281 പന്തിൽ 204 റൺ
രണ്ടാംവരവ് ; കരുൺ നായരുടെ ഇരട്ടസെഞ്ചുറി


Sports Desk
Published on Jun 01, 2025, 02:48 AM | 1 min read
കാന്റെർബെറി
ഇതിലും മനോഹരമായ തിരിച്ചുവരവ് സ്വപ്നങ്ങളിൽ മാത്രം! ഇംഗ്ലണ്ട് ലയൺസിനെതിരായ കരുൺ നായരുടെ ഇരട്ടസെഞ്ചുറി പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. എട്ട് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച മുപ്പത്തിമൂന്നുകാരന് പലതും തെളിയിക്കാനുണ്ടായിരുന്നു. 20ന് തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയ്‌ക്ക് മുന്നോടിയായി കിട്ടിയ അവസരമായിരുന്നു ഇന്ത്യ എ ടീമിലെ സ്ഥാനം. ലയൺസിനെതിരായ ചതുർദിന സന്നാഹത്തിൽ തകർപ്പൻ ഇരട്ടസെഞ്ചുറിയോടെ മലയാളി ബാറ്റർ സെലക്ടർമാരുടെ തീരുമാനം ശരിയെന്നുറപ്പിച്ചു. 281 പന്തിൽ 204 റണ്ണാണ് കരുൺ അടിച്ചെടുത്തത്.
വിരാട് കോഹ്‌ലിയും ക്യാപ്‌റ്റൻ രോഹിത് ശർമയും വിരമിച്ചതിന് പിന്നാലെയുള്ള ആദ്യ പരമ്പരയിൽ പുതിയ സംഘമാണ് ഇന്ത്യക്ക്. ഇരുപത്തഞ്ചുകാരൻ ശുഭ്‌മാൻ ഗിൽ ക്യാപ്‌റ്റനായി അരങ്ങേറുന്നു. സായ് സുദർശൻ, അർഷ്‌ദീപ് സിങ് എന്നീ പുതുമുഖങ്ങളും. കോഹ്‌ലിയും രോഹിതും ഒഴിച്ചിട്ട സ്ഥാനങ്ങളിൽ ആ വിടവ് നികത്താൻ യുവതാരങ്ങൾക്കാകുമോ എന്ന ആശങ്കയുണ്ട്. കോഹ്‌ലിയുടെ നാലാം നമ്പറിൽ ഗിൽ കളിക്കും. ഇതോടെ മൂന്നാം നമ്പറിൽ ഒഴിവ് വരും. ആഭ്യന്തര സീസണിൽ ഉജ്വലമായി ബാറ്റേന്തിയ കരുണായിരുന്നു സെലക്ടർമാരുടെ മനസ്സിൽ. ഈ സീസണിൽ ഒമ്പത് സെഞ്ചുറികളാണ് നേടിയത്. വിരേന്ദർ സെവാഗിനുശേഷം ഇന്ത്യക്കായി ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ താരത്തിന്റെ പരിചയസമ്പത്തും പരിഗണിച്ചു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിച്ച അനുഭവവും വലംകൈയന് തുണയായി.
ഇംഗ്ലണ്ടിനെതിരെ മൂന്നാം നമ്പറിൽ കരുണിനെ കളിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ത്യ എ കുപ്പായത്തിൽ നടത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകാമെന്നാണ് ടീം മാനേജ്‌മെന്റ് കണ്ടത്. ലയൺസിനെതിരെ മൂന്നാം നമ്പറിലെത്തി 435 മിനിറ്റാണ് ബാറ്റ് വീശിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റണ്ണെന്ന നിലയിൽ പതറിയപ്പോൾ സമ്മർദത്തെ അതിജീവിച്ച് ടീമിനെ കരകയറ്റി. ലയൺസ് പേസർമാരുടെ പന്തുകളെ അനായാസം നേരിട്ടു. ഒരു സിക്‌സറും 26 ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ഒന്നാംക്ലാസ് ക്രിക്കറ്റിലെ നാലാം ഇരട്ടസെഞ്ചുറിയാണിത്. ഇംഗ്ലീഷ് മണ്ണിലെ രണ്ടാമത്തേതും.
ആറിന് നടക്കുന്ന രണ്ടാം കളിയിലും സ്ഥിരത കാട്ടിയാൽ സീനിയർ ടീമിന്റെ മൂന്നാം നമ്പറിൽ കരുണിനെ കാണാം.









0 comments