രഞ്ജി ട്രോഫി ഫൈനൽ; നാലാം ദിനം കേരളത്തിന് മികച്ച തുടക്കം, ആദ്യ മൂന്നോവറിനിടെ വിദർഭയ്‌ക്ക് രണ്ട് വിക്കറ്റ് നഷ്‌ടം

പാർഥ് രേഖാഡേയുടെ വിക്കറ്റെടുത്തതിന് ശേഷം കേരള താരങ്ങളുടെ ആഹ്ലാദം. ഫോട്ടോ: പി വി സുജിത്ത്
നാഗ്‌പൂർ: രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിനം ആരംഭിച്ചപ്പോൾ കേരളത്തിന് മികച്ച തുടക്കം. 37 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ് ആരംഭിച്ച വിദർഭയുടെ ഓപ്പണർമാരെ ആദ്യ മൂന്നോവറിൽ തന്നെ കേരളം മടക്കി. എം ഡി നിതീഷും ജലജ് സക്‌സേനയുമാണ് വിക്കറ്റുകൾ നേടിയത്.
എം ഡി നിതീഷ് തന്നെയാണ് രണ്ടാം ഇന്നിങ്‌സിലെയും കേരളത്തിന്റെ ആദ്യ ഓവർ എറിഞ്ഞത്. തുടർന്ന് രണ്ടാം ഓവർ എറിയാനെത്തിയ ജലജ് സക്‌സേന വിദർഭയുടെ പാർഥ് രേഖാഡേയെ ആദ്യ പന്തിൽ തന്നെ പുറത്താക്കുകയായിരുന്നു. മൂന്നാം ഓവറിൽ എം ഡി നിതീഷ് ധ്രുവ് ഷോറെയേയും മടക്കി. ആദ്യ ഇന്നിങ്സിൽ വിദർഭയുടെ ഇന്നിങ്‌സ് കെട്ടിപ്പൊക്കിയ കരുൺ നായരും ഡാനിഷ് മലേവാറുമാണ് നിലവിൽ ക്രീസിൽ.
379 റൺസായിരുന്നു വിദർഭ ആദ്യ ഇന്നിങ്സിൽ നേടിയത്. കേരളം ആദ്യ ഇന്നിങ്സിൽ 342 റൺസിന് പുറത്തായി. 98 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. രഞ്ജി ട്രോഫി ചരിത്രത്തിൽ, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ വിദർഭ താരം ഹർഷ് ദുബെയുടെ പ്രകടനവും മൂന്നാം ദിവസം ശ്രദ്ധേയമായിരുന്നു.









0 comments