ചാമ്പ്യൻസ് ട്രോഫി: ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ദ.ആഫ്രിക്ക സെമിയിൽ

കറാച്ചി: ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിയിൽ. ഗ്രൂപ്പ് ബിയിൽ ഒന്നാംസ്ഥാനക്കാരായാണ് സെമി പ്രവേശം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 38.2 ഓവറിൽ 179ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 29.1 ഓവറിൽ ലക്ഷ്യം കണ്ടു. സ്കോർ: ഇംഗ്ലണ്ട് 179. ദക്ഷിണാഫ്രിക്ക 181/3.
അർധസെഞ്ചുറി നേടിയ റാസി വാൻ ഡെർ ദുസെനാണ് (87 പന്തിൽ 72) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. റ്യാൻ റികെൽട്ടൺ (27), ട്രിസ്റ്റൻ സ്‌റ്റബ്‌സ് (0), ഹെൻറിച്ച് ക്ലാസെൻ (64) എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ചെറിയ റൺസ് വിജയലക്ഷ്യവുമായി കളത്തിലറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണറെ നഷ്ടമായി. സ്കോർ 40 എത്തി നിൽക്കെ രണ്ടാമത്തെ വിക്കറ്റും വീണു. എന്നാൽ മൂന്നാം വിക്കറ്റിൽ റാസി വാൻ ഡെർ ദുസെനും ക്ലാസനും ചേർന്ന് ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 127 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 174 എത്തി നിൽക്കെയാണ് ക്ലാസൻ ഔട്ടായത്. ഡേവിഡ് മില്ലർ (7) പുറത്താവാതെ നിന്നു.
ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇംഗ്ലണ്ടിന്റെ സെമി ഫൈനൽ സാധ്യതകൾ നേരത്തേ അവസാനിച്ചിരുന്നു. ജോ റൂട്ട് (44 പന്തിൽ 37) ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (25), ബെൻ ഡക്കറ്റ് (24), ക്യാപ്റ്റൻ ജോസ് ബട്ലർ (21), ഹാരി ബ്രൂക്ക് (19), ജെമീ ഓവർട്ടൺ (11) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നവർ. ജാൻസനും വിയാൻ മുൾഡറിനും മൂന്ന് വിക്കറ്റും കേശവ് മഹാരാജ് രണ്ടുവിക്കറ്റും നേടി.









0 comments