ന്യൂസിലൻഡിനെ 44 റണ്ണിന് തോൽപ്പിച്ചു , വരുൺ ചക്രവർത്തിക്ക് അഞ്ച് വിക്കറ്റ് , ശ്രേയസ് അയ്യർ 79
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ; ഇന്ത്യക്ക് ഓസ്ട്രേലിയ

ദുബായ് : ന്യൂസിലൻഡിനെ 44 റണ്ണിന് കീഴടക്കി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രൂപ്പ് ജേതാക്കളായി. നാളെ സെമിയിൽ ഓസ്‌ട്രേലിയയാണ് എതിരാളി. ബുധനാഴ്‌ച രണ്ടാംസെമിയിൽ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ നേരിടും. അഞ്ച് വിക്കറ്റെടുത്ത സ്‌പിന്നർ വരുൺ ചക്രവർത്തിയാണ് ന്യൂസിലൻഡിന്റെ നടുവൊടിച്ചത്.
സ്‌കോർ: ഇന്ത്യ 249/9, ന്യൂസിലൻഡ് 205 (45.3)
കിവീസ് നിരയിൽ കെയ്‌ൻ വില്യംസൺ മാത്രമാണ് ചെറുത്തുനിന്നത്. 120 പന്തിൽ 81 റണ്ണെടുത്ത വില്യംസണെ അക്‌സർ പട്ടേലിന്റെ പന്തിൽ വിക്കറ്റ്‌കീപ്പർ കെ എൽ രാഹുൽ സ്‌റ്റമ്പ് ചെയ്‌തു. രണ്ടാം ഏകദിനം കളിക്കുന്ന വരുൺ 10 ഓവറിൽ 42 റൺ വഴങ്ങിയാണ് ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. കിവീസിന്റെ അവസാന ഏഴ് വിക്കറ്റ് 72 റണ്ണെടുക്കുന്നതിനിടെ വീണു. ക്യാപ്‌റ്റൻ മിച്ചൽ സാന്റ്‌നർ (28) പൊരുതിനോക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റെടുത്ത ഇന്ത്യക്കായി ശ്രേയസ് അയ്യർ 79 റണ്ണെടുത്തു. അക്‌സർ പട്ടേലും (42) ഹാർദിക് പാണ്ഡ്യയും (45) സ്‌കോർ ഉയർത്തി. രോഹിത് ശർമ (15), വിരാട് കോഹ്‌ലി (11) ശുഭ്‌മാൻ ഗിൽ (2) എന്നിവർ തിളങ്ങിയില്ല. രാഹുൽ 23 റണ്ണും രവീന്ദ്ര ജഡേജ 16 റണ്ണും നേടി. കിവീസ് പേസർ മാറ്റ് ഹെൻറിക്ക് അഞ്ച് വിക്കറ്റുണ്ട്.
മാർച്ച് 4 ഒന്നാം സെമി ദുബായ്
ഇന്ത്യ x ഓസ്‌ട്രേലിയ
മാർച്ച് 5 രണ്ടാം സെമി കറാച്ചി
ദ. ആഫ്രിക്ക x ന്യൂസിലൻഡ്









0 comments