള ഒരുപിടി താരങ്ങളുണ്ട്‌ വിദർഭനിരയിൽ. രഞ്‌ജിയിൽ മൂന്നാംകിരീടം തേടുന്ന ടീമിന്‌ സ്വന്തം തട്ടകമെന്ന ആനുകൂല്യവുമുണ്ട്‌.


സെമിയിൽ ഗുജറാത്തിനെതിരായ ഐതിഹാസിക പ്രകടനം കേരള ക്രിക്കറ്റ്‌ ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കും. രണ്ട്‌ റൺ ലീഡുമായാണ്‌ കന്നി ഫൈനലിന്‌ എത്തിയത്‌. ഗുജറാത്തിന്റെ അവസാന ബാറ്ററുടെ ഷോട്ട്‌ സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ തട്ടി സച്ചിൻ ബേബിയുടെ കൈയിലൊതുങ്ങിയപ്പോൾ ചരിത്രം പിറന്നു. അഞ്ചാംദിനത്തിലെ ഓരോ നിമിഷവും നാടകീയമായിരുന്നു. ക്വാർട്ടറിൽ ജമ്മു കശ്‌മീരിനെ മറികടന്നത്‌ സൽമാൻ നിസാറിന്റെ വീരോചിത സെഞ്ചുറിയിലൂടെയായിരുന്നു. ഒന്നാം ഇന്നിങ്‌സിലെ ഒറ്ററൺ ലീഡിൽ മുന്നേറി.


സൽമാൻ നിസാറും സെമിയിലെ സെഞ്ചുറിക്കാരൻ മുഹമ്മദ്‌ അസ്‌ഹറുദീനും ഓൾ റൗണ്ടർ ജലജ്‌ സക്‌സേനയുമാണ്‌ കേരളത്തിന്റെ പ്രധാന താരങ്ങൾ. ഓപ്പണർ രോഹൻ കുന്നുമ്മൽ, ക്യാപ്‌റ്റൻ സച്ചിൻ ബേബി എന്നിവരും ബാറ്റിങ്‌നിരയ്‌ക്ക്‌ ശക്തിപകരും. എം ഡി നിധീഷ്‌, ആദിത്യ സർവാതെ എന്നിവർ ബൗളിങ്ങിൽ ജലജിന്‌ പിന്തുണ നൽകും.


സീസണിൽ 66 വിക്കറ്റ്‌ വീഴ്‌ത്തിയ ഹർഷ്‌ ദുബെയാണ്‌ വിദർഭയുടെ താരം. യാഷ്‌ ഠാക്കൂർ, ആദിത്യ താക്കറെ എന്നിവരാണ്‌ മറ്റ്‌ പ്രധാന ബൗളർ. യാഷ്‌ റാത്തോഡ്‌, അഥർവ തയ്‌ഡെ, ക്യാപ്‌റ്റൻ അക്ഷയ്‌ വാഡ്‌കർ, കരുൺനായർ എന്നിവർ ബാറ്റിങ്‌നിരയ്‌ക്ക്‌ കരുത്തുകൂട്ടും.





deshabhimani section

Related News

View More
0 comments
Sort by

Home