മാലേവറും വീണു; മൂന്നൂറിനടുത്ത് വിദർഭ

ഡാനിഷ് മലേവറിനെ പുറത്താക്കിയ എൻ പി ബേസിലിന്റെ ആഘോഷം- ഫോട്ടോ: പി വി സുജിത്ത്
നാഗ്‌പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ വിദർഭയ്ക്കെതിരെ കേരളം തിരിച്ചടിക്കുന്നു. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ സെഞ്ചുറിയുമായി വിദർഭയ്ക്ക് കരുത്തായ ഡാനിഷ് മലേവറിനെ (285 പന്തിൽ 153) എൻ പി ബേസിൽ പുറത്താക്കി. 98 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. 23 റണ്‍സോടെ യഷ് താക്കൂറും യഷ് റാത്തോഡുമാണ് ക്രീസില്‍. പേസർ യാഷ് ഠാക്കൂറും (51 പന്തിൽ 24) യഷ് റാത്തോഡും (8 പന്തിൽ 2) ആണ് ക്രീസിൽ.
കളിയുടെ ഒന്നാം ദിനം സ്വപ്‌ന തുല്യമായ തുടക്കമാണ് കേരളത്തിന് ലഭിച്ചത്. മൂന്നിന് 24 റണ്ണെന്ന നിലയിൽ വിദർഭ കൂപ്പുകുത്തി. എന്നാൽ നാലം വിക്കറ്റിൽ മലോവറും കരുൺനായരും (188 പന്തിൽ 86) ചേർന്നൊരുക്കിയ കൂട്ടുകെട്ടിന്റെ ബലത്തിൽ 254/4 എന്ന നിലയിലാണ് വിദർഭ ഒന്നാംദിനം അവസാനിപ്പിച്ചത്.
ടോസ് നേടിയ കേരള ക്യാപ്‌റ്റൻ സച്ചിൻ ബേബി ബൗളിങ് തെരഞ്ഞെടുത്തത് പിച്ചിൽ ഈർപ്പം കണ്ടിട്ടായിരുന്നു. നേരിയ പച്ചപ്പിൽ പന്തിൽ സ്വിങ് കിട്ടുമെന്ന സച്ചിന്റെ നിഗമനം തെറ്റിയില്ല. എം ഡി നിധീഷും ഏദൻ ആപ്പിൾ ടോം എന്ന പത്തൊമ്പതുകാരൻ പേസറും ലൈനും ലെങ്‌തും കാത്ത് പന്തെറിഞ്ഞപ്പോൾ വിദർഭ പ്രഭാത തണുപ്പിലും വിയർത്തു.
ബാറ്റിങ് നിരയിൽ അടിമുടി മാറ്റംവരുത്തിയെത്തിയ വിദർഭയുടെ തന്ത്രങ്ങളെ ചുഴറ്റിയെറിഞ്ഞ് നിധീഷാണ് തുടങ്ങിയത്. ഇന്നിങ്‌സിന്റെ രണ്ടാംപന്തിൽ വലംകൈയൻ പേസർ വിദർഭ ഓപ്പണർ പാർഥ് രെഖാഡെയെ (0) വിക്കറ്റിനുമുന്നിൽ കുരുക്കി. തുടർച്ചയായ നാല് ഓവറുകളിൽ മുപ്പത്തിമൂന്നുകാരൻ റൺ വിട്ടുകൊടുത്തില്ല. ഇതിനിടെ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ദർശൻ നൽക്കണ്ടെയെ (21 പന്തിൽ 1) എൻ പി ബേസിലിന്റെ കൈകളിലെത്തിച്ചു. പരിചയസമ്പന്നനായ ധ്രുവ് ഷിറോയിയെ (35 പന്തിൽ 16) ആപ്പിൾ ടോം മടക്കി. വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്‌ഹറുദ്ദീന്റെ മനോഹര ക്യാച്ച്. സ്‌കോർ 24/3.
പിച്ചിലെ ഈർപ്പം വറ്റുംമുമ്പ് കൂടുതൽ അപകടം വിതയ്‌ക്കുകയായിരുന്നു കേരളത്തിന്റെ ലക്ഷ്യം. എന്നാൽ, മലേവറും കരുണും വിദർഭയുടെ ബാറ്റിങ് കരുത്ത് എന്തെന്ന് അറിയിക്കുകയായിരുന്നു. മോശം പന്തുകൾക്കായി കാത്തിരുന്നു. ആപ്പിൾ ടോമിന്റെ ഓവർ പിച്ച് പന്തുകളെ ബൗണ്ടറിയിലേക്ക് വിട്ടു. സച്ചിൻ ബേബി മുൻ വിദർഭതാരം ആദിത്യ സർവാതെയെ കൊണ്ടുവന്നെങ്കിലും കാര്യമുണ്ടായില്ല. വിശ്വസ്‌തനായ ജലജ് സക്‌സേനയ്‌ക്കും കൂട്ടുകെട്ട് വേർപെടുത്താനായില്ല. മലേവർ സെഞ്ചുറി പൂർത്തിയാക്കി.
സീസണിലെ രണ്ടാമത്തേത്. രണ്ട് സിക്‌സറും 14 ഫോറുമാണ് ഇന്നിങ്‌സിൽ. കരുൺ കളിയുടെ അവസാനഘട്ടത്തിൽ രോഹൻ കുന്നുമ്മലിന്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാവുകയായിരുന്നു ഒരു സിക്‌സറും എട്ട് ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. നാലാംവിക്കറ്റിൽ 215 റണ്ണാണ് ഇരുവരും കൂട്ടിച്ചേർത്തത്. ടീമിന്റെ മികച്ച റൺ വേട്ടക്കാരൻ യാഷ് റാത്തോഡ്, ക്യാപ്‌റ്റൻ അക്ഷയ് വാദ്‌കർ എന്നിവർ ഇറങ്ങാനുണ്ട്. സെമി കളിച്ച കേരള ടീമിൽ ഒരു മാറ്റമായിരുന്നു. വരുൺ നായനാർക്ക് പകരം ആപ്പിൾ ടോം എത്തി.









0 comments