ഇന്ത്യ 471 ന് പുറത്ത്; 41 റണ്ണിനിടെ വീണത് ഏഴ് വിക്കറ്റ്

സെഞ്ചുറി നേടിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്/facebook.com/IndianCricketTeam
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ 471 ന് പുറത്ത്. 41 റൺസ് കൂട്ടിചേർക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റുകൾ നഷ്ടമായത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെയും ഓപ്പണർ യശസ്വി ജയ്സ്വാളിന്റെയും വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെയും സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. ഇംഗ്ലണ്ടിനായി ജോഷ് ടംഗും ബെൻ സ്റ്റോക്സും നാലുവീതം വിക്കറ്റെടുത്തു.
മൂന്നുവിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി നായകൻ ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും സ്‌കോറുയർത്തി. 200 റൺസ് കൂട്ടുകെട്ടുമായി ഇരുവരും ഇന്ത്യൻ സ്കോർ 400 കടത്തി. 146 പന്തുകളിൽ നിന്നാണ് പന്ത് ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറി നേടിയത്. ഇംഗ്ലിഷ് സ്പിന്നർ ഷൊയ്‌ബ് ബഷീറിനെ സിക്സർ പറത്തിയാണ് പന്ത് സെഞ്ചുറി ആഘോഷിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറികളുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡ് ഇതോടെ പന്തിന്റെ പേരിലായി. ആറു സെഞ്ചുറികളുള്ള എം എസ് ധോണിയുടെ റെക്കോർഡാണ് പന്ത് തകർത്തത്.
ടീം സ്കോർ 430ൽ നിൽക്കേ 147 റൺസെടുത്ത ഗിൽ പുറത്തായി. പിന്നാലെ ഇന്ത്യൻ ബാറ്റർമാർ നിരനിരയായി കൂടാരം കയറി. എട്ടുവര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ പൂജ്യത്തിന് പുറത്തായി. ഋഷഭ് പന്ത്(134), ശാർദുൽ താക്കൂർ (1), ജസ്പ്രീത് ബുംറ(0), രവീന്ദ്ര ജഡേജ(11), പ്രസിദ്ധ് കൃഷ്ണ(1) എന്നിവർ കൂടി പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സ് 471 ൽ അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ആദ്യ ദിനം ലഭിച്ചത്. മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 359 റണ്ണാണ് അടിച്ചുകൂട്ടിയത്. ഹെഡിങ്ലിയിലെ പിച്ചിൽ ഒട്ടും പേടിയില്ലാതെയാണ് ഇന്ത്യൻ ബാറ്റർമാർ ഇംഗ്ലീഷ് പേസർമാരെ നേരിട്ടത്. കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. ബ്രൈഡൻ കാർസിയുടെ പന്തിൽ ജോ റൂട്ട് പിടികൂടി. 78 പന്തിൽ 42 റണ്ണെടുത്ത രാഹുൽ എട്ട് ഫോറടിച്ചു. പകരമെത്തിയ സായ് സുദർശനെ റണ്ണെടുക്കുംമുമ്പ് മടക്കി ബെൻ സ്‌റ്റോക്‌സ് അടുത്ത പ്രഹരമേൽപ്പിച്ചു. തൊട്ടടുത്ത ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടപ്പെട്ട ഇന്ത്യ ഗില്ലിൽ രക്ഷകനെ കണ്ടു. ആഗ്രഹിച്ചപോലെ ഗിൽ ജയ്‌സ്വാളിന് മികച്ച പിന്തുണ നൽകി. കൈവേദന അലട്ടിയെങ്കിലും ജയ്‌സ്വാളിന്റെ ഷോട്ടുകളെ അത് ബാധിച്ചതേയില്ല. ഇരുപത്തിമൂന്നുകാരനായ യശസ്വി 144 പന്തിൽ ഇംഗ്ലണ്ടിലെ അരങ്ങേറ്റത്തിൽ സെഞ്ചുറി പൂർത്തിയാക്കി. ചായക്ക് പിരിഞ്ഞ് തിരിച്ചെത്തിയ ജയ്‌സ്വാളിനെ വീഴ്‌ത്തി ബെൻ സ്‌റ്റോക്‌സ് കൂട്ടുകെട്ട് പൊളിച്ചു. കൈവേദനയിൽ ബുദ്ധിമുട്ടിയ ഇടംകൈയൻ ബാറ്റർ ബൗൾഡായി. മൂന്നാം വിക്കറ്റിൽ 163 പന്ത് നേരിട്ടാണ് ജയ്‌സ്വാളും ഗില്ലും 129 റണ്ണെടുത്തത്.









0 comments