എഡ്‌ജ്‌ബാസ്‌റ്റണിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം; ആകാശ് ദീപിന് ആറു വിക്കറ്റ്

എഡ്‌ജ്‌ബാസ്‌റ്റൺ: ലീഡ്‌സിലെ തോൽവിക്ക് മറുപടി നൽകി എഡ്‌ജ്‌ബാസ്‌റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ഇതോടെ എഡ്‌ജ്‌ബാസ്‌റ്റണിലെ ആദ്യ ജയം ഇന്ത്യ രാജകീയമായി ആഘോഷിച്ചു. ഇതിനുമുമ്പ് ഏഴ് മത്സരം കളിച്ചപ്പോൾ ആറിലും തോൽവിയായിരുന്നു. ഒരെണ്ണം സമനിലയും. സ്കോർ: ഇന്ത്യ 587, 427/6d. ഇംഗ്ലണ്ട് 407, 271.
മഴ കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് അഞ്ചാം ദിവസത്തെ കളി തുടങ്ങിയത്. അർധസെഞ്ചുറി നേടിയ ജാമി സ്‌മിത്ത് (88) മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചു നിന്നത്. മൂന്നിന് 72 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒലി പോപ്പ് (24), ഹാരി ബ്രൂക്ക് (23) എന്നിവരെ പതിനൊന്ന് റൺസ് കൂട്ടിചേർക്കുമ്പോഴേക്കും നഷ്ടമായി. പേസർ ആകാശ് ദീപിനാണു രണ്ടു വിക്കറ്റും. പിന്നീട് കളത്തിലെത്തിയ ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സും ജാമി സ്‌മിത്തും ചേർന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ടീം സ്കോർ 153 എത്തി നിൽക്കെ വാഷിങ്‌ടൺ സുന്ദർ ബെൻ സ്‌റ്റോക്‌സിനെ (33) മടക്കി. പ്രതിരോധിച്ച കളിച്ച ക്രിസ് വോക്‌സ് (7) പേസർ പ്രസിദ്ധ് കൃഷ്‌ണയുടെ പന്തിൽ പുറത്തായി. പിന്നാലെ ആകാശ് ദീപ് ജാമി സ്‌മിത്തിനെ കൂടി മടക്കിയതോടെ ഇംഗ്ലണ്ട് തോൽവിയിലേക്ക് കൂപ്പുകുത്തി. രവീന്ദ്ര ജഡേജയ്ക്ക് മുന്നിൽ ജോഷ് ടങും (2) വീണു. അവസാനം പിടിച്ചു നിന്ന ബ്രൈഡൻ കാർസി (38) കൂടി ആകാശ് ദീപിന് മുന്നിൽ വീണതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു.
ക്യാപ്‌റ്റൻ കുപ്പായത്തിൽ തിളങ്ങിയ ശുഭ്‌മാൻ ഗില്ലിന്റെ റൺക്കൊയ്‌ത്താണ് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ലീഡ്‌സിൽ സെഞ്ചുറി നേടിയ ഗിൽ എഡ്‌ജ്‌ബാസ്‌റ്റണിലും നേട്ടം ആവർത്തിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ഇരട്ടസെഞ്ചുറി നേടിയ ഗിൽ രണ്ടാമത്തേതിൽ 161 റണ്ണടിച്ചു. 162 പന്തിലാണ് നേട്ടം. ആകെ 430 റണ്ണാണ് ഈ മത്സരത്തിൽ മാത്രം ഇരുപത്തഞ്ചുകാരൻ അടിച്ചെടുത്തത്. ഒരു ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന ഒമ്പതാമത്തെ താരമാണ്. രണ്ടാമത്തെ ഇന്ത്യക്കാരനും. സുനിൽ ഗാവസ്‌കറാണ് മുൻഗാമി. 1971ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ഗാവസ്‌കറുടെ പ്രകടനം.
റൺ കണ്ടെത്തുന്നത് അനായാസമാക്കിയ വലംകൈയന്റെ കരുത്തിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 608 റൺ വിജയലക്ഷ്യമാണ് കുറിച്ചത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 427/6 എന്ന നിലയിൽ ഡിക്ലയർ ചെയ്‌തു. മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കരുൺ നായർ (26) വേഗം മടങ്ങിയെങ്കിലും ഗില്ലിനൊപ്പം ഉറച്ചുനിന്ന കെ എൽ രാഹുലിന്റെയും (55) ഋഷഭ് പന്തിന്റെയും (65) രവീന്ദ്ര ജഡേജയുടെയും (പുറത്താകാതെ 69*) അർധസെഞ്ചുറി ഇന്നിങ്‌സുകൾ കരുത്തായി. ലീഡുയർത്താൻ അതിവേഗം റണ്ണടിക്കുക എന്നതായിരുന്നു ഇന്ത്യൻ തന്ത്രം. അനായാസം ഇത് നടപ്പാക്കുകയും ചെയ്‌തു എല്ലാവരും.
0 comments