രണ്ടര ദിവസത്തിൽ മത്സരം തീർന്നു; സ്പിന്നിൽ കുരുങ്ങി ടീമുകൾ; ഗംഭീർ ചോദിച്ചുവാങ്ങിയ പിച്ചെന്ന മറുപടിയുമായി സൗരവ് ഗാംഗുലി

കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ നേരിട്ട ദയനീയ പരാജയത്തിൽ വിവാദം മുറുകുന്നു. ഈഡൻ ഗാർഡനിലെ സ്പിന്‍ പിച്ചിനെ സംബന്ധിച്ചാണ് പ്രശ്നങ്ങൾ. മത്സരം രണ്ടര ദിനം കൊണ്ട് തീർന്നതും വിക്കറ്റുകൾ സ്പിൻ ബൗളിങ്ങിൽ തുടർച്ചയായി വീണതിന്റെയും ഭാഗമാണ് വിവാദം. ഇതോടെ ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ട പ്രകാരമുള്ള പിച്ചാണ് തയാറാക്കിയതെന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഒരുക്കിയ പിച്ചില്‍ പതറി വീണ ഇന്ത്യ വൻ തോൽവിയാണ് നേരിട്ടത്. പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ 30 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സൈമണ്‍ ഹാര്‍മറാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 14 ഓവര്‍ പന്തെറിഞ്ഞ ഹാര്‍മര്‍ 21 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സിലും ഹാര്‍മര്‍ നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 92 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
നേരത്തേ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിച്ചിരുന്നു. അര്‍ധ സെഞ്ചുറിയുമായി പ്രതിരോധം തീര്‍ത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമയുടെ ഇന്നിങ്സാണ് പ്രോട്ടീസ് സ്‌കോര്‍ 150 കടത്തിയത്.









0 comments