അറബ് മണ്ണിൽ ഇന്ത്യയുടെ സംഘഗാനം

image credit bcci facebook
ദുബായ് : കാൽനൂറ്റാണ്ടിനുശേഷം അറബ് മണ്ണിൽ ഇന്ത്യയുടെ മധുരപ്രതികാരം. 2000ൽ ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ന്യൂസിലൻഡ് ഒരേയൊരു തവണ ചാമ്പ്യൻസ് ട്രോഫി നേടിയത്. 25 വർഷത്തിനുശേഷം ദുബായിൽ ഇന്ത്യ ന്യൂസിലൻഡിനെ കീഴടക്കുന്നതും നാല് വിക്കറ്റിനാണ്. ഒറ്റക്കളിയും തോൽക്കാതെയാണ് മൂന്നാംതവണ ജേതാക്കളാകുന്നത്. 2002ൽ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത ജേതാക്കളായ ഇന്ത്യ 2013ലും കിരീടമണിഞ്ഞു.
കലാശപ്പോരിൽ 58–-ാം അർധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്‌റ്റൻ രോഹിത് ശർമയാണ് കളിയിലെ താരം. 83 പന്തിൽ 76 റണ്ണടിച്ച ക്യാപ്‌റ്റൻ ഏഴ് ഫോറും മൂന്ന് സിക്‌സറും പറത്തി. ശുഭ്‌മാൻ ഗില്ലിനൊപ്പം ഒന്നാം വിക്കറ്റിൽ നേടിയ 105 റൺ നിർണായകമായി. ഗിൽ 50 പന്തിൽ 31 റണ്ണുമായി മടങ്ങി. വിരാട് കോഹ്‌ലി രണ്ട് പന്തിൽ ഒറ്റ റണ്ണുമായി വിക്കറ്റിനുമുന്നിൽ കുടുങ്ങി. 17 റണ്ണിന് മൂന്ന് വിക്കറ്റ് വീണപ്പോൾ കിവീസ് പ്രതീക്ഷിച്ചതാണ്. എന്നാൽ, ശ്രേയസ് അയ്യരും അക്‌സർ പട്ടേലും ചേർന്ന് സ്‌കോർ ഉയർത്തി.
നാലാം വിക്കറ്റിലെ ഇവരുടെ 61 റൺ വിജയത്തിലേക്കുള്ള വഴിയായി. രണ്ടുതവണ പുറത്താകലിൽനിന്ന് രക്ഷപ്പെട്ട ശ്രേയസ് 62 പന്തിൽ 48 റണ്ണടിച്ചു. രണ്ടുവീതം ഫോറും സിക്‌സറും നിറഞ്ഞ ഇന്നിങ്‌സ്. അക്‌സർ 40 പന്തിൽ 29 റണ്ണെടുത്തു. കെ എൽ രാഹുലും ഹാർദിക് പാണ്ഡ്യയും ചേർന്ന് കളി ജയിപ്പിക്കുമെന്ന് കരുതവെ ഒരു വിക്കറ്റ്‌കൂടി വീണു. 48–-ാം ഓവറിൽ 18 റണ്ണുമായി ഹാർദിക് പുറത്താകുമ്പോൾ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. 33 പന്തിൽ 34 റണ്ണുമായി രാഹുൽ വിജയത്തിൽ നങ്കൂരക്കാരനായി. ഓരോ ഫോറും സിക്‌സറും മാത്രമാണ് സമ്പാദ്യം. ഒരോവർ ശേഷിക്കെ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) വിജയമൊരുക്കി. കിവീസ് ക്യാപ്‌റ്റൻ മിച്ചൽ സാന്റ്‌നെർ ഏഴ് ബൗളർമാരെ പരീക്ഷിച്ചെങ്കിലും ഇന്ത്യയെ തളയ്‌ക്കാനായില്ല.
ടോസ് നേടി ബാറ്റെടുത്ത ന്യൂസിലൻഡിനെ ഇന്ത്യൻ സ്‌പിന്നർമാർ വരിഞ്ഞുമുറുക്കി. ഡാരിൽ മിച്ചൽ (63), ഗ്ലെൻ ഫലിപ്‌സ് (34) എന്നിവർക്കൊപ്പം മൈക്കൽ ബ്രേസ്‌വെൽ പുറത്താകാതെ 53 റണ്ണെടുത്തപ്പോൾ സ്‌കോർ 250 കടന്നു. ടൂർണമെന്റിലെ താരമായ ഓപ്പണർ രചിൻ രവീന്ദ്ര 37 റണ്ണെടുത്തു. ഇന്ത്യക്കായി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
കൂടുതൽ ഐസിസി ട്രോഫികൾ നേടിയ ഇന്ത്യൻ താരങ്ങൾ എന്ന ബഹുമതി രോഹിതും കോഹ്‌ലിയും സ്വന്തമാക്കി. ഇരുവർക്കും നാല് കിരീടങ്ങളുണ്ട്.
മൂന്ന് കളിയിൽ ഒമ്പത് വിക്കറ്റ് ; സ്‌പിൻ ചക്രവർത്തി
ഏകദിന ക്രിക്കറ്റിലും ഇന്ത്യയുടെ വിശ്വസ്‌തനായ സ്‌പിൻ ബൗളറായി വരുൺ ചക്രവർത്തി. ചാമ്പ്യൻസ് ട്രോഫിയിൽ മൂന്ന് കളിയിൽ ഒമ്പത് വിക്കറ്റുണ്ട്. അപ്രതീക്ഷിതമായാണ് ചാമ്പ്യൻസ് ട്രോഫി ടീമിലെത്തിയത്. ആദ്യ പട്ടികയിൽ പേരുണ്ടായിരുന്നില്ല.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയാണ് നിർണായകമായത്. വലംകൈയൻ ബൗളർ അഞ്ച് കളിയിൽ 17 വിക്കറ്റെടുത്ത് മാൻ ഓഫ് ദ സിരീസായി. ഏകദിന പരമ്പരയിൽ ഒരു മത്സരത്തിനിറങ്ങി. അരങ്ങേറ്റത്തിൽ ഒരു വിക്കറ്റ് നേടി. യശസ്വി ജയ്‌സ്വാളിന് പകരമായാണ് ചാമ്പ്യൻസ് ട്രോഫി ടീമിലെത്തിയത്. ആകെ നാല് ഏകദിനം കളിച്ചതിൽ 10 വിക്കറ്റാണ് സമ്പാദ്യം. 18 ട്വന്റി20യിൽ 33 വിക്കറ്റുണ്ട്.
83 പന്തിൽ 76 ; വെടിക്കെട്ട് രോഹിത്
ചാമ്പ്യൻസ് ട്രോഫി നേട്ടത്തിൽ ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ക്യാപ്‌റ്റൻ രോഹിത് ശർമയുടെ ബാറ്റിനോട്. ഓപ്പണറായെത്തി സ്‌ഫോടനാത്മക ബാറ്റിങ്ങാണ് ഇന്ത്യൻ ജയത്തിന് അടിത്തറയിട്ടത്. 83 പന്തിൽ 76 റണ്ണടിച്ചു. മൂന്ന് സിക്‌സറും ഏഴ് ഫോറും ഇന്നിങ്‌സിലുണ്ടായി. രോഹിതിന്റെ നാലാം ഐസിസി ട്രോഫിയാണിത്.
സഹതാരം ശുഭ്‌മാൻ ഗില്ലിനെ കൂട്ടുപിടിച്ച് ഓപ്പണിങ് വിക്കറ്റിൽ 105 റണ്ണാണ് ക്യാപ്‌റ്റൻ ചേർത്തത്. ഇന്നിങ്‌സിന്റെ രണ്ടാംപന്തിൽ സിക്‌സറടിച്ചാണ് തുടങ്ങിയത്. ടൂർണമെന്റിൽ ഇന്ത്യൻ ക്യാപ്‌റ്റന്റെ ആദ്യ അരസെഞ്ചുറിയാണ്. ഐസിസി ഫൈനലിൽ ആദ്യത്തേതും. അഞ്ച് കളിയിൽ 180 റണ്ണാണ് സമ്പാദ്യം. കഴിഞ്ഞവർഷം മോശം ഫോമിലായിരുന്ന രോഹിത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ സെഞ്ചുറി നേടിയിരുന്നു. നിർണായക ഫൈനലിലും ക്യാപ്‌റ്റൻ പ്രതീക്ഷ തെറ്റിച്ചില്ല.
38 ഓവറും സ്‌പിൻ
ഇന്ത്യ എറിഞ്ഞ 50ൽ 38 ഓവറും സ്‌പിന്നർമാരായിരുന്നു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഇതിനുമുമ്പ് രണ്ടുതവണമാത്രമാണ് ഇതിനേക്കാൾ കൂടുതൽ ഓവർ സ്‌പിന്നർമാർക്ക് നൽകിയിട്ടുള്ളത്. 2011ൽ വെസ്‌റ്റിൻഡീസിനെതിരെ 41.2 ഓവർ എറിഞ്ഞ ചരിത്രമുണ്ട്. 1998ൽ കെനിയക്കെതിരെ 39 ഓവർ സ്‌പിന്നർമാരായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിലും ഇത് റെക്കോഡാണ്. 2002ൽ ശ്രീലങ്ക ഓസ്‌ട്രേലിയക്കെതിരെ 39.4 ഓവർ എറിഞ്ഞതാണ് ഒന്നാമത്.
ആറാം ഓവറിൽത്തന്നെ സ്‌പിൻ ബൗളറായ വരുൺ ചക്രവർത്തിയെ പന്ത് ഏൽപ്പിച്ചു. വരുൺ 10 ഓവറിൽ 45 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്തു. കുൽദീപ് യാദവ് 10 ഓവറിൽ 40 റൺ വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. അക്‌സർ പട്ടേലിന്റെ എട്ട് ഓവറിൽ 29 റണ്ണാണ് ന്യൂസിലൻഡിന് കിട്ടിയത്. രവീന്ദ്ര ജഡേജ 10 ഓവറിൽ 30 റൺ നൽകി ഒരു വിക്കറ്റെടുത്തു. ചാമ്പ്യൻസ് ട്രോഫിയിലെ അഞ്ചുകളിയിൽ സ്‌പിന്നർമാരുടെ സമ്പാദ്യം 26 വിക്കറ്റാണ്.
രോഹിതിന് ടോസ് നഷ്ടം
ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമയ്‌ക്ക് നാണയഭാഗ്യം ഒട്ടുമില്ല. ചാമ്പ്യൻസ് ട്രോഫി ഫൈനലിലേത് തുടർച്ചയായ 12–-ാം ടോസ് നഷ്ടമാണ്. വെസ്റ്റിൻഡീസിന്റെ ബ്രയാൻ ലാറയുടെ റെക്കോഡിനൊപ്പമെത്തി. ഏകദിനത്തിൽ കൂടുതൽ ടോസ് നഷ്ടപ്പെട്ട ക്യാപ്‌റ്റൻമാരാണ് ഇരുവരും. 2023 ഏകദിന ലോകകപ്പ് മുതലാണ് രോഹിതിന് ഭാഗ്യമില്ലാതെ പോയത്. ഇത്തവണ ഇന്ത്യക്ക് തുടർച്ചയായി 15–-ാം ടോസ് നഷ്ടമായിരുന്നു. 1998 ഒക്‌ടോബർമുതൽ 1999 മെയ് വരെയായിരുന്നു ലാറയ്‌ക്ക് നാണയഭാഗ്യം കനിയാതെ പോയത്.
സ്‌കോർബോർഡ്
ന്യൂസിലൻഡ്
വിൽ യങ് എൽബിഡബ്ല്യു വരുൺ 15, രചിൻ ബി കുൽദീപ് 37, വില്യംസൺ സി ആൻഡ് ബി കുൽദീപ് 11, ഡാരിൽ മിച്ചൽ സി രോഹിത് ബി ഷമി 63, ലാതം എൽബിഡബ്ല്യു ജഡേജ 14, ഗ്ലെൻ ഫിലിപ്‌സ് ബി വരുൺ 34, മൈക്കൽ ബ്രേസ്‌വെൽ നോട്ടൗട്ട് 53, സാന്റ്‌നെർ റണ്ണൗട്ട് 8, നഥാൻ സ്‌മിത്ത് നോട്ടൗട്ട് 0
എക്‌സ്‌ട്രാസ് 16
ആകെ 251/7 (50)
വിക്കറ്റ് വീഴ്‌ച: 57/1 (7.5), 69/2 (10.1), 75/3 (12.2), 108/4 (23.2), 165/5 (37.5), 211/6 (45.4), 239/7 (49)
ബൗളിങ്:
മുഹമ്മദ് ഷമി 9–-0–-74–-1, ഹാർദിക് പാണ്ഡ്യ 3–-0–-30–-0, വരുൺ ചക്രവർത്തി 10–-0–-45–-2, കുൽദീപ് യാദവ് 10–-0–-40–-2, അക്‌സർ പട്ടേൽ 8–-0–-29–-0, രവീന്ദ്ര ജഡേജ 10–-0–-30–-1.
ഇന്ത്യ
രോഹിത് ശർമ സ്‌റ്റമ്പഡ് ലാതം ബി രചിൻ 76, ശുഭ്‌മാൻ ഗിൽ സി ഗ്ലെൻ ഫിലിപ്‌സ് ബി സാന്റ്‌നർ 31, വിരാട് കോഹ്‌ലി എൽബിഡബ്ല്യു ബ്രേസ്‌വെൽ 1, ശ്രേയസ് അയ്യർ സി രചിൻ ബി സാന്റ്‌നെർ 48, അക്‌സർ പട്ടേൽ സി ഓറൂർക്കെ ബി ബ്രേസ്‌വെൽ 29, കെ എൽ രാഹുൽ 34*, ഹാർദിക് പാണ്ഡ്യ സി ആൻഡ് ബി ജാമിസൺ 18, രവീന്ദ്ര ജഡേജ 9*
എക്‌സ്‌ട്രാസ് 8 ആകെ 254/6 (49)
വിക്കറ്റ്‌വീഴ്‌ച: 105/1 (18.4), 106/2 (19.1), 122/3 (26.1), 183/4 (38.4), 203/5 (41.3), 241/6 (47.3).
ബൗളിങ്: കൈൽ ജാമിസൺ 5–-0–-24–-1, വില്യം ഒറൂർക്കെ 7–-0–-56–-0, നഥാൻ സ്‌മിത്ത് 2–-0–-22–-0, മിച്ചൽ സാന്റ്‌നെർ 10–-0–-46–-2, രചിൻ രവീന്ദ്ര 10–-1–-47–-1, മൈക്കൽ ബ്രേസ്‌വെൽ 10–-1–-28–-2, ഗ്ലെൻ ഫിലിപ്‌സ് 5–-0–-31–-0.









0 comments