മിന്നി മന്ദാന, ഇന്ത്യക്ക് കിരീടം

കൊളംബോ : ആധികാരിക പ്രകടനത്തോടെ ഇന്ത്യൻ വനിതാ ടീമിന് ത്രിരാഷ്‌ട്ര ക്രിക്കറ്റ് കിരീടം. ഫൈനലിൽ ശ്രീലങ്കയെ 97 റണ്ണിനാണ് തോൽപ്പിച്ചത്. ഓപ്പണർ സ്‌മൃതി മന്ദാനയുടെ (101 പന്തിൽ 116) ഉശിരൻ സെഞ്ചുറിയിൽ ഇന്ത്യ ഏഴിന് 342 റണ്ണാണ് അടിച്ചുകൂട്ടിയത്. മറുപടിയിൽ ശ്രീലങ്ക 48.2 ഓവറിൽ 245ന് പുറത്തായി. സ്‌നേഹ് റാണ നാല് വിക്കറ്റ് വീഴ്‌ത്തി. മന്ദാനയാണ് കളിയിലെ താരം. 15 വിക്കറ്റുമായി സ്‌നേഹ് ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ശ്രീലങ്കൻ മണ്ണിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്ത്യക്ക്. ആകെ ഉയർന്ന സ്‌കോറുകളിൽ നാലാമത്തേതും. മന്ദാനയും പ്രതിക റാവലും ചേർന്ന് മികച്ച തുടക്കം ഇന്ത്യക്ക് നൽകി. ശ്രീലങ്കൻ ഫീൽഡർമാരുടെ മോശം പ്രകടനം ഇന്ത്യയുടെ റണ്ണൊഴുക്കിനെ തുണച്ചു. മന്ദാനയെയും പ്രതികയെയും രണ്ടുവീതം തവണ ലങ്കൻ ഫീൽഡർമാർ കൈവിട്ടു. ആദ്യ വിക്കറ്റ് 70 റണ്ണാണ് നേടിയത്. ശേഷം 30 റണ്ണെടുത്ത പ്രതിക പുറത്തായി. മൂന്നാമതായി എത്തിയ ഹർലീൻ ഡിയോൾ (56 പന്തിൽ 47) മന്ദാനയ്‌ക്ക് പിന്തുണ നൽകി. ഇടംകൈ ബാറ്ററുടെ പതിനൊന്നാം സെഞ്ചുറിയാണിത്. ലങ്കയ്‌ക്കെതിരെ ആദ്യത്തേതും. രണ്ട് സിക്‌സറും 15 ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു.
അവസാന ഓവറുകളിൽ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ (30 പന്തിൽ 41), ജെമീമ റോഡ്രിഗസ് (29 പന്തിൽ 44) എന്നിവർ ചേർന്ന് റണ്ണുയർത്തി. അവസാന പത്തോവറിൽ 90 റണ്ണാണ് നേടിയത്.
ലങ്കയ്‌ക്കായി മറുപടി ബാറ്റിങ്ങിൽ 51 റണ്ണെടുത്ത ക്യാപ്‌റ്റൻ ചമാരി അത്തപ്പത്തു മാത്രം പൊരുതി. സ്‌നേഹിനെ കൂടാതെ മൂന്ന് വിക്കറ്റുമായി അമൻജോത് കൗറും ഇന്ത്യൻ ബൗളർമാരിൽ തിളങ്ങി. 2023നുശേഷം ആദ്യമായാണ് സ്‌നേഹ ഒരു പരമ്പരയിൽ കളിക്കുന്നത്.
ദക്ഷിണാഫ്രിക്കയായിരുന്നു ടൂർണമെന്റിലെ മൂന്നാമത്തെ ടീം. ലങ്കയ്‌ക്കെതിരെ 37 കളിയിൽ ഇന്ത്യ നേടുന്ന 34–-ാം ജയമാണ്. മൂന്നെണ്ണത്തിൽ മാത്രമാണ് തോൽവി.









0 comments