കെസിഎ- എൻഎസ്കെ ട്വൻ്റി 20: എറണാകുളവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

തിരുവനന്തപുരം : കെസിഎ - എൻഎസ്കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ എറണാകുളവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിലേക്ക് മുന്നേറി. ക്വാർട്ടർ ഫൈനലിൽ കംബൈൻഡ് ഡിസ്ട്രിക്ട്സിന് പാലക്കാടിനെ 31 റൺസിനും എറണാകുളം തൃശൂരിനെ 19 റൺസിനുമാണ് തോൽപ്പിച്ചത്. നാളെ നടക്കുന്ന സെമി ഫൈനലിൽ മലപ്പുറം കംബൈൻഡ് ഡിസ്ട്രിക്ട്സിനെയും തിരുവനന്തപുരം എറണാകുളത്തെയും നേരിടും.
വിനൂപ് മനോഹരൻ്റെ ഓൾറൗണ്ട് മികവിനൊപ്പം മുഹമ്മദ് ഷാനുവിൻ്റെയും സഞ്ജീവ് സതീശൻ്റെയും ബാറ്റിങ്ങുമാണ് കംബൈൻഡ് ഡിസ്ട്രിക്ട്സിന് പാലക്കാടിനെതിരെ അനായാസ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കംബൈൻഡ് ഡിസ്ട്രിക്ട്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. മുഹമ്മദ് ഷാനു 19 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 46 റൺസെടുത്തു. സഞ്ജീവ് സതീശൻ 25 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 53 റൺസുമായി പുറത്താകാതെ നിന്നു. വിനൂപ് മനോഹരൻ 49ഉം മാനവ് കൃഷ്ണ 20ഉം റൺസ് നേടി. പാലക്കാടിന് വേണ്ടി പ്രവീൺ കുമാർ, ജൈവിൻ ജാക്സൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാലക്കാടിന് വിഷ്ണു മേനോൻ രഞ്ജിതും അശ്വിൻ ആനന്ദും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. വിഷ്ണു 27ഉം അശ്വിൻ 38ഉം റൺസെടുത്തു. 20 ഓവറിൽ 162 റൺസിന് പാലക്കാട് ഓൾ ഔട്ടായി. ഗോകുൽ ഗോപിനാഥും വിനൂപ് മനോഹരനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വിനൂപ് മനോഹരനാണ് പ്ലെയർ ഓഫ് ദി മാച്ച്.
രണ്ടാം മത്സരത്തിൽ തൃശൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. ഓപ്പണർ വിപുൽ ശക്തിയുടെയും ക്യാപ്റ്റൻ ഗോവിന്ദ് ദേവ് പൈയുടെയും ഉജ്ജ്വല ഇന്നിങ്സുകളാണ് എറണാകുളത്തിന് കൂറ്റൻ സ്കോർ നല്കിയത്. വിപുൽ ശക്തി 38 പന്തുകളിൽ നിന്ന് 50 റൺസെടുത്തു. ഗോവിന്ദ് ദേവ് പൈ 45 പന്തുകളിൽ നിന്ന് 64 റൺസുമായി പുറത്താകാതെ നിന്നു. 17 പന്തുകളിൽ 28 റൺസ് നേടിയ കെ ആർ രോഹിത്, 15 പന്തുകളിൽ 26 റൺസ് നേടിയ പ്രീതിഷ് പവൻ എന്നിവരും എറണാകുളത്തിനായി തിളങ്ങി. തൃസൂരിനായി ആതിഫ് ബിൻ അഷ്റഫും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് വേണ്ടി കെ എ അരുൺ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഒറ്റയാൾപോരാട്ടമായി അവസാനിച്ചു. അരുണിനൊഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. അരുൺ 49 പന്തുകളിൽ 78 റൺസെടുത്തു. ആകർഷ് 24ഉം ഷറഫുദ്ദീൻ 23ഉം റൺസ് നേടി. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് മാത്രമാണ് തൃശൂരിന് നേടാനായത്. നാല് വിക്കറ്റ് വീഴ്ത്തിയ വി അജിത്തും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇബ്നുൾ അൽത്താഫുമാണ് എറണാകുളത്തിൻ്റെ ബൗളിങ് നിരയിൽ തിളങ്ങിയത്. വി അജിത്താണ് കളിയിലെ താരം.









0 comments