കേരള ക്രിക്കറ്റ് ലീ​ഗ്: വിജയം തുടർന്ന് കൊച്ചി ബ്ലൂ ടൈ​ഗേഴ്സ്

Ajeesh k
വെബ് ഡെസ്ക്

Published on Sep 03, 2025, 10:36 PM | 2 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീ​ഗിലെ തങ്ങളുടെ അവസാന മത്സരത്തിലും ഉജ്ജ്വല വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കൊല്ലം സെയിലേഴ്സിനെ ആറ് വിക്കറ്റിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം ആറ് വിക്കറ്റ് നഷ്ടത്തിലാണ് 130 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി 18-ാം ഓവറിൽ ലക്ഷ്യത്തിലെത്തി. അർദ്ധ സെഞ്ചുറി നേടിയ കെ അജീഷാണ് പ്ലെയർ ഓഫ് ദി മാച്ച്.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സിന് മികച്ചൊരു സ്കോർ ഉയർത്താനായില്ല. സെമിയുറപ്പിക്കാൻ അനിവാര്യ വിജയം തേടിയിറങ്ങിയ കൊല്ലത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ വിഷ്ണു വിനോദ് മടങ്ങി. തുടർന്നെത്തിയ സച്ചിൻ ബേബിയും അഭിഷേക് ജെ നായരും കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാൽ ജെറിൻ പി എസിനെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടയിൽ ആറ് റണ്ണെടുത്ത സച്ചിൻ ബേബിയും പുറത്തായി. അഭിഷേക് ജെ നായരെ പി കെ മിഥുനും എൽബിഡബ്ല്യുവിൽ കുടുക്കിയതോടെ മൂന്ന് വിക്കറ്റിന് 28 റൺസെന്ന നിലയിലായിരുന്നു സെയിലേഴ്സ്.


നാലാം വിക്കറ്റിൽ വത്സൽ ഗോവിന്ദും എം എസ് അഖിലും ചേർന്ന് നേടിയ 50 റൺസാണ് കൊല്ലത്തെ വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. 32 റൺസെടുത്ത എം എസ് അഖിലിനെ ജെറിനാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷറഫുദ്ദീനാണ് സെയിലേഴ്സിൻ്റെ സ്കോർ 130ൽ എത്തിച്ചത്. ഷറഫുദ്ദീൻ 20 പന്തുകളിൽ നിന്ന് നാല് സിക്സടക്കം 36 റൺസുമായി പുറത്താകാതെ നിന്നു.അഖിലിനും ഷറഫുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയ വത്സൽ ഗോവിന്ദ് 37 റൺസെടുത്തു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിനും ജോബിൻ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് വിനൂപ് മനോഹരൻ മികച്ച തുടക്കമാണ് നൽകിയത്. കൂറ്റൻ ഷോട്ടുകളിലൂടെ അതിവേഗം റൺസുയർത്തിയ വിനൂപ് 36 റൺസുമായി മടങ്ങി. റണ്ണൊഴുക്ക് കുറഞ്ഞതോടെ മികച്ച ബൌളിങ്ങുമായി പിടിമുറുക്കാൻ കൊല്ലത്തിൻ്റെ താരങ്ങൾ ശ്രമിച്ചെങ്കിലും കെ അജീഷിൻ്റെ ഉജ്ജ്വല ഇന്നിങ്സ് കൊച്ചിയ്ക്ക് തുണയായി. 17 പന്തുകൾ ബാക്കി നില്ക്കെ കൊച്ചി അനായാസം ലക്ഷ്യത്തിലെത്തി. അജീഷ് 39 പന്തുകളിൽ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 58 റൺസെടുത്തു.


കൊച്ചിയോട് തോൽവി വഴങ്ങിയതോടെ ആലപ്പിയുമായുള്ള തങ്ങളുടെ അവസാന മത്സരം കൊല്ലത്തെ സംബന്ധിച്ച് നിർണ്ണായകമായി. ഒമ്പത് മത്സരങ്ങൾ കളിച്ച കൊല്ലത്തിന് എട്ട് പോയിൻ്റും ആലപ്പിയ്ക്ക് ആറ് പോയിൻ്റുമാണുള്ളത്. അവസാന മത്സരത്തിൽ ആലപ്പിയെ തോല്പിച്ചാൽ കൊല്ലത്തിന് സെമിയിലേക്ക് മുന്നേറാം. തോറ്റാൽ ഇരു ടീമുകൾക്കും എട്ട് പോയിൻ്റ് വീതമാകും. അങ്ങനെ വന്നാൽ റൺറേറ്റായിരിക്കും സെമിയിലേക്കുള്ള ടീമിനെ നിശ്ചയിക്കുക. നിലവിൽ ആലപ്പിയെക്കാൾ മികച്ച റൺറേറ്റുള്ളത് കൊല്ലത്തിനാണ്. 16 പോയിൻ്റുള്ള കൊച്ചിയും പത്ത് പോയിൻ്റ് വീതമുള്ള തൃശൂരും കോഴിക്കോടും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home