ലോകകപ്പിനുശേഷം ഇന്ത്യൻ ടീം കളിച്ചത്‌ ആറ്‌ ഏകദിനം

ആരെ കൊള്ളും 
ആരെ തള്ളും ; ചാമ്പ്യൻസ്‌ ട്രോഫി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പ്രഖ്യാപനം

champions trophy indian team

image credit bcci facebook

വെബ് ഡെസ്ക്

Published on Jan 12, 2025, 03:30 AM | 2 min read


മുംബൈ

സമീപകാലത്തില്ലാത്ത പ്രതിസന്ധിയിലാണ്‌ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ്‌ ടീം പ്രഖ്യാപനം. ഐസിസി ചാമ്പ്യൻസ്‌ ട്രോഫിക്കുള്ള പ്രാഥമികസംഘത്തിന്റെ പട്ടിക സമർപ്പിക്കേണ്ട അവസാനദിവസം ഇന്നാണെങ്കിലും ടീമിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അൽപ്പംകൂടി സമയം വേണമെന്ന്‌ ബിസിസിഐ, ഐസിസിയോട്‌ ആവശ്യപ്പെട്ടതായാണ്‌ സൂചന. ഐസിസിയുടെ പ്രതികരണം കണക്കിലെടുത്താകും പ്രഖ്യാപനം. അനുകൂലമല്ല മറുപടിയെങ്കിൽ ഉടൻ ആദ്യസംഘത്തെ അവതരിപ്പിക്കും. മുഖ്യ സെലക്ടർ അജിത്‌ അഗാർക്കറും പരിശീലകൻ ഗൗതം ഗംഭീറും ഇന്നലെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഫെബ്രുവരി 19ന്‌ പാകിസ്ഥാനിലാണ്‌ ചാമ്പ്യൻസ്‌ ട്രോഫി തുടങ്ങുന്നത്‌. ഇന്ത്യയുടെ കളികൾ ദുബായിലാണ്‌. 20ന്‌ ബംഗ്ലാദേശുമായാണ്‌ ആദ്യമത്സരം.


ചാമ്പ്യൻസ്‌ ട്രോഫി, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമുകളെ പ്രഖ്യാപിക്കുക എന്ന വെല്ലുവിളിയാണ്‌ ഇന്ത്യൻ സെലക്ടർമാർക്ക്‌ മുന്നിലുള്ളത്‌. 2023ൽ സ്വന്തം നാട്ടിൽ നടന്ന ഏകദിന ലോകകപ്പിനുശേഷം ആറ്‌ ഏകദിനം മാത്രമാണ്‌ ഇന്ത്യ കളിച്ചത്‌. ആരെ കൊള്ളണം, തള്ളണം എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമാണ്‌. ഏറ്റവും ഒടുവിൽ ഓസ്‌ട്രേലിയക്കെതിരായി നടന്ന ബോർഡർ–-ഗാവസ്‌കർ ട്രോഫി ടെസ്റ്റ്‌ പരമ്പരയിൽ ദയനീയ പ്രകടനം നടത്തിയതും തിരിച്ചടിയായി. ക്യാപ്‌റ്റൻ രോഹിത്‌ ശർമ, വിരാട്‌ കോഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്‌. ഇവരെ ഏകദിന ടീമിൽ ഉൾക്കൊള്ളിക്കുന്നതിൽവരെ എതിർപ്പുയരുന്നുണ്ട്‌.


എങ്കിലും രോഹിതും കോഹ്‌ലിയും തുടരും. ജഡേജ ഉണ്ടായേക്കില്ല. പേസർ ജസ്‌പ്രീത്‌ ബുമ്രയുടെ കാര്യം സംശയത്തിലാണ്‌. ഓസീസിനെതിരായ അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ പരിക്കേറ്റ ബുമ്ര ശാരീരികക്ഷമത വീണ്ടെടുത്താൽ ഉൾപ്പെടുത്തും. നീണ്ട ഇടവേളയ്‌ക്കുശേഷം മുഹമ്മദ്‌ ഷമി തിരിച്ചെത്തുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌.


ഓപ്പണിങ്‌ സ്ഥാനത്തേക്ക്‌ യശസ്വി ജയ്‌സ്വാളും ഇടംകണ്ടേക്കും. ട്വന്റി20യിലും ടെസ്റ്റിലും തിളങ്ങിയ ഓൾറൗണ്ടർ നിതീഷ്‌ കുമാർ റെഡ്ഡിക്ക്‌ ഏകദിന ടിക്കറ്റ്‌ ഉടൻ നൽകേണ്ടതില്ലെന്നാണ്‌ പൊതു അഭിപ്രായം. ഹാർദിക്‌ പാണ്ഡ്യ ഓൾറൗണ്ടറായെത്തും. വാഷിങ്‌ടൺ സുന്ദർ സ്‌പിന്നറായി ഇടംപിടിക്കും.


വിക്കറ്റ്‌ കീപ്പറായും അഞ്ചാംനമ്പർ ബാറ്ററായും കെ എൽ രാഹുലിനാണ്‌ സാധ്യത. ഋഷഭ്‌ പന്ത്‌ പകരക്കാരനാകും. സഞ്‌ജു സാംസന്റെ കാര്യത്തിൽ ഉറപ്പില്ല. ശ്രേയസ്‌ അയ്യർ നാലാം നമ്പറിലെത്തും. ഷമിക്കൊപ്പം മുഹമ്മദ്‌ സിറാജ്‌ പേസ്‌നിര നയിക്കും. സ്പിന്നർമാരിൽ കുൽദീപ് യാദവും വരുൺ ചക്രവർത്തിയുമാണ് രംഗത്ത‍്.


ഇംഗ്ലണ്ടിനെതിരെ മൂന്ന്‌ മത്സര പരമ്പരയ്‌ക്കുള്ള സമാന ടീമാകും ചാമ്പ്യൻസ്‌ ട്രോഫിക്കും. ഫെബ്രുവരി 6, 9, 12 ദിവസങ്ങളിലാണ്‌ ഏകദിനം.


ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ; ഷമി, സഞ്ജു ടീമിൽ

ഇംഗ്ലണ്ടിനെതിരായ അഞ്ച്‌ മത്സര ട്വന്റി20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ്‌ നയിക്കുന്ന സംഘത്തിൽ പേസർ മുഹമ്മദ്‌ ഷമിയുടെ തിരിച്ചുവരവാണ്‌ സവിശേഷത. 2023 ഏകദിന ലോകകപ്പ്‌ ഫൈനലിനുശേഷം ആദ്യമായാണ്‌ ബംഗാൾ പേസർ ഇന്ത്യൻ കുപ്പായത്തിൽ എത്തുന്നത്‌. പരിക്ക്‌ ഭേദമായി ആഭ്യന്തര സീസണിൽ മടങ്ങിയെത്തിയിരുന്നു.

മലയാളി താരം സഞ്‌ജു സാംസൺ വിക്കറ്റ്‌ കീപ്പർസ്ഥാനം നിലനിർത്തി. ഋഷഭ്‌ പന്ത്‌ ഇല്ല. ധ്രുവ്‌ ജുറെലാണ്‌ രണ്ടാം വിക്കറ്റ്‌ കീപ്പർ. പരിക്കേറ്റ റിയാൻ പരാഗിന്‌ ഇടമില്ല. അഭിഷേക്‌ ശർമ സ്ഥാനം നിലനിർത്തി. അക്--സർ പട്ടേലാണ് വെെസ് ക്യാപ്റ്റൻ.

കൊൽക്കത്ത ഈഡൻ ഗാർഡനിൽ 22നാണ്‌ ആദ്യ ട്വന്റി20. 25, 28, 31, ഫെബ്രുവരി രണ്ട്‌ എന്നിങ്ങനെയാണ്‌ മറ്റ്‌ മത്സരങ്ങൾ.


ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്‌ (ക്യാപ്‌റ്റൻ), സഞ്‌ജു സാംസൺ, അഭിഷേക് ശർമ, തിലക്‌ വർമ, നിതീഷ്‌ റെഡ്ഡി, മുഹമ്മദ്‌ ഷമി, അർഷ്‌ദീപ്‌ സിങ്‌, ഹർഷിത്‌ റാണ, ഹാർദിക്‌ പാണ്ഡ്യ, ധ്രുവ്‌ ജുറെൽ, റിങ്കു സിങ്‌, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്‌, വരുൺ ചക്രവർത്തി, വാഷിങ്‌ടൺ സുന്ദർ.



deshabhimani section

Related News

View More
0 comments
Sort by

Home