ചാമ്പ്യൻസ് ട്രോഫി; ഇന്ത്യയുടെ സ്‌കോർ 250 കടന്നില്ല, മാറ്റ് ഹെൻറിക്ക് അഞ്ച് വിക്കറ്റ്

മാറ്റ് ഹെൻറി. PHOTO: Facebook
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് 250 റൺ വിജയലക്ഷ്യം. ശ്രേയസ് അയ്യർ (98 പന്തിൽ 79), അക്ഷർ പട്ടേൽ (61 പന്തിൽ 42), ഹാർദിക് പാണ്ഡ്യ (45 പന്തിൽ 45) തുടങ്ങിയവരുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യയുടെ സ്‌കോർ 249ലെത്തിയത്. ന്യൂസിലൻഡിനായി പേസർ മാറ്റ് ഹെൻറി അഞ്ച് വിക്കറ്റുകൾ നേടി.
മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്‌ടപ്പെട്ടിരുന്നു. രോഹിത് ശർമ (17 പന്തിൽ 15), ശുഭ്മാൻ ഗിൽ (രണ്ട്), വിരാട് കോഹ്‌ലി (14 പന്തിൽ 11) എന്നിവർ ഏഴ് ഓവർ തികയുന്നതിന് മുന്നേ തന്നെ മടങ്ങി. തുടർന്ന് ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. തുടർന്നെത്തിയ കെ എൽ രാഹുൽ 23ഉം രവീന്ദ്ര ജഡേജ 16 റൺസും നേടി.
മാറ്റ് ഹെൻറി തന്നെയായിരുന്നു ഇന്ത്യയുടെ നടുവൊടിച്ചത്. ഗില്ലിനെ എൽബിഡബ്യൂവിൽ കുരുക്കിയായിരുന്നു ഹെൻറിയുടെ തുടക്കം. തുടർന്ന് വിരാട് കോഹ്‌ലിയെ ഗ്ലെൻ ഫിലിപ്‌സ് പറന്ന് പിടിച്ചതും ഹെൻറിയുടെ പന്തിലായിരുന്നു. അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി തുടങ്ങിയവരുടെ വിക്കറ്റുകളും താരം നേടി. രവീന്ദ്ര ജഡേജയുടേതാണ് മറ്റൊരു വിക്കറ്റ്.
എ ഗ്രൂപ്പിൽ രണ്ടു കളിയും ജയിച്ച് ഇരുടീമുകളും സെമി ഉറപ്പിച്ചിട്ടുണ്ട്. ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യൻമാരാകും. ഗ്രൂപ്പിൽ ഒന്നാമതെത്തുന്നവർ സെമിയിൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ നേരിടും. രണ്ടാമതെത്തുന്നവർ ബി ഗ്രൂപ്പ് ചാമ്പ്യൻമാരായ സൗത്ത് ആഫ്രിക്കയേയും.









0 comments