കിവീസിനെ കറക്കി വീഴ്ത്തി; കിരീടം നേടാൻ ഇന്ത്യയ്ക്ക് 252 റൺസ് വിജയലക്ഷ്യം

ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടത്തിൽ ന്യൂസിലൻഡിനെ കറക്കി വീഴ്ത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനെ ഇന്ത്യൻ സ്പിന്നർമാർ വരുതിയിലാക്കിയതോടെ നിശ്ചിത ഓവറിൽ ടീംസ്കോർ 251/7 ഒതുങ്ങി. അർധ സെഞ്ചുറി നേടിയ ഡാരിൽ മിച്ചെലും (101 പന്തിൽ 63) മൈക്കൽ ബ്രേസ്‌വെലുമാണ് (40 പന്തിൽ 53) കിവീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ടു വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജ ഒരോ വിക്കറ്റ് നേടി.
ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റെടുത്ത സ്പിന്നർ വരുൺ ചക്രവർത്തിയാണ് ഇത്തവണയും കിവീസിന് ആദ്യ പ്രഹരമേൽപ്പിച്ചത്. വരുൺ ചക്രവർത്തിയെറിഞ്ഞ എട്ടാം ഓവറിൽ ഓപ്പണർ വിൽ യങ് (23 പന്തിൽ 15) എൽബിഡബ്ല്യു ആകുകയായിരുന്നു. ഒന്നാംവിക്കറ്റിൽ കിവീസ് 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 18 റൺസ് ചേർക്കുന്നതിനിടെ രചിൻ രവീന്ദ്രയെയും (29 പന്തിൽ 37) കെയ്ൻ വില്യംസണെയും (11 പന്തിൽ 14) കുൽദീപ് യാദവ് പുറത്താക്കി. രചിൻ രവീന്ദ്രയെ ബോൾഡാക്കിയ കുൽദീപ് പിന്നാലെ കെയ്ൻ വില്യംസനെ സ്വന്തം പന്തിൽ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു.
ഇതോടെ ടീം സ്കോർ മന്ദഗതിയിലായി. 19.2 ഓവറിലാണ് കിവീസ് 100 പിന്നിട്ടത്. ശ്രദ്ധയോടെ ബാറ്റേന്തിയ ടോം ലാതമിനെ (30 പന്തിൽ 14) രവീന്ദ്ര ജഡേജ എൽബിഡബ്ല്യു ആക്കി. പിന്നാലെ ഗ്ലെൻ ഫിലിപ്‌സ് (52 പന്തിൽ 34) വരുൺ ചക്രവർത്തി മടക്കി. 45-ാമത്തെ ഓവറിലാണ് ടീം സ്കോർ 200 കടന്നത്. അടുത്ത ഓവറിൽ അർധസെഞ്ചുറിയുമായി ടീമിനെ കരുതലോടെ നയിച്ച ഡാരിൽ മിച്ചെൽ മുഹമ്മദ് ഷമിയ്ക്ക് മുന്നിൽ വീണു. ആറാം വിക്കറ്റിൽ മൈക്കൽ ബ്രേസ്‌വെലുമായി ചേർന്ന് മിച്ചെൽ 46 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 91 പന്തുകൾ നേരിട്ടാണ് മിച്ചെൽ 50 റൺ പൂർത്തിയാക്കിയത്. ഇതിൽ ഒരു ബൗണ്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 46-ാം ഓവറിൽ ഷമിയെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ നേടി നിൽക്കെയാണ് താരം ഇന്ത്യൻ ക്യാപ്റ്റൻ രോഹിതിന് ക്യാച്ച് നൽകി മടങ്ങിയത്. 49-ാം ഓവറിൽ ക്യാപ്‌റ്റൻ മിച്ചൽ സാന്റ്‌നെറെ (10 പന്തിൽ 8) റണ്ണൗട്ട് ആയി.









0 comments