വൻകരയിലെ ജേതാക്കൾ ആരാകും, ഇന്ന് രാത്രി എട്ട് മണി; ഇന്ത്യ അതോ പാകിസ്ഥാനോ

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നാല് പതിറ്റാണ്ട് ദൈർഘ്യമേറിയ കളി ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ നേർക്കുനേർ വരുന്നത്.
എട്ടു കിരീടങ്ങളുമായി ഏഷ്യാ കപ്പിലെ ഏറ്റവും തിളങ്ങുന്ന ടീമാണ് ഇന്ത്യ. രണ്ടു തവണ മാത്രമാണ് പാകിസ്ഥാൻ ചാമ്പ്യന്മാരായിട്ടുള്ളത്. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാന്‍ പരാജയം ഏറ്റുവാങ്ങി.
പൂർണ്ണ ശേഷി പുറത്തെടുത്ത് ഇന്ത്യക്ക് വിജയത്തിലേക്ക് വഴി തുറക്കണം. ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റൗഫും ഫോമിലേക്ക് മടങ്ങിവരുന്നു എന്നത് മാത്രമാണ് പാകിസ്ഥാന്റെ പ്രധാന പ്രതീക്ഷ.
മലയാളി സൂപ്പർ താരം സഞ്ജു സാംസണ് ഒരു ചരിത്രനേട്ടവും ആരാധകർ കാത്തിരിക്കുന്നു. ഫൈനലിൽ 64 റൺസ് കൂടി നേടിയാൽ ഒരു ടി-20 മൾട്ടി നാഷണൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായി മാറാനുള്ള അവസരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എവിടെ കാണാം
ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 8 മണിക്ക് പോരാട്ടം ആരംഭിക്കും. 7.30ന് ആണ് ടോസ്. മത്സരം സോണി നെറ്റ്വർക്കിൽ ലൈവായി കാണാം. ലൈവ് സ്ട്രീം സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ഫാൻകോഡിലും ലഭ്യമാണ്.
ഹസ്തദാന വിവാദവും ആംഗ്യങ്ങളും ഏഷ്യാകപ്പിൽ സ്പോർട്സ് സ്പിരിറ്റിന് അപ്പുറം വാര്‍ത്തയായിരുന്നു. മല്‍സരത്തിന് മുന്‍പുള്ള വാര്‍ത്തസമ്മേളനത്തിൽ ഇന്ത്യ വിട്ടുനിന്നു. പാക്കിസ്ഥാന്‍റെ വാര്‍ത്തസമ്മേളനത്തിൽ ഹസ്താദന വിവാദം ക്യാപ്റ്റന്‍ സല്‍മാന്‍ അഗ വീണ്ടും ഉന്നയിച്ചു. കളിക്കാന്‍ തുടങ്ങിയ ശേഷം ഹസ്തദാനം ചെയ്യാതെ ഒരു മത്സരം പോലും അവസാനിച്ചതായി കണ്ടിട്ടില്ലെന്നായിരുന്നു പാക്ക് ക്യാപ്റ്റന്റെ വാക്കുകൾ. ഫൈനലിലേക്ക് വരുമ്പോൾ സംയമനത്തിന്റെ പ്രതീക്ഷകളാണ്.
സാധ്യത ടീം
ഇന്ത്യ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ , സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്ക്രവർത്തി.
പാകിസ്ഥാൻ: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഘ (സി), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
2025 ലെ ഏഷ്യാ കപ്പ് ജേതാക്കൾക്ക് 2.6 കോടി രൂപ ഏകദേശം 300,000 യുഎസ് ഡോളർ പ്രതിഫലമായി ലഭിക്കും. 2022 ലെ സമ്മാന തുകയിൽ 50% വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. രണ്ടാം സ്ഥാനക്കാർക്ക് ഇപ്പോഴും 1.3 കോടി രൂപ അഥവാ ഏകദേശം 150,000 യുഎസ് ഡോളർ സമ്മാനത്തുക ലഭിക്കും.









0 comments