പ്രകോപനകരമായ ആംഗ്യം വിനയായി, പാക് താരങ്ങൾക്കെതിരെ ഐസിസി നടപടി

ന്യൂഡൽഹി: മത്സരത്തിനിടെ പ്രകോപനകരമായ ആംഗ്യങ്ങൾ കാണിച്ചതിന് പാക് താരങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ഐസിസി. ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ പാക് താരങ്ങളായ ഹാരിസ് റൗഫും സാഹിബ്‌സാദ ഫർഹാനുമാണ് പ്രകോപന ആംഗ്യം കാണിച്ചത്.
അർധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഗാലറിക്ക് നേരെ നോക്കി ബാറ്റുകൊണ്ട് വെടിയുതിർക്കുന്നതുപോലെ ആഘോഷിച്ചതിനാണ് പാക് താരം സാഹിബ്‌സാദ ഫർഹാനെതിരെ ഐസിസി നടപടി സ്വീകരിച്ചത്. ഇന്ത്യൻ താരങ്ങൾക്കുനേരെ പ്രകോപനപരമായ ആംഗ്യവും അധിക്ഷേപകരമായ ഭാഷയും പ്രയോഗിച്ചതിനാണ് ഹാരിസ് റൗഫിനെതിരെ നടപടിയെടുത്തത്. സെപ്റ്റംബർ 21ന് നടന്ന സൂപ്പർ ഫോർ മത്സരത്തിനിടെയാണ് സംഭവം. ബിസിസിഐ നൽകിയ ഔദ്യോഗിക പരാതിയിന്മേലാണ് രണ്ടു നടപടികളും. റൗഫിന് മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴചുമത്തിയത്.
ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിനെതിരെയും ഐസിസി നടപടി എടുത്തിട്ടുണ്ട്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പരാതിയെ തുടർന്നാണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയത്. പാകിസ്താനെതിരെ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര സൈനികർക്കും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുമായി സമർപ്പിക്കുന്നുവെന്ന് സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയമായ പ്രസ്താവനയാണെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ മാനേജ്‌മന്റ് പരാതി നൽകിയത്. സൈനിക ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ഐസിസിയുടെ കണ്ടെത്തൽ.









0 comments