6 ഇന്നിങ്സിൽ 131 റൺ
തിരിച്ചുവരവിൽ തിളങ്ങാതെ കരുൺ


Sports Desk
Published on Jul 16, 2025, 12:00 AM | 1 min read
ലോർഡ്സ്
എട്ട് വർഷത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുൺ നായർ വീണ്ടും മങ്ങുന്നു. രണ്ടാംവരവിൽ മുപ്പത്തിമൂന്നുകാരൻ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടർച്ചയായ ആറ് ഇന്നിങ്‌സിലും തിളങ്ങാനായില്ല. മാഞ്ചസ്‌റ്ററിലെ നാലാം ടെസ്‌റ്റിൽ കരുണിന് അവസരം കിട്ടുമെന്ന് ഉറപ്പില്ല. യുവതാരം ബി സായ്‌സുദർനെ കളിപ്പിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരെ ആറ് ഇന്നിങ്‌സിൽ 131 റൺമാത്രമാണ് സമ്പാദ്യം. ബാറ്റിങ് ശരാശരി 22ന് താഴെ. 40 റണ്ണാണ് ഉയർന്ന സ്‌കോർ. 2016ൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്‌റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയാണ് കരുൺ വരവറിയിച്ചത്. എന്നാൽ ആ മികവ് പിന്നീടൊരിക്കലും നിർത്താനായില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് വീണ്ടും ഇന്ത്യൻ കുപ്പായത്തിലേക്ക് വഴിതുറന്നത്. തിരിച്ചുവരവിലെ ആദ്യ ഇന്നിങ്‌സിൽ റണ്ണെടുക്കുംമുമ്പ് പുറത്താകുകയായിരുന്നു. പരിശീലന മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടി പ്രതീക്ഷ നൽകിയതാണ്.
അവസാന രണ്ട് ടെസ്‌റ്റിൽ മികച്ച തുടക്കം കിട്ടിയശേഷമാണ് വിക്കറ്റ് കളഞ്ഞത്. ലോർഡ്‌സിൽ 40, 14 എന്നിങ്ങനെയായിരുന്നു സ്‌കോർ. അതേസമയം, കരുണിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിനും. ഇരുപത്തിമൂന്നുകാരൻ സായ് സുദർശന് വീണ്ടും അവസരം നൽകണമെന്ന വാദമുയരുന്നുണ്ട്. അരങ്ങേറ്റ ഇന്നിങ്‌സിൽ റണ്ണെടുക്കാതെ പുറത്തായ ഇടംകൈയൻ ബാറ്റർ രണ്ടാം ഇന്നിങ്‌സിൽ 30 റണ്ണിനാണ് മടങ്ങിയത്. ശേഷം അവസരം കിട്ടിയില്ല.









0 comments