print edition കുഴിയിൽ ; ദക്ഷിണാഫ്രിക്കയോട് 30 റണ്ണിന് തോറ്റു

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ജയം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ
കൊൽക്കത്ത
സ്വയം കുഴിച്ച കുഴിയിൽ ഒരിക്കൽ കൂടി ഇന്ത്യ വീണു. ഇക്കുറി ദക്ഷിണാഫ്രിക്കയോടാണ് തോൽവി–30 റണ്ണിന്. ഇൗഡൻ ഗാർഡനിൽ മൂന്നാംദിനം ടെംബ ബവുമയും സംഘവും ഇന്ത്യൻ ബാറ്റിങ് നിരയുടെ ചീട്ട് കീറി. സ്വന്തം മണ്ണിൽ കഴിഞ്ഞ ആറ് ടെസ്‌റ്റിനിടെ നാലാം തോൽവിയാണ്.
മൂന്നാംദിനം വെറും 124 റണ്ണായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. പതിമൂന്നാം ടെസ്‌റ്റ് കളിക്കുന്ന സിമോൺ ഹാർമർ എന്ന ഓഫ് സ്‌പിന്നർക്ക് മുന്നിൽ ഇൗയാംപാറ്റകളെ പോലെ കൊഴിഞ്ഞുവീഴുന്ന ഇന്ത്യൻ താരങ്ങളെയാണ് പിന്നീട് കണ്ടത്. മൂന്നക്കം കാണുംമുന്പ് കൂടാരം കയറി. 35 ഓവറിൽ 93 റണ്ണിന് പുറത്ത്. പരിക്കുകാരണം ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ ബാറ്റ് ചെയ്യാനിറങ്ങിയില്ല. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 153നാണ് അവസാനിച്ചത്. 15 വർഷത്തിനുശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യ മണ്ണിൽ ഒരു ജയം നേടുന്നത്. 2010ലായിരുന്നു അവസാന ജയം. ഏറ്റവും ചെറിയ സ്‌കോർ പ്രതിരോധിച്ച് ജയിക്കുന്നതിൽ രണ്ടാംസ്ഥാനമാണ് ആഫ്രിക്കക്കാർക്ക്.
സ്‌കോർ: ദക്ഷിണാഫ്രിക്ക 159, 153; ഇന്ത്യ 189, 93
രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റെടുത്ത ഹാർമറാണ് മാൻ ഓഫ് ദി മാച്ച്.
ഗില്ലിന്റെ അഭാവത്തിലും 124 റൺ ലക്ഷ്യം പിന്തുടരാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യൻ ടീം. ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ട് സ്‌പിന്നർമാർ മാത്രമേയുള്ളൂവെന്നതും അതിന് ബലം നൽകി. എന്നാൽ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. സ്‌കോർ ബോർഡ് തുറക്കുംമുന്പെ യശസ്വി ജയ്‌സ്വാളിനെ പേസർ മാർകോ യാൻസെൺ പറഞ്ഞയച്ചു. അടുത്ത ഓവറിൽ കെ എൽ രാഹുലിന്റെ (1) പ്രതിരോധവും യാൻസൺ തീർത്തു.
വാഷിങ്‌ടൺ സുന്ദറും ധ്രുവ് ജുറേലും ചേർന്ന് കരകയറ്റുകയായിരുന്നു പിന്നീട്. ഹാർമറിന്റെ വരവിൽ ആ ചെറുത്തുനിൽപ്പും അവസാനിച്ചു. സ്‌കോർ 33ൽ നിൽക്കെ ജുറേലിനെ (13) കോർബിൻ ബോഷിന്റെ കൈയിലെത്തിക്കുകയായിരുന്നു. അഞ്ച് റൺ കൂട്ടിചേർക്കുന്നതിനിടെ ഋഷഭ് പന്തും (2) പുറത്ത്. സുന്ദർ–രവീന്ദ്ര ജഡേജ സഖ്യം ചേർന്നപ്പോൾ ഇന്ത്യൻ ടീമിന് പ്രതീക്ഷയുണ്ടായി. എന്നാൽ ജഡേജയുടെ (18) അമിത പ്രതിരോധം വിനയായി. ഹാർമറിന് മുന്നിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് മടങ്ങിയത്. സുന്ദറെ (31) എയ്‌ദർ മാർക്രവും പുറത്താക്കിയതോടെ ഇന്ത്യ തോൽവിമുഖത്തായി. അവസാന ഘട്ടത്തിൽ അക്‌സർ പട്ടേൽ (26) ബൗണ്ടറികളുമായി മുന്നേറിയെങ്കിലും കാര്യമുണ്ടായില്ല. കേശവ് മഹാരാജിന്റെ ഒരോവറിൽ അക്‌സറും മുഹമ്മദ് സിറാജും (0) പുറത്തായതോടെ ഇന്ത്യ അനിവാര്യമായ തോൽവി ഏറ്റുവാങ്ങി.
തോൽവിഭയത്തോടെയാണ് മൂന്നാംദിനം ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ആരംഭിച്ചത്. മൂന്ന് വിക്കറ്റ് കൈയിലിരിക്കൈ 63 റൺ മാത്രം ലീഡായിരുന്നു സന്ദർശകർക്ക്. പക്ഷേ, ക്യാപ്‌റ്റൻ ബവുമയും വാലറ്റവും ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ പൊരുതികളിക്കുകയായിരുന്നു. ഇന്ത്യയുടെ നാല് സ്‌പിന്നർമാരെയും കൃത്യമായി പ്രതിരോധിച്ചു.
ഗില്ലിന് പകരം ടീമിനെ നിയന്ത്രിച്ച വൈസ് ക്യാപ്‌റ്റൻ ഋഷഭ് പന്തിന് കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല. ഏഴിന് 91 റണ്ണെന്ന നിലയിൽ ഒത്തുചേർന്ന ബവുമയും കോർബിൻ ബോഷും 44 റണ്ണിന്റെ നിർണായക കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ബോഷ് 25 റണ്ണെടുത്തപ്പോൾ ബവുമ 55 റണ്ണുമായി പുറത്താകാതെനിന്നു.
രണ്ടാം ടെസ്‌റ്റ് 22ന് ഗുവാഹത്തിയിൽ നടക്കും.
ആവശ്യപ്പെട്ട പിച്ചെന്ന് ഗംഭീർ
ഇന്ത്യൻ ടീം ആവശ്യപ്പെട്ട പിച്ചാണ് കൊൽക്കത്ത ഇൗഡൻ ഗാർഡനിൽ ലഭിച്ചതെന്ന് കോച്ച് ഗൗതം ഗംഭീർ പറഞ്ഞു. സ്‌പിന്നർമാർക്ക് അനുകൂലമായിരുന്നു പിച്ച്. ആവശ്യപ്പെട്ട രീതിയിലാണ് ക്യുറേറ്റർ പിച്ച് തയ്യാറാക്കിയത്. 124 റൺ എടുത്ത് ജയിക്കാവുന്ന സാഹചര്യമായിരുന്നു. ബാറ്റർമാർക്ക് കളിക്കാൻ പറ്റാത്തതൊന്നും പിച്ചിൽ ഉണ്ടായിരുന്നില്ലെന്ന് ഗംഭീർ സമ്മതിച്ചു.
ഇന്ത്യൻ ടീം ആവശ്യപ്പെട്ട പ്രകാരമാണ് പിച്ച് തയ്യാറാക്കിയതെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ സൗരവ് ഗാംഗുലിയും വ്യക്തമാക്കി. നാല് ദിവസം പിച്ച് നനച്ചിട്ടില്ല. ഇക്കാര്യത്തിൽ ക്യുറേറ്റർ സുജൻ മുഖർജിയെ ബലിയാടാക്കാൻ പറ്റില്ലെന്ന് ഗാംഗുലി പറഞ്ഞു.
ഇന്ത്യയുടെ ‘ചെറിയ’ തോൽവികൾ
ചെറിയ സ്‌കോർ പിന്തുടർന്ന് ലക്ഷ്യം കാണുന്നതിൽ ഇന്ത്യ പരാജയപ്പെടുന്നത് ഇതാദ്യമായല്ല. 1997ൽ വെസ്‌റ്റിൻഡീസിനെതിരെ 120 റൺ ലക്ഷ്യവുമായി ഇന്ത്യ 81 റണ്ണിന് പുറത്താകുകയായിരുന്നു. ന്യൂസിലൻഡിനോട് കഴിഞ്ഞ വർഷം 147 റൺ ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം 121ന് പുറത്തായി. ദക്ഷിണാഫ്രിക്ക ഇത് രണ്ടാംതവണയാണ് ചെറിയ സ്‌കോർ പ്രതിരോധിക്കുന്നത്. ഇതിന് മുന്പ് 1994ൽ ഓസ്‌ട്രേലിയയോട് 117 റൺ പ്രതിരോധിച്ചിരുന്നു.









0 comments