വെടിക്കെട്ട് തീർത്ത് സഞ്ജു; ആവേശപോരിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ചാമ്പ്യന്മാരായ കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് മിന്നും വിജയം. സീസണിലെ രണ്ടാം സെഞ്ചുറിയുമായി സൂപ്പർ താരം സഞ്ജു സാസൺ തിളങ്ങിയ മത്സരത്തിൽ 4 വിക്കറ്റിനാണ് കൊച്ചിയുടെ വിജയം. അവസാന നിമിഷത്തിലെ മുഹമ്മദ് ആഷിഖിന്‍റെ 45* (18) വെടിക്കെട്ട് ബാറ്റിങ് വിജയത്തില്‍ നിർണായകമായി.
കൊല്ലം ഉയർത്തിയ കൂറ്റൻ സ്കോറിലേക്ക് ബാറ്റേന്തിയ കൊച്ചിയ്ക്ക് മിന്നും തുടക്കമാണ് സഞ്ജു നൽകിയത്. തുടക്കത്തിൽ തന്നെ വിനൂപിന്റെ 11 (9) വിക്കറ്റ് നഷ്ടമായെങ്കിലും സഞ്ജു അടിച്ചു തകർത്തതോടെ സ്കോർ ഉയർന്നു. 16 പന്തിൽ നിന്ന് സഞ്ജു അർധസെഞ്ചുറി നേടി. പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് ടീമെടുത്തത്.
2 ഓവറിൽ എം ഷാനുവിനെ 39 (28) നഷ്ടമായി. പിന്നാലെ കളത്തിലെത്തിയ ക്യാപ്റ്റൻ സലി സാംസണും 5 (7), നിഖിലും 1 (4) പെട്ടെന്ന് കൂടാരം കയറി. ഇതിനിടയിൽ 42 പന്തിൽ നിന്ന് സഞ്ജു തന്റെ സീസണിലെ രാണ്ടാം സെഞ്ചുറിയും കുറിച്ചു. ടീം സ്കോർ 200 കടന്നതിന് പിന്നാലെ സഞ്ജു വീണു. അവസാന ഓവറില്‍ 17 റണ്‍സാണ് കൊച്ചിയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളും ഫോറും സിക്സും പറത്തി ആഷിഖ് ടീമിന് ആശ്വാസം പകര്‍ന്നു. പിന്നാലെ ആൽഫി ഫ്രാൻസിസ് ജോണ്‍ റണൗട്ടായി. ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് എന്ന നിലയിലേക്ക് നീങ്ങി. പിന്നാലെ സിക്സ് അടിച്ച് ആഷിഖ് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. ക്യാപ്റ്റൻ സച്ചിൻ ബേബി 91 (44)യുടെയും വിഷ്ണു വിനോദി 94 (41)ൻ്റെയും തകർപ്പൻ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയർന്ന സ്കോർ സമ്മാനിച്ചത്.
ചാമ്പ്യന്മാരുടെ ബാറ്റിങ് സർവ്വാധിപത്യം കണ്ട മത്സരത്തിൽ, കാണികൾക്ക് ബാറ്റിങ് വിരുന്നൊരുക്കി സച്ചിൻ ബേബിയും വിഷ്ണു വിനോദും നിറഞ്ഞാടി. ആദ്യ രണ്ട് മല്സരങ്ങളിലും തങ്ങളുടെ പതിവ് ഫോമിലേക്ക് ഉയരാൻ കഴിയാതിരുന്ന ഇരുവർക്കും നേരിയ വ്യത്യാസത്തിലാണ് സെഞ്ചുറി നഷ്ടമായത്. അഭിഷേക് ജെ നായർ മൂന്നാം ഓവറിൽ പുറത്തായതോടെയാണ് ഇരുവരും ഒത്തു ചേർന്നത്. നേരിട്ട ആദ്യ പന്തുകളിൽ ലഭിച്ച ഭാഗ്യത്തിൻ്റെ ആനുകൂല്യം സച്ചിൻ മുതലാക്കി. അഖിൻ സത്താറിനെ ബൌണ്ടറി പായിച്ച് അക്കൌണ്ട് തുറന്ന സച്ചിൻ തുടർന്നുള്ള ഓവറുകളിൽ ഫോറിൻ്റെയും സിക്സിൻ്റെയും പെരുമഴ തീർത്തു. 22 പന്തുകളിൽ നിന്ന് സച്ചിൻ അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. കൊച്ചി ക്യാപ്റ്റൻ സലി സാംസൻ ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പത്താം ഓവറിൽ നൂറ് കടന്ന കൊല്ലം സെയിലേഴ്സ് 14ആം ഓവറിൽ 150ഉം പിന്നിട്ടു. എന്നാൽ പി എസ് ജെറിൻ എറിഞ്ഞ ആ ഓവറിൽ തന്നെ സച്ചിൻ മടങ്ങി. ജെറിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച സച്ചിനെ വിനൂപ് മനോഹരൻ പിടികൂടുകയായിരുന്നു.
തൊട്ടടുത്ത പന്തിൽ രാഹുൽ ശർമ്മയെ ജെറിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. എന്നാൽ തുടർന്നങ്ങോട്ട് കൂറ്റൻ അടികളുടെ ചുമതല വിഷ്ണു വിനോദ് ഏറ്റെടുത്തു. പന്തുകൾ അതിർത്തി കടന്ന് പാഞ്ഞപ്പോൾ 17ആം ഓവറിൽ സെയിലേഴ്സ് 200 പിന്നിട്ടു. എന്നാൽ കെ എം ആസിഫിനെ ബൌളിങ്ങിലേക്ക് മടക്കി വിളിച്ച തന്ത്രം ഫലം കണ്ടു. 94 റൺസെടുത്ത വിഷ്ണു വിനോദ് ആൽഫി ഫ്രാൻസിസ് പിടിച്ചു മടങ്ങി. ഷറഫുദ്ദീൻ എട്ടും എ ജി അമൽ 12ഉം റൺസുമായി പുറത്താകാതെ നിന്നു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിൻ രണ്ടും സലി സാംസനും കെ എം ആസിഫും എം. ആഷിഖും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.









0 comments