print edition മഴക്കളി വീണ്ടും; ഇന്ത്യക്ക് പരമ്പര

ബ്രിസ്‌ബേയ്‌ൻ : ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര 2–1ന് സ്വന്തമാക്കി ഇന്ത്യ. അഞ്ചാമത്തേയും അവസാനത്തേതുമായ മത്സരം മഴകാരണം ഉപേക്ഷിച്ചു. ആദ്യ കളിയും മഴ മുടക്കിയിരുന്നു. രണ്ടാം മത്സരം ഓസീസ് നേടി. തുടർന്നുള്ള രണ്ട് കളിയും ജയിച്ചാണ് സൂര്യകുമാർ യാദവും സംഘവും പരമ്പര പിടിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഓസീസിനെതിരെ പരന്പര കൈയിലാക്കുന്നത്. അഞ്ച് കളിയിൽ 163 റണ്ണടിച്ച ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയാണ് പരമ്പരയുടെ താരം. വേഗത്തിൽ ആയിരം റൺ തികയ്‌ക്കുന്ന ആദ്യ താരവുമായി ഇടംകൈയൻ.
528 പന്തിൽനിന്നാണ് നേട്ടം. ഓസീസിന്റെ ടിം ഡേവിഡ് കുറിച്ച 569 പന്തിന്റെ റെക്കോഡ് മറികടന്നു.
ബ്രിസ്‌ബെയ്‌നിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്ണെടുത്ത് നിൽക്കെയാണ് മഴയെത്തിയത്. മഴ കനത്തതോടെ കളി ഉപേക്ഷിക്കുകയായിരുന്നു. 13 പന്തിൽ 23 റണ്ണുമായി അഭിഷേകും 16 പന്തിൽ 29 റണ്ണോടെ ശുഭ്‌മാൻ ഗില്ലുമായിരുന്നു ക്രീസിൽ.
അഭിഷേകിനെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങൾ ഓസീസ് പാഴാക്കിയിരുന്നു.
ഒരു തവണ ഗ്ലെൻ മാക്‌സ്‌വെൽ അനായാസ ക്യാച്ച് വിട്ടുകളഞ്ഞു. പിന്നാലെ ബെൻ ഡ്വാർഷുയ്‌സും അവസരം പാഴാക്കി. മറുവശത്ത് ആറ് ബൗണ്ടറികളുമായാണ് ഗിൽ തകർത്തുകളിച്ചത്.
ഇന്ത്യൻ ടീമിൽ തിലക് വർമയ്‌ക്ക് പകരം റിങ്കു സിങ്ങിനെ ഉൾപ്പെടുത്തിരുന്നു. മലയാളി താരം സഞ്‌ജു സാംസണെ തുടർച്ചയായ രണ്ടാം മത്സരത്തിലും പരിഗണിച്ചില്ല.
ഇനി ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യക്ക് കളി. അഞ്ച് മത്സര പരന്പര ഡിസംബർ ഒന്പതിന് തുടങ്ങും.









0 comments