ചാമ്പ്യൻസ് ട്രോഫി: കിരീട പോരാട്ടത്തിൽ ടോസ് കിവീസിന്; ബാറ്റിങ് തെരഞ്ഞെടുത്തു

ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. ഏകദിനക്രിക്കറ്റില്‍ തുടര്‍ച്ചയായി 15-ാം തവണയാണ് ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. 2023 ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഓസീസിനെതിരായ ഫൈനലിലായിരുന്നു തുടക്കം. 15ല്‍ 12 തവണയും ടീമിനെ നയിച്ചത് രോഹിത് ശര്‍മയാണ്. ഇതോടെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റന്മാരുടെ പട്ടികയില്‍ രോഹിത്, വെസ്റ്റിന്‍ഡീസ് ടീം മുന്‍ ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയോടെപ്പമൊത്തി.
രണ്ടുവർഷംമുമ്പ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് കൈവിട്ട ഇന്ത്യ, ഇക്കുറി മിനി ലോകകപ്പ് നേടി ആശ്വസിക്കാനുള്ള ഒരുക്കത്തിലാണ്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഫൈനലിൽ ഇറങ്ങുമ്പോൾ 25 വർഷംമുമ്പ് ഫൈനലിൽ കിവീസിനോട് തോറ്റതിന്റെ കടം വീട്ടാനുണ്ട് ടീമിന്. 2000ലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ പാരാജയപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് ജേതാക്കളായത്. 2023ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കീവീസ് ചാമ്പ്യന്മാരായത്. ന്യൂസിലന്‍ഡ് ജയിച്ച ഐസിസി ടൂര്‍ണമെന്റിലെ രണ്ട് കിരീടവും ഇന്ത്യയെ പാരാജയപ്പെടുത്തിയാണ് നേടിയത്.
ഐസിസി ടൂർണമെന്റുകളിൽ ന്യൂസിലൻഡിനെ മറികടക്കൽ ഇന്ത്യക്ക് എളുപ്പമല്ലായിരുന്നു. എന്നാൽ, കഴിഞ്ഞ ലോകകപ്പ് സെമിയിലും ഇത്തവണ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ അനായാസജയം നേടി. ഇക്കുറി ഒറ്റ കളിയും തോൽക്കാതെയാണ് വരവ്. ബാറ്റിങ്ങിലെ ആഴവും സ്‌പിൻ ബൗളിങ്ങുമാണ് കരുത്ത്. വിരാട് കോഹ്‌ലിയാണ് റണ്ണടിയിൽ മുന്നിൽ. നാലു കളിയിൽ 217 റൺ. ശ്രേയസ് അയ്യർ 195 റണ്ണെടുത്തിട്ടുണ്ട്. ശുഭ്‌മാൻ ഗില്ലും (157) ഫോമിലാണ്. മുഹമ്മദ് ഷമിയാണ് പേസ് ആക്രമണത്തിന്റെ കുന്തമുന.
ഓൾറൗണ്ട് മികവാണ് കിവീസിന്റേത്. ബാറ്റിങ്ങിൽ രചിൻ രവീന്ദ്ര, കെയ്‌ൻ വില്യംസൺ, ടോം ലാതം, വിൽ യങ്, ഗ്ലെൻ ഫിലിപ്‌സ് എന്നിവരുണ്ട്. രചിൻ മൂന്നു കളിയിൽ 226 റണ്ണടിച്ചു. പ്രായത്തെ വെല്ലുന്ന ബാറ്റിങ് മികവാണ് വില്യംസണിന്റേത്. സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രചിനും വില്യംസണും സെഞ്ചുറി നേടിയിരുന്നു. ബൗളർമാരിൽ പേസർ മാറ്റ് ഹെൻറിയാണ് വജ്രായുധം. നാലു കളിയിൽ പത്ത് വിക്കറ്റുണ്ട്. സെമിയിൽ ഫീൽഡിങ്ങിനിടെ പരിക്കേറ്റ ഹെൻറി കളിക്കുമോയെന്നാണ് ആശങ്ക. ക്യാപ്‌റ്റൻ മിച്ചൽ സാന്റ്‌നെറും മൈക്കൽ ബ്രേസ്‌വെലുമാണ് ടീമിലെ സ്‌പിന്നർമാർ. ഇരുടീമുകളും 119 തവണ മുഖാമുഖം കണ്ടപ്പോൾ ഇന്ത്യ 61 കളി ജയിച്ചു. കിവീസ് 50. അവസാന പത്തു കളിയിൽ 6–4ന് ഇന്ത്യക്കാണ് മുൻതൂക്കം. 10 ലോകകപ്പ് മത്സരങ്ങളിൽ 5–5 ആണ്. രണ്ടുതവണ ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റുമുട്ടിയപ്പോൾ ഓരോ കളി ജയിച്ചു.
ഒമ്പതു ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ ഇന്ത്യ അഞ്ചാം തവണയാണ് ഫൈനല്‍ കളിക്കുന്നത്. രണ്ടുതവണ വീതം ജേതാക്കളും റണ്ണറപ്പുമായി. 2002ല്‍ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത ജേതാക്കളായി.









0 comments