പലവേഷം പലഭാവം; ക്ലാസ്‌ രാഹുൽ

kl rahul
വെബ് ഡെസ്ക്

Published on Mar 11, 2025, 01:02 AM | 1 min read

ദുബായ്‌: ഇന്ത്യൻ ക്രിക്കറ്റിൽ ആഘോഷിക്കപ്പെടുന്ന സൂപ്പർസ്‌റ്റാറുകളിൽ കെ എൽ രാഹുലിനെ കാണാറില്ല. എന്നാൽ, ഇന്ത്യയുടെ ചാമ്പ്യൻസ്‌ ട്രോഫി വിജയത്തിൽ എടുത്തുപറയേണ്ട പേരുകാരനാണ്‌. ആറാംനമ്പറിൽ മുപ്പത്തിരണ്ടുകാരന്റെ സംഭാവന ചെറുതല്ല. നാല്‌ ഇന്നിങ്‌സുകളിലായി 140 റണ്ണാണ്‌ സമ്പാദ്യം. സെമിയും ഫൈനലും ഉൾപ്പെടെ മൂന്ന്‌ കളിയിൽ പുറത്താകാതെനിന്നു. ഒറ്റ അർധസെഞ്ചുറിപോലുമില്ല. പക്ഷേ, മധ്യനിരയിൽ സമ്മർദഘട്ടങ്ങളിൽ കർണാടക താരം നൽകിയ റണ്ണുകൾ വിലപ്പെട്ടതായിരുന്നു.


‘ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം കെ എൽ ഏറ്റവും വിശ്വസ്‌തനായ ബാറ്ററാണ്‌. വെല്ലുവിളിയും സമ്മർദവും അതിജീവിച്ച്‌ ശാന്തനായി ക്രീസിലുണ്ടാകും. അപ്പോൾ ഞങ്ങൾക്ക്‌ ഭയമില്ല. ഈ ടൂർണമെന്റിൽ നിർണായക പ്രകടനമായിരുന്നു. കെ എൽ നേടിയ മുപ്പതും നാൽപ്പതും റണ്ണുകൾ വലിയ ഇന്നിങ്‌സിനേക്കാൾ വിലപ്പെട്ടതാണ്‌. സെമിയിലും ഫൈനലിലും അത്‌ ബോധ്യപ്പെട്ടു’–-ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമയുടെ വാക്കുകൾ. ഓപ്പണറായി കളി തുടങ്ങിയ വലംകൈയൻ ബാറ്റർ പലവേഷത്തിൽ കളത്തിലെത്തി. ഇത്തവണ ആറാംനമ്പറിലായിരുന്നു. ഒപ്പം വിക്കറ്റ്‌ കീപ്പറുടെ ചുമതലയും. വർഷങ്ങളായി മധ്യനിരയിൽ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്തെന്ന്‌ ഈ ടൂർണമെന്റിലൂടെ രാഹുൽ വ്യക്തമാക്കിക്കഴിഞ്ഞു.


തോൽവിക്കും ജയത്തിനുമിടയിലാണ്‌ പലപ്പോഴും ക്രീസിലെത്തുന്നത്‌. സമ്മർദം നിറഞ്ഞ ഘട്ടങ്ങൾ, കുറഞ്ഞ പന്തിൽ കൂടുതൽ റൺ വേണ്ട സന്ദർഭങ്ങൾ. വിക്കറ്റ്‌ നഷ്ടപ്പെടാതെ കരുതലോടെ ബാറ്റ്‌ വീശേണ്ട സമയം. അപ്പപ്പോഴത്തെ ആവശ്യത്തിന്‌ അനുസരിച്ചാണ്‌ ബാറ്റിങ്. ഓസ്‌ട്രേലിയക്കെതിരായ സെമിയിൽ വിരാട്‌ കോഹ്‌ലിയെ അപ്പുറത്ത്‌ നിർത്തി ആക്രമിച്ചു കളിച്ചു. കോഹ്‌ലിയുടെ സമ്മർദം ഒഴിവാക്കി വിജയത്തിലേക്ക്‌ അടുപ്പിക്കലായിരുന്നു ലക്ഷ്യം. 34 പന്തിൽ 42 റണ്ണുമായി പുറത്തായില്ല. രണ്ടുവീതം സിക്‌സറും ഫോറും പറത്തി. എന്നാൽ, ഫൈനലിൽ ഇത്ര വേഗമുണ്ടായില്ല. നാലിന്‌ 183 റണ്ണെന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴാണ്‌ ക്രീസിലെത്തിയത്‌. ക്ഷമയോടെ ബാറ്റേന്തി. ഓരോ പന്തിലും റൺ നേടി. അനായാസം സ്‌ട്രൈക്ക്‌ കൈമാറി. ഓരോ സിക്‌സറും ഫോറുമായിരുന്നു അകമ്പടി. ചാമ്പ്യൻസ്‌ ട്രോഫിയോടെ ആറാംനമ്പർ സ്ഥാനം രാഹുൽ ഉറപ്പിച്ചു. 2027ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഈ മധ്യനിര ബാറ്ററിൽനിന്ന്‌ ഒരുപാട്‌ പ്രതീക്ഷിക്കാം.





deshabhimani section

Related News

View More
0 comments
Sort by

Home