കോഹ്‍ലിക്കൊപ്പം പീഡനക്കേസ് പ്രതിയും; ആർസിബി പോസ്റ്ററിനെതിരെ പ്രതിഷേധം

ബംഗളൂരു: ഐപിഎൽ പുതിയ സീസണിന് മുന്നോടിയായുള്ള റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ പുതിയ പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയിൽ രൂക്ഷ വിമർശനം. നിലവിലെ ചാമ്പ്യന്മാരായ ആർസിബി പീഡനക്കേസിൽ പ്രതിയായ പേസർ യഷ് ദയാലിനെ ടീമിൽ നിലനിർത്തിയതിന് പിന്നാലെയാണ് ആരാധകർ ടീമിനെതിരെ രംഗത്തെത്തിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഇന്ദിരാപുരം പൊലീസ് യഷ് ദയാലിനെതിരെ കേസെടുത്തിരുന്നു.
പീഡനക്കേസുകൾ നിലനിൽക്കെ താരത്തെ ടീമിൽ എടുത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. അഞ്ച് കോടി രൂപയ്ക്കാണ് താരത്തെ ഫ്രാഞ്ചൈസി നിലനിർത്തിയത്. പിന്നാലെ നിലനിർത്തിയ താരങ്ങളെ വെച്ച് പോസ്റ്റർ തയ്യാറാക്കി. വിരാട് കോഹ്‍ലി അടക്കമുള്ള സൂപ്പർ താങ്ങൾക്കൊപ്പമുള്ള യഷ് ദയാലിന്‍റെ പോസ്റ്റർ ഇതോടെ വിവാദമായി. പീഡനക്കേസ് പ്രതിയെ ആർസിബി മാനേജ്മെന്റ് സംരക്ഷിക്കുകയാണെന്നും കോഹ്‍ലിയുടെ പോസ്റ്ററിൽ യഷ് ദയാലിനെയും കാണേണ്ടി വരുന്നത് നാണക്കേടാണെന്നും ആരാധകർ കുറിച്ചു.
അതേസമയം കഴിഞ്ഞ തവണ ഐപിഎൽ കിരീടം നേടിയ ആർസിബിക്കായി 15 മത്സരങ്ങളിൽ കളത്തിലിറങ്ങിയ യാഷ് ദയാൽ ടീമിനായി 13 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
രജത് പാടിദാർ (ക്യാപ്‌റ്റൻ), വിരാട് കോഹ്‌ലി, ദേവ്‌ദത്ത് പടിക്കൽ, ഫിൾ സാൾട്ട്, ജിതേഷ് ശർമ, ക്രുണാൾ പാണ്ഡ്യ, സ്വപ്‌നിൽ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷെപേർഡ്, ജേക്കബ് ബെതെൽ, ജോഷ് ഹാസെൽവുഡ്, യാഷ് ദയാൽ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാര, റാഷിക് സലാം, അഭിനന്ദൻ സിങ്, സുയാഷ് ശർമ എന്നിവരെയാണ് ആർസിബി ഇത്തവണ നിലനിർത്തിയത്. ലിയാം ലിവിങ്‌സ്റ്റൺ, സ്വാസ്‌തിക് ചികാര, മായങ്ക് അഗർവാൾ, ടിം സീഫെർട്ട്, മനോജ് ബാൻദാഗെ, ലുങ്കി എൻഗിഡി, ബ്ലെസിങ് മുസർബാനി, മോഹിത് റാതി തുടങ്ങിയവരെ ഒഴിവാക്കി.








0 comments