ഇന്ത്യയുടെ കൗമാരച്ചിരി

PHOTO: Facebook
ക്വാലാലംപുർ: അണ്ടർ 19 വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നിലനിർത്തി. മലയാളിയായ വി ജെ ജോഷിത ഉൾപ്പെട്ട ടീം ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു. ഏഴു കളിയും ജയിച്ചാണ് തുടർച്ചയായി രണ്ടാംതവണയും ലോകകിരീടം ഉയർത്തിയത്. 52 പന്ത് ശേഷിക്കെയാണ് വിജയം. സ്‌കോർ: ദക്ഷിണാഫ്രിക്ക 82 (20), ഇന്ത്യ 84/1 (11.2).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ സ്‌പിന്നർമാർ തളച്ചു. ഒമ്പത് വിക്കറ്റും സ്‌പിന്നർമാർക്കാണ്. 23 റണ്ണെടുത്ത മൈക് വാൻ വൂസ്റ്റാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ഉയർന്ന സ്‌കോറുകാരി. ലോകകപ്പിലെ താരമായ ജി തൃഷ മൂന്ന് വിക്കറ്റെടുത്തു. വൈഷ്‌ണവി ശർമ, ആയുഷി ശുക്ല, പരുണിക സിസോദിയ എന്നിവർക്ക് രണ്ട് വിക്കറ്റുവീതമുണ്ട്. പേസർ ഷബ്നം ഷക്കീൽ ഒരു വിക്കറ്റ് സ്വന്തമാക്കി. വിജയത്തിലേക്ക് അനായാസമായാണ് ഇന്ത്യ ബാറ്റേന്തിയത്. ഓൾറൗണ്ട് മികവിൽ തൃഷ 33 പന്തിൽ 44 റണ്ണുമായി പുറത്താകാതെ നിന്നു. 26 റണ്ണുമായി സനിക ചൽകേ വിജയത്തിൽ കൂട്ടായി. എട്ടു റണ്ണെടുത്ത ഓപ്പണർ ജി കമാലിനിയുടെ വിക്കറ്റാണ് നഷ്ടമായത്.
വയനാടൻ കുന്നിൽ ലോകകപ്പ് തിളക്കം
വികാസ് കാളിയത്ത്
ലോകകപ്പ് നേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാം. കൗമാരത്തിളക്കത്തിൽ ഒരു മലയാളിയുണ്ട് ടീമിൽ. വയനാട് കൽപ്പറ്റ സ്വദേശി വി ജെ ജോഷിത. ലോകകപ്പിൽ ആറു കളിയിൽ ആറ് വിക്കറ്റാണ് ഈ വലംകൈയൻ പേസ് ബൗളറുടെ സമ്പാദ്യം. ഫൈനലിൽ രണ്ട് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റില്ല. വെസ്റ്റിൻഡീസിനെതിരായ ആദ്യമത്സരത്തിൽ പ്ലെയർ ഓഫ് ദ മാച്ചായി. രണ്ട് ഓവറിൽ അഞ്ചു റൺ വഴങ്ങി രണ്ട് വിക്കറ്റ് നേടി. മലേഷ്യക്കും ബംഗ്ലാദേശിനുമെതിരെ ഓരോ വിക്കറ്റും. ശ്രീലങ്കയ്‌ക്കെതിരെയും രണ്ടുവിക്കറ്റ് നേട്ടം. സെമിയിലും ഫൈനലിലും നന്നായി പന്തെറിഞ്ഞെങ്കിലും വിക്കറ്റില്ല. കേരള ക്രിക്കറ്റ് അസോസിയേഷനുകീഴിലുള്ള കൃഷ്‌ണഗിരിയിലെ വയനാട് ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് താരോദയം. കേരളത്തിന്റെ എല്ലാ വിഭാഗം ടീമിലും അംഗമായി. ലോകകപ്പിനുമുമ്പ് ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്നു. വനിതാ ക്രിക്കറ്റ് ലീഗിനുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിൽ അംഗമാണ്. കൽപ്പറ്റ ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ് പതിനെട്ടുകാരി. ബത്തേരി സെന്റ് മേരീസ് കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥി. കഴിഞ്ഞതവണ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ മലയാളിയായ സി എം സി നജ്‌ല പകരക്കാരിയായി ടീമിലുണ്ടായിരുന്നു.









0 comments