കോഹ്‍ലി ജാലം: ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ

ദുബായ്: വിരാട് കോഹ്‌ലിയുടെ റൺദാഹത്തിൽ പാകിസ്ഥാൻ തീർന്നു. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ കിടയറ്റ സെഞ്ചുറികൊണ്ട് കോഹ്‌ലി ഇന്ത്യയെ സെമിയിലേക്ക് നയിച്ചു. പാകിസ്ഥാനെ ആറ് വിക്കറ്റിന് തകർത്താണ് മുന്നേറ്റം.
പാകിസ്ഥാൻ ഉയർത്തിയ 242 റൺലക്ഷ്യം 45 പന്ത് ശേഷിക്കെയാണ് മറികടന്നത്. കോഹ്‌ലി 111 പന്തിൽ 100 റണ്ണുമായി പുറത്താകാതെ നിന്നു. പാകിസ്ഥാൻ 241നാണ് പുറത്തായത്. രണ്ടാംതോൽവിയോടെ ആതിഥേയർ പുറത്തേക്കുള്ള വഴിയിലായി.
അസാമാന്യ പ്രകടനമായിരുന്നു കോഹ്‌ലിയുടേത്. വിജയറണ്ണിലേക്കും സെഞ്ചുറിയിലേക്കുമുള്ള അന്തരം ചെറുതായി വരുന്ന ഘട്ടത്തിൽ ഫോറടിച്ചായിരുന്നു ആഘോഷം. ജയത്തിന് രണ്ടു റൺ വേണ്ടിയിരുന്നപ്പോൾ സെഞ്ചുറിക്ക് നാലു റണ്ണകലെയായിരുന്നു. കുഷ്‌ദിൽ ഷാ എറിഞ്ഞ 42–-ാമത്തെ ഓവറിന്റെ മൂന്നാംപന്ത് എക്‌സ്‌ട്രാ കവറിലേക്ക് ഫോർ പറത്തി ജയവും സെഞ്ചുറിയും കുറിച്ചു. ഏകദിനത്തിലെ 51–-ാം ശതകം. ആകെ 82–-ാമത്തേത്. ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യം. പാകിസ്ഥാനെതിരെ നാലാമത്തേത്. ഏഴ് ഫോറായിരുന്നു ഇന്നിങ്‌സിൽ. മാൻ ഓഫ് ദ മാച്ചും മറ്റാരുമായിരുന്നില്ല.
വേഗംകുറഞ്ഞ പിച്ചിൽ പാക് പേസ് നിരയ്‌ക്കെതിരെ ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. 15 പന്തിൽ 20 റണ്ണെടുത്ത ക്യാപ്‌റ്റൻ രോഹിത് ശർമ ഒരു സിക്‌സറും മൂന്ന് ഫോറും പറത്തി സൂചന നൽകി. ഷഹീൻഷാ അഫ്രീദിയുടെ തകർപ്പൻ പന്തിൽ രോഹിത് മടങ്ങുകയായിരുന്നു.
വൈസ് ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും കോഹ്‌ലിയും ചേർന്ന് റണ്ണൊഴുക്ക് വലിയ രീതിയിൽ താഴാതെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. സ്‌പിന്നർ അബ്രാർ അഹമ്മദിനെ ശ്രദ്ധയോടെ കളിച്ചായിരുന്നു മുന്നേറ്റം. 52 പന്തിൽ 46 റണ്ണെടുത്ത ഗില്ലിനെ അബ്രാർതന്നെ വീഴ്‌ത്തി. കറങ്ങിത്തിരിഞ്ഞ പന്ത് കുറ്റിയുംപിഴുത് പോയി. ഗിൽ ഏഴ് ഫോറടിച്ചു.
ശ്രേയസ് അയ്യർ തുടക്കത്തിൽ പതറി. പിന്നെ കോഹ്‌ലിക്ക് ഒത്ത കൂട്ടാളിയായി. സാഹസപ്പെട്ട ഷോട്ടുകൾക്ക് മുതിരാതെയാണ് ഇരുവരും ബാറ്റ് ചെയ്‌തത്. സിംഗിളുകളും ഡബിളുകളുംകൊണ്ട് കളി നിയന്ത്രിച്ചു. ജയസൂചന കിട്ടിയതോടെ ശ്രേയസ് കളി മാറ്റി. തുടർച്ചയായി ബൗണ്ടറികൾ പറത്തി കളി പൂർണനിയന്ത്രണത്തിലാക്കി. 67 പന്തിൽ 56 റണ്ണെടുത്ത വലംകൈയന്റെ ഇന്നിങ്‌സിൽ ഒരു സിക്‌സറും അഞ്ച് ഫോറും ഉൾപ്പെട്ടു. മൂന്നാംവിക്കറ്റിൽ ഇരുവരും വിജയത്തിന് അടിത്തറയിട്ട 114 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. കുഷ്‌ദിലിന്റെ പന്തിലാണ് ശ്രേയസ് പുറത്തായത്. എട്ടു റണ്ണെടുത്ത ഹാർദിക് പാണ്ഡ്യ വേഗം മടങ്ങിയെങ്കിലും അക്‌സർ പട്ടേൽ (4 പന്തിൽ 3) വിജയ നിമിഷത്തിൽ കോഹ്‌ലിക്ക് കൂട്ടായി. സെഞ്ചുറിക്ക് പിന്തുണയും നൽകി.
പാകിസ്ഥാന്റെ ബൗളിങ്ങും ഫീൽഡിങ് നിലവാരവും ശരാശരിക്ക് താഴെയായിരുന്നു. രണ്ടു ക്യാച്ചുകളാണ് ഫീൽഡർമാർ പാഴാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനുവേണ്ടി സൗദ് ഷക്കീൽ (76 പന്തിൽ 62), ക്യാപ്‌റ്റൻ മുഹമ്മദ് റിസ്വാൻ (77 പന്തിൽ 46), കുഷ്‌ദിൽ (39 പന്തിൽ 38) എന്നിവർമാത്രം പൊരുതി. ബാബർ അസം 26 പന്തിൽ 23 റണ്ണെടുത്ത് പുറത്തായി. ഇന്ത്യക്കുവേണ്ടി സ്‌പിന്നർ കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. ഹാർദിക് രണ്ടും.
ഇന്ന് ഗ്രൂപ്പ് എയിൽ ന്യൂസിലൻഡും ബംഗ്ലാദേശും ഏറ്റുമുട്ടും. കിവീസ് ജയിച്ചാൽ ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും പുറത്താകും









0 comments