ട്രിവാൻഡ്രം റോയൽസിന് തുടർച്ചയായ രണ്ടാം വിജയം

തലശ്ശേരി: കോടിയേരി ബാലകൃഷ്ണൻ വനിത കെസിഎ എലൈറ്റ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വിജയവുമായി ട്രിവാൻഡ്രം റോയൽസ്. ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിനെ 42 റൺസിനാണ് റോയൽസ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയൽസിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മാളവിക സാബുവിനും നജ്ല സി എം സിയ്ക്കുമൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ പി പ്രിതികയുടെ ഇന്നിങ്സാണ് റോയൽസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 55 പന്തുകളിൽ 49 റൺസുമായി പ്രിതിക പുറത്താകാതെ നിന്നു. നജ്ല സിഎംസി 30 റൺസും മാളവിക സാബു 21 റൺസും എടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ അശ്വതി ബാബുവിൻ്റെ വിക്കറ്റ് നഷ്ടമായി. അശ്വതിയെ പുറത്താക്കി ക്യാപ്റ്റൻ സജ്ന സജീവനാണ് റോയൽസിന് മികച്ച തുടക്കം നല്കിയത്. തുടർന്ന് ശ്രദ്ധയും സൗരഭ്യയും ചേർന്നുള്ള കൂട്ടുകെട്ട് ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിന് പ്രതീക്ഷ നല്കിയെങ്കിലും ഇരുവരും പുറത്തായതോടെ തകർച്ചയ്ക്ക് തുടക്കമായി. മധ്യനിരയും വാലറ്റവും നിരാശപ്പെടുത്തിയതോടെ ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിൻ്റെ മറുപടി 80 റൺസിൽ അവസാനിച്ചു. 22 റൺസെടുത്ത സൗരഭ്യയാണ് ടീം ടോപ് സ്കോറർ. റോയൽസിന് വേണ്ടി സാന്ദ്ര സുരെനും റെയ്ന റോസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.









0 comments