കെസിഎ പിങ്ക് ട്വന്റി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

kca pink t20 cricket
വെബ് ഡെസ്ക്

Published on May 15, 2025, 03:37 PM | 2 min read

തിരുവനന്തപുരം: കെസിഎ പിങ്ക് ട്വന്റി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പേൾസ് ചാമ്പ്യന്മാർ. ഫൈനലിൽ എമറാൾഡിനെ പത്ത് റൺസിന് തോല്പിച്ചാണ് പേൾസ് കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ 81 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് 17.3 ഓവറിൽ 71 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. പേൾസിന് വേണ്ടി 16 റൺസെടുക്കുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത മൃദുല വി എസ് ആണ് പ്ലെയർ ഓഫ് ദി മാച്ച്.


ഇരു ടീമുകളുടെയും ബാറ്റർമാർ നിരാശപ്പെടുത്തിയ മത്സരത്തിൽ ബൗളർമാരുടെ പ്രകടനമാണ് നിർണ്ണായകമായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പേൾസിന് തുടക്കം മുതൽ വിക്കറ്റുകൾ മുറയ്ക്ക് വീണു. 17 റൺസെടുത്ത നിയ നസ്നീൻ്റെയും 16 റൺസെടുത്ത മൃദുല വി എസിൻ്റെയും പ്രകടനമാണ് പേൾസിൻ്റെ സ്കോർ 81 വരെയെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ നജ്ല സിഎംസിയും രണ്ട് വിക്കറ്റെടുത്ത അലീന എം പിയുമാണ് എമറാൾഡിന് വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞത്.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡിന് ഓപ്പണർ മാളവിക സാബുവിൻ്റെ (5) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. വൈഷ്ണയും (14) നിത്യയും 916) ചേർന്ന കൂട്ടുകെട്ട് എമറാൾഡിന് പ്രതീക്ഷ നല്കിയെങ്കിലും സ്കോർ 35ൽ നില്ക്കെ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. ക്യാപ്റ്റൻ നജ്ല പൂജ്യത്തിന് പുറത്തായി. തുടർന്നെത്തിയവരിൽ 15 റൺസെടുത്ത അനുഷ്കയ്ക്ക് മാത്രമാണ് പിടിച്ചുനില്ക്കാനായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ഷാനിയാണ് പേൾസ് ബൌളിങ് നിരയിൽ തിളങ്ങിയത്. മൃദുല, കീർത്തി ജെയിംസ്, നിയ നസ്നീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


221 റൺസും 15 വിക്കറ്റുകളും നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ എമറാൾഡ് ക്യാപ്റ്റൻ നജ്ല സിഎംസിയാണ് ടൂർണ്ണമെൻ്റിൻ്റെ താരം. സാഫയറിൻ്റെ ക്യാപ്റ്റൻ അക്ഷയ സദാനന്ദൻ ടൂർണ്ണമെൻ്റിലെ മികച്ച ബാറ്ററായും റൂബിയുടെ വിനയ സുരേന്ദ്രൻ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. പേൾസിൻ്റെ 14 വയസ് മാത്രം പ്രായമുള്ള കൗമാര താരം ആര്യനന്ദ എൻ എസ് ആണ് പ്രോമിസിങ് യങ്സ്റ്റർ. 172 റൺസും ഒൻപത് വിക്കറ്റും നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങിയ മികവാണ് ആര്യനന്ദയെ പുരസ്കാരത്തിന് അർഹയാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Home