ഗ്ലെൻ ഫിലിപ്‌സ് വീണ്ടും പറന്നു; ഇത്തവണ ഇര കോഹ്‌ലി- വീഡിയോ

ദുബായ്: ന്യൂസിലൻഡ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്‌സ് വീണ്ടും ‘പറന്നു’. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയ്‌ക്കെതിരയുള്ള മത്സരത്തിലാണ് ഗ്ലെൻ ഫിലിപ്‌സ് തന്റെ ഫീൽഡിങ് മികവ് ഒരിക്കൽ കൂടി പുറത്തെടുത്തത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിരാട് കോഹ്‌ലിയെ മാസ്‌മരിക ക്യാച്ചിലൂടെ ഫിലിപ്‌സ് പുറത്താക്കുകയായിരുന്നു.
മാറ്റ് ഹെൻറി എറിഞ്ഞ ഏഴാം ഓവറിലായിരുന്നു കോഹ്‌ലിയുടെ വിക്കറ്റ്. ഏഴാം ഒവറിലെ മാറ്റ് ഹെൻറിയുടെ നാലാമത്തെ പന്ത് ഓഫ്‌സൈഡിലേക്ക് കളിച്ച കോഹ്‌ലിക്ക് രക്ഷയുണ്ടായില്ല. ബാക്‌വേർഡ് പോയിന്റിലുണ്ടായിരുന്ന ഗ്ലെൻ ഫിലിപ്‌സ് കോഹ്‌ലിയെ പറന്ന് പിടിച്ചു.
ഇന്ത്യക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലുൾപ്പെടെ മികച്ച ഓൾറൗണ്ടർ പ്രകടനം കാഴ്‌ചവച്ച താരമാണ് ഗ്ലെൻ ഫിലിപ്‌സ്. ബാറ്റ് ചെയ്യാനും ബോൾ ചെയ്യാനും അറിയാവുന്ന താരം മികച്ച ഫീൽഡറും കൂടിയാണ്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന നിരവധി മികച്ച ഫീൽഡിങ് പ്രകടനങ്ങൾ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും മാത്രമല്ല വിക്കറ്റ് കീപ്പർ റോളിലും താരം തിളങ്ങിയിട്ടുണ്ട്.
ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്‌ഘാടന മത്സരത്തിലും ഗ്ലെൻ ഫിലിപസ് തന്റെ ‘പറക്കും ഫീൽഡിങ്’ കാഴ്‌ചവച്ചിരുന്നു. പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാനെയാണ് ഫിലിപസ് അന്ന് പറന്ന് പിടിച്ചത്.
ഇന്ത്യയുടെ മുൻനിര തകർന്നു, ന്യൂസിലൻഡിന് മികച്ച തുടക്കം
ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ മുൻനിരയ്‌ക്ക് ബാറ്റിങ് തകർച്ച. ഏഴ് ഓവറുകൾക്കിടെ ഇന്ത്യയ്‌ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്‌ടമായത്.
രോഹിത് ശർമ (17 പന്തിൽ 15), ശുഭ്‌മാൻ ഗിൽ (7 പന്തിൽ2), വിരാട് കോഹ്‌ലി (14 പന്തിൽ 11) എന്നിവർ പെട്ടന്ന് കൂടാരം കയറി. ഗില്ലിന്റേയും കോഹ്‌ലിയുടേയും വിക്കറ്റുകൾ ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി നേടിയപ്പോൾ കെയ്‌ൽ ജാമിൻസണാണ് രോഹിതിനെ വീഴ്‌ത്തിയത്. ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ എന്നിവരാണ് നിലവിൽ ക്രീസിൽ.
മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. എ ഗ്രൂപ്പിൽ രണ്ടു കളിയും ജയിച്ച് ഇരുടീമുകളും സെമി ഉറപ്പിച്ചിട്ടുണ്ട്. ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യൻമാരാകും. ഗ്രൂപ്പിൽ ഒന്നാമതെത്തുന്നവർ സെമിയിൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ നേരിടും. രണ്ടാമതെത്തുന്നവർ ബി ഗ്രൂപ്പ് ചാമ്പ്യൻമാരായ സൗത്ത് ആഫ്രിക്കയേയും.









0 comments