എട്ട്‌ വർഷങ്ങൾക്ക്‌ ശേഷം ടെസ്റ്റ്‌ ടീമിൽ തിരിച്ചെത്തി കരുൺ നായർ, സായ്‌ സുദർശനും അർഷ്‌ദീപും പുതുമുഖങ്ങൾ

Sai sudharshan Ardeep Singh Karun nair
avatar
Sports Desk

Published on May 24, 2025, 03:51 PM | 2 min read

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. രോഹിത്‌ ശർമ, വിരാട്‌ കോഹ്‌ലി, ആർ അശ്വിൻ എന്നീ താരങ്ങളുടെ ടെസ്റ്റ്‌ ഫോർമാറ്റിൽ നിന്നുള്ള വിരമിക്കലിന്‌ ശേഷം നടക്കുന്ന ആദ്യ പരമ്പരയിൽ, തലമുറമാറ്റം സൂചിപ്പിച്ചുകൊണ്ടുള്ള ടീമാണ്‌ ഇന്ത്യൻ ടീം മാനേജ്‌മെന്റ്‌ പ്രഖ്യാപിച്ചത്‌. ശുഭ്‌മാൻ ഗില്ലിനെ ക്യാപ്‌റ്റനായും ഋഷഭ്‌ പന്തിനെ വൈസ്‌ ക്യാപ്‌റ്റനായും തീരുമാനിച്ച്‌ പ്രഖ്യാപിച്ച ടീമിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും, ടീമിൽ കുറച്ച്‌ കാലമായി അവസരം ലഭിക്കാതിരുന്ന താരങ്ങളെ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്‌.


എട്ട്‌ വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം കരുൺ നായർ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ വീണ്ടും ഇന്ത്യൻ ജെഴ്‌സിയണിയാൻ തയ്യാറെടുക്കുകയാണ്. ഒപ്പം ടീമിൽ രണ്ട്‌ പുതുമുഖങ്ങളും ഉൾപ്പെട്ടിട്ടുണ്ട്‌. സായ്‌ സുദർശൻ, അർഷ്‌ദീപ്‌ സിങ്‌ എന്നിവരാണ്‌ ടെസ്റ്റ്‌ ടീമിലെ പുതുമഖ താരങ്ങൾ.


കരുൺ നായർ


രണ്ട്‌ ബാറ്റർമാർ മാത്രമേ ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ളൂ. വീരേന്ദർ സെവാഗും കരുൺ നായരും. 2016ൽ ഇംഗ്ലണ്ടിനെതിരെയാണ്‌ കരുൺ നായർ ട്രിപ്പിൾ സെഞ്ചുറി തികയ്‌ക്കുന്നത്‌. അന്ന്‌ പുറത്താകാതെ 303 റൺസെടുത്ത കരുൺ, ഇന്ത്യൻ ടെസ്റ്റ്‌ ടീമിന്റെ ഭാവിയായിരുക്കുമെന്ന്‌ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിന്‌ നേർ വിപരീതമായാണ്‌ കാര്യങ്ങൾ സംഭവിച്ചത്‌. ട്രിപ്പിൾ സെഞ്ചുറി നേടി മാസങ്ങൾ കഴിയുന്നതിന്‌ മുന്നേ തന്നെ കരുണിന്‌ ടീമിലെ സ്ഥാനം നഷ്ടമായി.


ആഭ്യന്തര ക്രിക്കറ്റിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ്‌ ഇപ്പോൾ കരുണിന്‌ ടീമിലേക്ക്‌ രണ്ടാം വരവൊരുക്കുന്നത്‌. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ ചാമ്പ്യൻമാരായ വിദർഭയുടെ പ്രധാന താരം കരുൺ നായരായിരുന്നു. നാല്‌ സെഞ്ചുറികളുൾപ്പെടെ ആകെ 863 റൺസാണ്‌ കരുൺ കഴിഞ്ഞ രഞ്ജി സീസണിൽ നേടിയത്‌. വിജയ്‌ ഹസാരെ ട്രോഫിയിൽ അഞ്ച്‌ സെഞ്ചുറിയുൾപ്പെടെ 779 റൺസും നേടി. ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ കളിക്കാനുള്ള മികവ്‌ കൂടിയാണ്‌ കരുണിന്റെ തിരിച്ചുവരവിനുള്ള പ്രധാന കാരണം.


അർഷ്‌ദീപ്‌ സിങ്


വൈറ്റ്‌ ബോൾ ക്രിക്കറ്റിൽ തുടരുന്ന മികച്ച പ്രകടനമാണ്‌ അർഷ്‌ദീപ്‌ സിങ്ങിന്‌ ടെസ്റ്റ്‌ ടീമിലേക്ക്‌ വഴിയൊരുക്കിയത്‌. 2022 മുതൽ ഇന്ത്യയുടെ ട്വന്റി 20 ടീമിൽ സജീവമായ അർഷ്‌ദീപ്‌ പേസ്‌ ബൗളിങ്ങിലെ ടീമിന്റെ പുതിയ മുഖം കൂടിയാണ്‌. കഴിഞ്ഞ വർഷം മുതൽ ഏകദിന ഫോർമാറ്റിലും കളിച്ച തുടങ്ങിയ അർഷ്‌ദീപ്‌‍, ഇന്ത്യ ചാമ്പ്യൻസ്‌ ട്രോഫി നേടുന്നതിലും നിർണായക പങ്ക്‌ വഹിച്ചു. ഇന്ത്യ ട്വന്റി 20 ലോകകപ്പ്‌ നേടിയ സ്‌ക്വാഡിലും അർഷ്‌ദീപ്‌ അംഗമായിരുന്നു.


ഐപിഎല്ലിന്റെ ഈ വർഷത്തെ പതിപ്പിലും മികച്ച പ്രകടനമാണ്‌ അർഷ്‌ദീപ്‌ പുറത്തെടുത്തത്‌. 21.93 ശരാശരിയിൽ 12 മത്സരങ്ങളിൽ നിന്നായി 16 വിക്കറ്റുകളാണ്‌ താരം പഞ്ചാബിനായി നേടിയത്‌. ഈ പ്രകടനം 11 വർഷങ്ങൾക്ക്‌ ശേഷം പഞ്ചാബ് കിങ്‌സിനെ ഐപിഎൽ പ്ലേ ഓഫിലെത്തിച്ചു. ഇന്ത്യ എ ടീമിന്‌ വേണ്ടി റെഡ്‌ ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്‌ചവച്ചതും ടെസ്റ്റ്‌ ടീമിലേക്കുള്ള അർഷ്‌ദീപിന്റെ പ്രവേശനം എളുപ്പമാക്കി.


സായ്‌ സുദർശൻ


ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരങ്ങളിലൊന്നായി വിലയിരുത്തുന്ന താരമാണ്‌ തമിഴ്‌ നാടിന്റെ 22 കാരനായ സായ്‌ സുദർശൻ. ഈ സീസണിൽ, റെഡ്‌ ബോൾ ക്രിക്കറ്റിൽ വളരെ കുറച്ച്‌ മത്സരങ്ങൾ മാത്രമേ സായ്‌ കളിച്ചുള്ളുവെങ്കിലും മികച്ച പ്രകടനമാണ്‌ താരം പുറത്തെടുത്തത്‌. മൂന്ന്‌ മത്സരങ്ങളിൽ പാഡണിഞ്ഞ സായ്‌ സുദർശൻ, ഒരു ഡബിൾ സെഞ്ചുറിയുൾപ്പെടെ 303 റൺസാണ്‌ നേടിയത്‌.


ഐപിഎല്ലിന്റെ ഈ സീസണിൽ, നിലവിൽ ഏറ്റവും കൂടുതൽ റൺസ്‌ നേടിയ താരവും സായ്‌ സുദർശനാണ്‌. ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ എ ടീമിന്റെ പരമ്പരയിലും സായ്‌ അംഗമാണ്‌.

Related News



deshabhimani section

Related News

View More
0 comments
Sort by

Home