ചാമ്പ്യൻസ് ട്രോഫി: ടോസ് ഭാഗ്യം ഓസീസിന്; ബാറ്റിങ് തെരഞ്ഞെടുത്തു

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ സെമയിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ അഹമ്മദാബാദിൽ തടിച്ചുകൂടിയ ഒന്നരലക്ഷം കാണികളെ നിശ്ശബ്‌ദരാക്കിയാണ് ഓസീസ് ഇന്ത്യയെ തകർത്ത് കിരീടം നേടിയത്. ഇതിനു മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക.
2023ൽ കപ്പടിച്ച ടീമല്ല ഇപ്പോൾ ഓസീസ്. ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് ടീമിലില്ല. മറ്റ് പേസർമാരായ മിച്ചെൽ സ്‌റ്റാർകും ജോഷ് ഹാസെൽവുഡും ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നില്ല. സ്‌റ്റീവൻ സ്‌മിത്താണ് ക്യാപ്‌റ്റൻ. ഇന്ത്യൻ നിരയിൽ പേസർ ജസ്‌പ്രീത് ബുമ്രയുടെ അഭാവമാണ് ശ്രദ്ധേയം. എന്നാൽ, സ്‌പിന്നർമാർക്ക് തുണയുള്ള ദുബായ് പിച്ചിൽ ഇന്ത്യക്ക് ഈ അഭാവം തിരിച്ചടിയായില്ല. ഓസീസിനെതിരെ സ്‌പിന്നർമാരാണ് രോഹിതിന്റെ ആയുധങ്ങൾ. പ്രത്യേകിച്ചും വരുൺ ചക്രവർത്തി. രണ്ടാം ഏകദിനംമാത്രം കളിച്ച വരുൺ ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റാണ് വീഴ്‌ത്തിയത്. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരാണ് മറ്റ് സ്‌പിന്നർമാർ. ഇതിൽ ജഡേജയും അക്‌സറും നിർണായക ഘട്ടത്തിൽ ബാറ്റുകൊണ്ടും തിളങ്ങുന്നു. കിവീസിനെതിരെ ഒമ്പത് വിക്കറ്റും നേടിയത് സ്‌പിന്നർമാരാണ്.
മറുവശത്ത് ഇന്ത്യക്കെതിരെ എന്നും തകർത്തുകളിക്കുന്ന ട്രാവിസ് ഹെഡിലാണ് ഓസീസിന്റെ പ്രതീക്ഷ. ലോകകപ്പ് ഫൈനലിൽ ഹെഡ് സെഞ്ചുറി നേടിയിരുന്നു. സ്‌മിത്ത്, മാർണസ് ലബുഷെയ്‌ൻ, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇടംകൈ പേസർമാരായ സ്‌പെൻസർ ജോൺസണും ബെൻ ഡ്വാർഷുയ്‌സ് എന്നിവർ ഇന്ത്യൻ ബാറ്റിങ് നിരയ്‌ക്ക് വെല്ലുവിളി ഉയർത്തും. അതേസമയം, ആദം സാമ്പ ഒഴികെ മറ്റൊരു സ്‌പെഷ്യലിസ്‌റ്റ് സ്‌പിന്നർ ഇല്ലാത്തത് ഓസീസിന് തിരിച്ചടിയാണ്.









0 comments