കെസിഎ- എൻഎസ്കെ ട്വന്റി 20; ആലപ്പുഴയ്ക്കും തൃശൂരിനും വിജയത്തുടക്കം

തിരുവനന്തപുരം: മൂന്നാമത് കെസിഎ- എൻഎസ്കെ ട്വന്റി 20 ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ആദ്യ ദിനത്തിൽ തൃശൂരും ആലപ്പുഴയും ജയിച്ചു തുടങ്ങി. ആലപ്പുഴ ഇടുക്കിയെ 28 റൺസിനും തൃശൂർ കാസർകോടിനെ ഒമ്പത് വിക്കറ്റിനുമാണ് തോല്പിച്ചത്.
ആദ്യ മത്സരത്തിൽ വിഷ്ണുരാജിൻ്റെ തകർപ്പൻ ഇന്നിങ്സാണ് ആലപ്പുഴയ്ക്ക് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പുഴ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. 53 പന്തുകളിൽ എട്ട് ഫോറും മൂന്ന് സിക്സുമടക്കം 80 റൺസാണ് വിഷ്ണുരാജ് നേടിയത്. ആകാശ് പിള്ള 39 റൺസും നേടി. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 99 റൺസ് പിറന്നു. ഇടുക്കിയ്ക്ക് വേണ്ടി ക്യാപ്റ്റൻ അഖിൽ സ്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇടുക്കിയ്ക്ക് വേണ്ടി 33 റൺസെടുത്ത വിഷ്ണു ബാബുവും 34 റൺസെടുത്ത ആനന്ദ് ജോസഫും മാത്രമാണ് തിളങ്ങിയത്. ജോബിൻ ജോബി 21ഉം അഖിൽ സ്കറിയ 12ഉം റൺസെടുത്ത് പുറത്തായി. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് ഇടുക്കിയ്ക്ക് നേടാനായത്. ആലപ്പുഴയ്ക്ക് വേണ്ടി വിധുൻ വേണുഗോപാൽ മൂന്നും ബാലു ബാബു രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം മല്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാസർഗോഡിന് 20 ഓവറിൽ എട്ട് വിക്കറ്റിന് 128 റൺസ് മാത്രമാണ് നേടാനായത്. 52 റൺസെടുത്ത അൻഫൽ മാത്രമാണ് കാസർഗോഡ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. അഹ്മദ് ഇഹ്തിഷാം 28 റൺസെടുത്തു. തൃശൂരിന് വേണ്ടി ഷറഫുദ്ദീൻ മൂന്നും അർജുൻ വേണുഗോപാൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് 10 റൺസെടുത്ത അരുണിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ആകർഷും റിയ ബഷീറും ചേർന്ന കൂട്ടുകെട്ട് അനായാസ വിജയമൊരുക്കി. ആകർഷ് 53ഉം റിയ ബഷീർ 60 റൺസുമായി പുറത്താകാതെ നിന്നു. 16 പന്തുകൾ ബാക്കി നില്ക്കെ തൃശൂർ ലക്ഷ്യത്തിലെത്തി.
തിുവനന്തപുരം തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൌണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. 15 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മല്സരങ്ങൾ. എ ഗ്രൂപ്പിൽ ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർഗോഡ്, ഇടുക്കി ടീമുകളും ബി ഗ്രൂപ്പിൽ തിരുവനന്തപുരം, കണ്ണൂർ,കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട ടീമുകളും സി ഗ്രൂപ്പിൽ എറണാകുളം, കൊല്ലം, വയനാട്, കോട്ടയം, കംബൈൻഡ് ഡിസ്ട്രിക്ട് എന്നീ ടീമുകളുമാണ് ഉള്ളത്.









0 comments