ചാമ്പ്യൻസ് ട്രോഫി: ഇന്ത്യയ്ക്ക് 265 റൺസ് വിജയലക്ഷ്യം

ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസീസിനെതിരെ ഇന്ത്യയ്ക്ക് 265 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 264 റൺസിന് പുറത്തായി. അർധ സെഞ്ചുറിനേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും (73) അലെക്‌സ് കാരിയും (61) ആണ് ഓസീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതവും അക്‌സർ പട്ടേലും ഹാർദിക് പാണ്ഡ്യയും ഒരു വിക്കറ്റും വീഴ്ത്തി.
കളിയുടെ മൂന്നാം ഓവറിൽ തന്നെ ഓസീസിന് ആദ്യവിക്കറ്റ് നഷ്ടമായി. സ്കോർ നാലിൽ നിൽക്കെ മുഹമ്മദ് ഷമിയുടെ പന്തിലാണ് ഓപ്പണർ കൂപ്പർ കോൺലി (0) പുറത്തായത്. സ്കോർ 54ൽ എത്തി നിൽക്കെ ട്രാവിസ് ഹെഡിനെ (39) സ്പിന്നർ വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്താക്കി. രണ്ടു സിക്സും അഞ്ച് ഫോറും നേടിയാണ് ഹെഡ് പുറത്തായത്. തുടർന്ന് ക്രീസിലെത്തിയ സ്മിത്ത് - ലബുഷെയ്ൻ സഖ്യം സ്കോർ ഉയർത്തുകയായിരുന്നു. ലബുഷെയ്‌നെ (29) വീഴ്ത്തി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ജോഷ് ഇൻഗ്ലിസിനെയും (11) ജഡേജ പുറത്താക്കി.
സ്കോർ 198ൽ നിൽക്കെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മുഹമ്മദ് ഷമിയുടെ പന്തിൽ ബോൾഡായി. അക്‌സർ പട്ടേലിന്റെ പന്തിൽ മാക്സ്‍വെല്ലും പുറത്തായി. ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ച് ബെൻ ഡ്വാർഷിയുസിനെ (19) വരുൺ ചക്രവർത്തി കൂടാരം കയറ്റി.
അർധ സെഞ്ചുറി നേടിയ അലെക്‌സ് കാരിയെ ശ്രേയസ് അയ്യർ റണ്ണൗട്ട് ആക്കുകയായിരുന്നു. നതാൻ എല്ലിസിനെ കോഹ്‍ലിയുടെ കൈയിലെത്തിച്ച് (10) മുഹമ്മദ് ഷമി മൂന്നാം വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറിൽ ആദം സാമ്പയെ (7) ഹാർദിക് പാണ്ഡ്യ ബോൾഡാക്കി.









0 comments