അഫ്ഗാനെ തകർത്തു മുന്നേറി; മത്സരശേഷം ശ്രീലങ്കൻ താരമറിഞ്ഞത് അച്ഛന്റെ മരണവാർത്ത

ദുബായ്: അവസാനഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്താനെ തകർത്ത് ഏഷ്യാകപ്പിന്റെ സൂപ്പർ ഫോറിൽ പ്രവേശിച്ചതിന് പിന്നാലെ ശ്രീലങ്കൻ താരത്തെ തേടിയെത്തിയത് അച്ഛന്റെ മരണവാർത്ത. ലങ്കൻ ബൗളർ ദുനിത് വെല്ലലഗയുടെ അച്ഛൻ സുരങ്ക വെല്ലലഗെയാണ് മരിച്ചത്.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയാണ് ദുനിതിന്റെ അച്ഛൻ ഹൃദയാഘാതമുണ്ടായി മരണപ്പെടുന്നത്. തുടര്‍ന്ന് മത്സരത്തിനു ശേഷം ശ്രീലങ്കൻ പരിശീലകൻ സനത് ജയസൂര്യയും ടീം മാനേജറും ചേർന്ന ദുഃഖവാർത്ത താരത്തെ അറിയിക്കുകയായിരുന്നു. ജയസൂര്യയും ലങ്കൻ താരങ്ങളും ദുനിതിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മത്സരത്തിൽ ആറുവിക്കറ്റിനായിരുന്നു ടീമിന്റെ ജയം. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. 20–ാം ഓവറിൽ പന്തെറിഞ്ഞ വെല്ലലഗെയെ അഫ്ഗാനിസ്ഥാൻ ബാറ്റർ മുഹമ്മദ് നബി അഞ്ചു തവണയാണ് സിക്സർ പറത്തിയത്. മറുപടി ബാറ്റിങ്ങിൽ 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക വിജയത്തിലെത്തുകയായിരുന്നു.









0 comments