പുരാനും പടിയിറങ്ങി; 29-ാം വയസിൽ വിരമിക്കൽ പ്രഖ്യാപനം

ബാർബഡോസ്: വെസ്റ്റിൻഡീസ് മുൻ നായകനും സൂപ്പർതാരവുമായ നിക്കൊളാസ് പുരാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 29-ാം വയസിലാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
ബുദ്ധിമുട്ടേറിയ തീരുമാനമെന്നും മെറൂൺ കുപ്പായത്തിൽ കളിക്കാനായത് അഭിമാനമാണെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ക്രിക്കറ്റ് മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചെന്നും വെസ്റ്റിൻഡീസ് ജനതയെ പ്രതിനിധീകരിക്കാൻ അവസരം നൽകിയെന്നും പറഞ്ഞ താരം പിന്തുണച്ച ആരാധകർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദിയും അറിയിച്ചു.
ക്രിക്കറ്റിൽ സമീപകാലത്ത് വിൻഡീസ് ക്രിക്കറ്റ് കണ്ട മികച്ച ബാറ്റർമാരിലൊരാളാണ് പുരാൻ. 2016ൽ ടി20 ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് വിൻഡീസിന്റെ നെടുംതൂണായി മാറി. 2019 ഫെബ്രുവരിയിൽ ഏകദിനത്തിലും അരങ്ങേറി. 2022ൽ വിൻഡീസിന്റെ ക്യാപ്റ്റനായും നിയോഗിക്കപ്പെട്ടു. 2023ലെ ലോകകപ്പിനു യോഗ്യത നേടാതെ വെസ്റ്റിൻഡീസ് പുറത്തായതിനു ശേഷം പുരാൻ ഒറ്റ രാജ്യാന്തര ഏകദിനം പോലും കളിച്ചിട്ടില്ല. രാജ്യാന്തര ഏകദിനത്തിൽ 61 മത്സരങ്ങളിൽനിന്ന് 1983 റൺസാണ് പുരാന്റെ സമ്പാദ്യം. ഇതിൽ മൂന്നു സെഞ്ചറികളും 11 അർധസെഞ്ചറികളും ഉൾപ്പെടുന്നു. രാജ്യാന്തര ട്വന്റി20യിൽ 106 മത്സരങ്ങളിൽനിന്ന് 2275 റൺസ് നേടി.
കഴിഞ്ഞ വർഷം ട്വന്റി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (170) നേടിയ താരമെന്ന നേട്ടം ഉൾപ്പെടെ ക്രിക്കറ്റ് കരിയറിൽ ഫോമിന്റെ അത്യുച്ചിയിൽ നിൽക്കുമ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനായി മിന്നുന്ന ഫോമിലായിരുന്നു താരം. 14 മത്സരങ്ങളിൽനിന്ന് അഞ്ച് അർധ ശതകങ്ങളുൾപ്പെടെ 524 റൺസാണ് അടിച്ചെടുത്തത്. 40 സിക്സറുകളുമായി കൂടുതൽ സിക്സ് നേടിയ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
നേരത്തെ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ ഏകദിനത്തിൽനിന്നും ദക്ഷിണാഫ്രിക്കയുടെ ഹെൻറിച്ച് ക്ലാസെൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുരാനും പടിയിറങ്ങുന്നത്.









0 comments