'എന്റെ വിക്കറ്റാണ് മത്സരഫലം മാറ്റിമറിച്ചത്'; ഫൈനല്‍ തോല്‍വിക്ക് പിന്നാലെ സച്ചിന്‍ ബേബി

ഫോട്ടോ: പി വി സുജിത്ത്
നാഗ്‌പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയോട് തോറ്റതിന് പിന്നാലെ പ്രതികരണവുമായി കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി. ഒന്നാം ഇന്നിങ്സിലെ തന്റെ വിക്കറ്റാണ് മത്സര ഫലം മാറ്റിമറിച്ചതെന്നും ആ സമയത്ത് ടീമിനായി താൻ ക്രീസിൽ തുടരണമായിരുന്നെന്നും സച്ചിൻ പറഞ്ഞു.
''വിദർഭ ടീമിന് അഭിനന്ദനങ്ങൾ. ഫൈനലില്‍ എത്തിയതില്‍ ഏറെ അഭിമാനമുണ്ട്. ഈ ടീമിനെ നയിക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനം തോന്നുന്നു. എല്ലാ താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തു. ഫൈനലിൽ വിദർഭയേക്കാൾ കൂടുതൽ പിഴവുകൾ വരുത്തിയത് കേരള ടീമാണ്. എന്റെ വിക്കറ്റ് കളിയുടെ താളം മാറ്റി. ടീമിന് വേണ്ടി ഞാന്‍ ക്രീസില്‍ തുടരണമായിരുന്നു. ലീഡ് നേടും വരെ ഞാൻ ടീമിനൊപ്പം വേണമായിരുന്നു. ഞങ്ങളുടെ ആദ്യ ഫൈനലാണ്. അടുത്ത തവണ വിദർഭയെ കേരളം പരാജയപ്പെടുത്തും''- സച്ചിന്‍ ബേബി പറഞ്ഞു.
കേരളവുമായുള്ള ഫൈനൽ സമനിലയിലായതോടെയാണ് വിദർഭ രഞ്ജിയിൽ വീണ്ടും കിരീടമണിഞ്ഞത്. ആദ്യ ഇന്നിങ്‌സിൽ നേടിയ 37 റൺസിന്റെ ലീഡാണ് കേരളത്തിനെതിരെ വിദർഭയ്‌ക്ക് സഹായമായത്. ഒന്നാം ഇന്നിങ്സിൽ മുപ്പത്താറുകാരനായ സച്ചിൻ 64.3 ഓവർ ക്രീസിലുണ്ടായിരുന്നു. 15-ാം സെഞ്ചുറിക്ക് രണ്ടു റൺ അകലെയാണ് പുറത്തായത്. 98 റണ്ണിൽ 10 ഫോറിന്റെ തിളക്കമുണ്ടായിരുന്നു. 29-ാം അർധസെഞ്ചുറിയുമായാണ് മടക്കം. സച്ചിൻ പുറത്തായശേഷം 18 റണ്ണെടുക്കുന്നതിനിടെ ബാക്കി മൂന്ന് വിക്കറ്റും വീണു. ഇതോടെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങുകയായിരുന്നു.









0 comments