ചാമ്പ്യൻസ് ട്രോഫി: ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ; കോഹ്‍ലിക്ക് അർധ സെഞ്ചുറി

kohli
വെബ് ഡെസ്ക്

Published on Mar 04, 2025, 09:37 PM | 1 min read

ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. നാലു വിക്കറ്റിനാണ് ഇന്ത്യൻ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഉയർത്തിയ 265 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 48.1 ഓവറിൽ മറികടന്നു. അർധസെഞ്ചുറി നേടിയ വിരാട് കോഹ്‍ലിയാണ് (98 പന്തിൽ 84) ഇന്ത്യയെ വിജയിത്തിലേക്ക് നയിച്ചത്. കെ എൽ രാഹുലും (34 പന്തിൽ 42), രവീന്ദ്ര ജഡേജ (1 പന്തിൽ 2) എന്നിവർ പുറത്താവാതെ നിന്നു. 2023ലെ ഏകദിന ലോകകപ്പ്‌ ഫൈനലിലെ തോൽവിക്ക് ഇതോടെ ഇന്ത്യ മധുരപ്രതികാരം വീട്ടി. സ്കോർ: ഓസ്ട്രേലിയ 264/10. ഇന്ത്യ 267/6.


ഓസീസിന് സമാനമായി ഇന്ത്യയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. 43 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ (29 പന്തിൽ 28), ശുഭ്മൻ ഗിൽ (11 പന്തിൽ 8) എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായി. ബെൻ ഡ്വാർഷിയുസിന്റെ പന്തിൽ ​ഗിൽ ബോൾഡാകുകയായിരുന്നു. കൂപ്പർ കോൺലിയുടെ പന്തിൽ എൽബിയിൽ കുടുങ്ങിയാണ് രോഹിത് മടങ്ങിയത്. പിന്നാലെ കളത്തിലെത്തിയ കോഹ്‍ലിയും ശ്രേയസ്‌ അയ്യരും (62 പന്തിൽ 45) ചേർന്ന് ടീം സ്കോർ ഉയർത്തുകയായിരുന്നു. 91 റൺസ് കൂട്ടിചേർത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ആദം സാമ്പയുടെ പന്തിലാണ് അയ്യർ ബോൾഡായത്. ടീം സ്കോർ 178 എത്തി നിൽക്കെ അക്‌സർ പട്ടേൽ നതാൻ എല്ലിസിന്റെ പന്തിൽ പുറത്തായി. പിന്നീട് കെ എൽ രാഹുലിനൊപ്പം 47 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കോഹ്‍ലി ആദം സാമ്പയുടെ പന്തിൽ ബെൻ ഡ്വാർഷിയുസിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. ജയിക്കാൻ ആറ് റൺസ് വേണമെന്നിരിക്കെ നതാൻ എല്ലിസിനെ സിക്സ് അടിക്കാൻ ശ്രമിച്ച ഹാർദിക്‌ പാണ്ഡ്യ (4 പന്തിൽ 28) ഗ്ലെൻ മാക്‌സ്‌വെല്ലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.


2002ലും 2013ലും ചാമ്പ്യൻമാരായി ഇന്ത്യ മൂന്നാം കീരടമാണ് ലക്ഷ്യമിടുന്നത്. ഒരു കളിയും പരാജയപ്പെടാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. നാളെ നടക്കുന്ന രണ്ടാംസെമിയിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടും.







deshabhimani section

Related News

View More
0 comments
Sort by

Home