ഗില്ലും ശ്രേയസും വരുമോ ; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ട്വന്റി20 ടീം ഇന്ന്

ശുഭ്മാൻ ഗിൽ / ശ്രേയസ് അയ്യർ / ജസ്പ്രീത് ബുമ്ര

Sports Desk
Published on Aug 19, 2025, 03:17 AM | 2 min read
മുംബൈ
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ടെസ്‌റ്റ് ടീം ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും മധ്യനിര ബാറ്റർ ശ്രേയസ് അയ്യരും ടീമിൽ ഇടംപിടിക്കുമോ എന്നതാണ് ആകാംക്ഷ. അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ടീമിനെ പ്രഖ്യാപിക്കുക. സെപ്‌തംബർ ഒമ്പതിനാണ് ഏഷ്യാ കപ്പ്. ഇന്ത്യയുടെ ആദ്യ മത്സരം പത്തിന് ബംഗ്ലാദേശുമായാണ്.
നിലവിലെ ടീമിൽ വലിയ മാറ്റങ്ങൾ വേണ്ടതില്ലെന്നാണ് പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട്. ഇൗ സാഹചര്യത്തിൽ ഗില്ലും ശ്രേയസും എത്തിയാൽ എവിടെ കളിപ്പിക്കുമെന്നതാണ് ആശങ്ക. ടെസ്‌റ്റ് ടീം ഓപ്പണർ യശസ്വി ജയ്‌സ്വാളാണ് തിരിച്ചുവരവിനായി ഒരുങ്ങുന്ന മറ്റൊരു ബാറ്റർ. ഇൗ വർഷം ഇന്ത്യ അഞ്ച് ട്വന്റി20യിൽ മാത്രമാണ് കളിച്ചത്.
നിലവിൽ അഭിഷേക് ശർമയും മലയാളി താരം സഞ്‌ജു സാംസണുമാണ് ഓപ്പണർമാർ. 12 മത്സരങ്ങളിൽ ഇവർ ഒന്നിച്ചിറങ്ങി. ഇൗ വർഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 219.68 പ്രഹരശേഷിയിൽ 279 റണ്ണടിച്ച അഭിഷേക് സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. പരമ്പരയിൽ 54 പന്തിൽ 135 റണ്ണുമടിച്ചു. ട്വന്റി20 ബാറ്റർമാരിലെ ഒന്നാംറാങ്കുകാരൻ കൂടിയാണ് ഇടംകൈയൻ. സ്‌പിൻ ബൗളറായും ഉപയോഗിക്കാം.
മറുവശത്ത് ഇംഗ്ലണ്ടുമായുള്ള പരമ്പര സഞ്‌ജുവിന് നല്ലതായിരുന്നില്ല. ഐപിഎല്ലിൽ പരിക്കുകാരണം തിളങ്ങാനുമായില്ല. എങ്കിലും കഴിഞ്ഞ വർഷം അഞ്ച് ഇന്നിങ്‌സിൽ മൂന്ന് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പറെ ഒഴിവാക്കാൻ ഗംഭീർ ഒരുക്കമല്ല.
സഞ്‌ജുവിന്റെ സ്ഥാനത്തിനായി ഗില്ലും ജയ്‌സ്വാളുമാണ് രംഗത്ത്. ജയ്‌സ്വാൾ കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ പകരക്കാരൻ ഓപ്പണറായി ടീമിലുണ്ടായിരുന്നു. ഗിൽ സിംബാബ്‌വെക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിച്ചു. ശ്രീലങ്കയ്‌ക്കെതിരെ വൈസ് ക്യാപ്‌റ്റനുമായി.
മൂന്നാം നമ്പറിൽ തിലക് വർമയാണുള്ളത്. അഭിഷേകിനെയും സഞ്‌ജുവിനെയും പോലെ സമീപകാലത്ത് മികച്ച പ്രകടനമാണ് തിലകിന്റേത്. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിൽ രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 280 റണ്ണടിച്ചു. ഐപിഎല്ലിൽ പക്ഷേ, ശരാശരി പ്രകടനമായിരുന്നു.
തിലകിന്റെ സ്ഥാനത്തിന് ശ്രേയസാണ് വാദമുന്നയിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ 604 റണ്ണായിരുന്നു നേടിയത്. 175.07 പ്രഹരശേഷിയും. സ്‌പിന്നർമാർക്കെതിരെ മികച്ച റെക്കോഡുമാണ്.
നാലാം നമ്പറിൽ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിന് എതിരില്ല. സഞ്‌ജുവിനെ ഉൾപ്പെടുത്തിയില്ലെങ്കിൽ അഞ്ചാം നമ്പറിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ഇറങ്ങും. ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയുടെയും അക്‌സർ പട്ടേലിന്റെയും സ്ഥാനത്തിന് ഭീഷണിയില്ല.
സ്‌പിൻ വിഭാഗത്തിൽ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും തമ്മിലാണ് മത്സരം. കുൽദീപിന് പരിക്കേറ്റ ഘട്ടത്തിലാണ് വരുൺ രംഗത്തുവന്നത്. കിട്ടിയ അവസരം ഉപയോഗിച്ചു. ഇംഗ്ലണ്ടിനെതിരെ അഞ്ച് കളിയിൽ 14 വിക്കറ്റ് നേടി. പിന്നാലെ ഏകദിന ടീമിലേക്കും അവസരം കിട്ടി.
പേസ്‌നിരയിൽ ജസ്‌പ്രീത് ബുമ്രയും അർഷ്‌ദീപ് സിങ്ങും ഉറപ്പാണ്. മൂന്നാം പേസറായി പ്രസിദ്ധ് കൃഷ്‌ണയ്‌ക്കോ ഹർഷിത് റാണയ്‌ക്കോ ആയിരിക്കും അവസരം കിട്ടുക. മുഹമ്മദ് സിറാജും രംഗത്തുണ്ട്.
വാലറ്റത്തെ ബാറ്റർമാരായ ശിവം ദുബെ, റിയാൻ പരാഗ്, റിങ്കു സിങ് എന്നിവരാണ് പട്ടികയിൽ. ഓൾറൗണ്ടർ വാഷിങ്‌ടൺ സുന്ദറും സാധ്യതയിലുണ്ട്. രമൺദീപ് സിങ്, വിപ്രജ് നിഗം എന്നിവരാണ് സാധ്യതയിലെ മറ്റ് താരങ്ങൾ.









0 comments