ഓൾ റൗണ്ടർ ടൈഗേഴ്‌സ്

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കിരീടധാരണം സമ്പൂർണ ആധിപത്യത്തോടെ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ടീം മികവുകാട്ടി. 12 കളിയിൽ പത്തും ജയിച്ചാണ് നേട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ പത്തിൽ രണ്ട് തോൽവിമാത്രം. 16 പോയിന്റ് നേടി ഒന്നാമതായാണ് സെമിയിലെത്തിയത്. കലിക്കറ്റ് ഗ്ലോബ്‌സ്‌റ്റാർസിനെ 15 റണ്ണിന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. ആദ്യ സീസണിൽ ജേതാക്കളായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ 75 റണ്ണിന് തകർത്താണ് കന്നിക്കിരീടം സ്വന്തമാക്കിയത്.
താരലേലംമുതൽ ടീം ശ്രദ്ധാകേന്ദ്രമായിരുന്നു. ഇന്ത്യൻ താരമായ സഞ്‌ജു സാംസൺ ടീമിലെത്തിയതായിരുന്നു സവിശേഷത. 26.8 ലക്ഷം രൂപക്കാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. അതായത് ചെലവഴിക്കാവുന്ന തുകയുടെ പകുതിയിലധികം മുടക്കി. സഞ്ജുവിന്റെ ജ്യേഷ്‌ഠൻ സാലി സാംസൺ ക്യാപ്‌റ്റനായതും കൗതുകമായി. കഴിഞ്ഞ സീസണിൽ 10 കളിയിൽ മൂന്നെണ്ണംമാത്രം ജയിച്ച് സെമിയിലെത്താൻ കഴിയാതിരുന്ന ടീമാണ് ഇക്കുറി യുവനിരയെ ഇറക്കി വെന്നിക്കൊടി പാറിച്ചത്.
കേരളത്തിന്റെ പ്രമുഖതാരവും ഇന്ത്യൻ അണ്ടർ 19 ടീമംഗവുമായിരുന്ന റൈഫി വിൻസെന്റ് ഗോമസായിരുന്നു മുഖ്യപരിശീലകൻ. മുൻ രഞ്ജിതാരം സി എം ദീപക്ക് കോച്ചിങ് ഡയറക്ടറായി. സഞ്‌ജുവിന്റെ സാന്നിധ്യം ആറ് കളിയിൽ മാത്രമായിരുന്നെങ്കിലും അത് നൽകിയ ഉൗർജം വലുതായിരുന്നു. ക്യാപ്‌റ്റനെന്നനിലയിൽ സാലിയുടെ തന്ത്രങ്ങളും കോച്ച് റൈഫിയുടെ തീരുമാനങ്ങളും നിർണായകമായി.
റണ്ണടിയിൽ ഓപ്പണർ വിനു മനോഹരന്റെ മികവ് നേട്ടമായി. 12 കളിയിൽ 414 റണ്ണടിച്ച് പട്ടികയിൽ മൂന്നാമതെത്തി. സഞ്‌ജു ആറ് കളിയിൽ 368 റണ്ണെടുത്തു. ബൗളർമാരിൽ കെ എം ആസിഫ് എട്ട് കളിയിൽ 16 വിക്കറ്റ് നേടി. മുഹമ്മദ് ആഷിഖിന് 10 കളിയിൽ 16 വിക്കറ്റുണ്ട്. പി എസ് ജെറിൻ 12 കളിയിൽ 15 വിക്കറ്റ് പിഴുതു.
വലവിരിച്ച് ഐപിഎൽ ടീമുകൾ
കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾക്കായി ഐപിഎൽ ടീമുകൾ രംഗത്ത്. ഭൂരിഭാഗം ഐപിഎൽ ക്ലബ്ബുകളും കെസിഎല്ലിനായി നിരീക്ഷകരെ നിയമിച്ചിരുന്നു. അഖിൽ സ്‌കറിയ, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് ഇനാൻ, സൽമാൻ നിസാർ തുടങ്ങിയ താരങ്ങളിൽ താൽപ്പര്യം അറിയിച്ച് ക്ലബ്ബുകൾ രംഗത്തുണ്ടെന്നാണ് സൂചന. ഇൗവർഷം അവസാനം ഐപിഎൽ മിനി ലേലമുണ്ട്. ഇതിലൂടെ കേരള താരങ്ങളെ സ്വന്തമാക്കാനാണ് ലക്ഷ്യം. ഇതിനുമുമ്പായി ചില ടീമുകൾ ട്രയൽസും നടത്തും. ഇതിലേക്കും കളിക്കാർ ക്ഷണിക്കപ്പെടും.









0 comments