വിരമിച്ച് ഞെട്ടിച്ചു പുരാൻ

ബാർബഡോസ്
ഇരുപത്തൊമ്പതാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് വെസ്‌റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ ഞെട്ടിച്ചു. കാരണം വ്യക്തമാക്കാതെയാണ് വിടവാങ്ങൽ. ഐപിഎൽ അടക്കമുള്ള ക്രിക്കറ്റ് ലീഗുകളിൽ സജീവമാകാനാണ് തീരുമാനമെന്ന് കരുതുന്നു. വിൻഡീസിനെ 30 കളിയിൽ നയിച്ച ക്യാപ്‌റ്റനാണ്. എട്ട് ജയം മാത്രമേ നേടാനായുള്ളൂ.
വിൻഡീസിനായി കൂടുതൽ ട്വന്റി20 മത്സരങ്ങൾ കളിച്ച താരമാണ്. റണ്ണടിയിലും ഒന്നാമതാണ്. 106 കളിയിൽ 2275 റൺ. 13 അർധസെഞ്ചുറിയുണ്ട്. 61 ഏകദിനങ്ങളിൽ 1983 റണ്ണാണ് സമ്പാദ്യം. മൂന്ന് സെഞ്ചുറിയും 11 അർധസെഞ്ചുറിയും നേടി. ടെസ്റ്റ് കളിച്ചിട്ടില്ല. 2016ൽ ഇരുപത്തൊന്നാം വയസ്സിൽ പാകിസ്ഥാനെതിരെയാണ് ട്വന്റി20 അരങ്ങേറ്റം.
കഴിഞ്ഞവർഷം ബംഗ്ലാദേശിനെതിരെയാണ് അവസാന മത്സരം. ആറുവർഷംമുമ്പ് ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ അരങ്ങേറി. 2023ൽ ശ്രീലങ്കക്കെതിരെ അവസാന മത്സരം കളിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ സ്ഥിരത നിലനിർത്താനാവാതെ പതറുന്ന വിൻഡീസ് ടീമിന് ഇടംകൈയൻ ബാറ്ററുടെ അപ്രതീക്ഷിത പിൻമാറ്റം തിരിച്ചടിയാവും. കഴിഞ്ഞ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി 14 കളിയിൽ 524 റണ്ണടിച്ചു. 40 സിക്‌സർ അടിച്ച് ഒന്നാമതെത്തി.









0 comments