ഇന്ത്യക്ക് പരമ്പര: മൂന്നാം ട്വന്റി20യിൽ ഇംഗ്ലണ്ടിനെ 15 റണ്ണിന് വീഴ്ത്തി

പുണെ : ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. നാലാം മത്സരം 15 റണ്ണിന് ജയിച്ച് 3–--1 നാണ് നേട്ടം. നാട്ടിൽ തുടർച്ചയായി നേടുന്ന പതിനേഴാമത്തെ പരമ്പരയാണ്. സ്‌കോർ: ഇന്ത്യ 181/9, ഇംഗ്ലണ്ട് 166 (19.4) ആദ്യ ആറ് ഓവറിൽ 62 റണ്ണടിച്ച് വിജയം ലക്ഷ്യമിട്ട ഇംഗ്ലണ്ടിനെ ഇന്ത്യയുടെ സ്പിന്നർമാരും പകരക്കാരനായി അരങ്ങേറ്റം നടത്തിയ പേസർ ഹർഷിത് റാണയും ചേർന്ന് പൂട്ടി. പരിക്കേറ്റ ശിവം ദുബെയ്‌ക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ ഹർഷിത് നാല് ഓവറിൽ 33 റൺ വഴങ്ങി മൂന്നു വിക്കറ്റെടുത്ത് കളി മാറ്റി മറിച്ചു. രവി ബിഷ്‌ണോയ്‌ക്ക് മൂന്നു വിക്കറ്റുണ്ട്. വരുൺ ചക്രവർത്തിക്ക് രണ്ടും.
ഓപ്പണർമാരായ ഫിലിപ് സാൾട്ടും(23) ബെൻ ഡക്കെറ്റും (39) നൽകിയ മികച്ച തുടക്കം മുതലാക്കാൻ പിന്നീടുള്ള ബാറ്റർമാർക്കായില്ല. ജാമി ഓവർട്ടൺ(19) പൊരുതിയെങ്കിലും ഹർഷിത് പുറത്താക്കി.
പരമ്പരയിൽ ആദ്യമായി ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബട്‌ലർ പന്തെറിയാൻ തീരുമാനിക്കുകയായിരുന്നു. സാഖിബ് മഹമൂദ് എറിഞ്ഞ രണ്ടാം ഓവറിൽ ഒറ്റ റണ്ണും നൽകാതെ മൂന്നു വിക്കറ്റാണ് വീണത്. സഞ്ജു സാംസൺ (1) , തിലക് വർമ (0), സൂര്യകുമാർ യാദവ് (4) എന്നിവർ മടങ്ങി. തുടർച്ചയായി നാലാമത്തെ കളിയിലും സഞ്ജു ഷോർട്ട് പിച്ച് പന്തിൽ പുറത്തായി. നാല് കളിയിൽ 35 റൺ മാത്രം.
ക്യാപ്റ്റൻ സൂര്യകുമാറിനും രക്ഷയില്ല. നാല് കളിയിൽ 26 റൺ മാത്രം. അഭിഷേക് ശർമയും (29) റിങ്കു സിങ്ങും (30) രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. എന്നാൽ 79/5 എന്ന സ്കോറിൽ പ്രതിസന്ധിയിലായ ഇന്ത്യയെ ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഉയർത്തിയത്. ദുബെ 34 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും അടക്കം 53 റണ്ണെടുത്തു. ഹാർദിക് 53 റണ്ണിലെത്താൻ എടുത്തത് 30 പന്തുകൾ. അവസാന മത്സരം നാളെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും.









0 comments