ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാന് ടോസ്; ബാറ്റിങ് തെരഞ്ഞെടുത്തു

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു. പാകിസ്ഥാനാണ് ആതിഥേയരെങ്കിലും ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യകളിയിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച ഇന്ത്യയ്ക്ക് ഒറ്റജയംകൊണ്ട് സെമിയിലെത്താം. ന്യൂസിലൻഡിനോട് തകർന്നടിഞ്ഞ പാകിസ്ഥാന് ജയമല്ലാതെ മറ്റൊരു വഴിയില്ല.
ദുബായ് പിച്ചിൽ ഒരു മത്സരം കളിച്ചുജയിച്ചതിന്റെ പരിചയമുണ്ട് ഇന്ത്യക്ക്. വേഗം കുറഞ്ഞ പിച്ചിൽ സ്‌പിന്നർമാർ നേട്ടമുണ്ടാക്കും. നാലു ടീമുകളുള്ള ഗ്രൂപ്പ് എയിൽ മികച്ച റൺനിരക്കുമായി ന്യൂസിലൻഡാണ് ഒന്നാമത്. ഇന്ത്യ രണ്ടാമതും. ബംഗ്ലാദേശ് മൂന്നാമത് നിൽക്കുമ്പോൾ മോശം റൺനിരക്കുമായി പാകിസ്ഥാൻ നാലാമതായി. ആദ്യ രണ്ടു ടീമുകളാണ് സെമിയിൽ കടക്കുക. ഇന്ത്യക്ക് അവസാനകളിയിൽ കിവീസാണ് എതിരാളി. പാകിസ്ഥാന് ബംഗ്ലാദേശും.
ശുഭ്‌മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയും മുഹമ്മദ് ഷമിയുടെ മിന്നുന്ന ബൗളിങ് പ്രകടനവുമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയമൊരുക്കിയത്. ക്യാപ്‌റ്റൻ രോഹിത് ശർമ ഏകദിനത്തിലെ മികച്ച പ്രകടനം തുടരുന്നു. എന്നാൽ, ലെഗ് സ്‌പിന്നർമാർക്കെതിരെ പതറുന്ന വിരാട് കോഹ്‌ലിക്ക് താളം കണ്ടെത്താനാകുന്നില്ല. പാകിസ്ഥാന് പ്രതാപികളായ ലെഗ് സ്‌പിൻ നിര അന്യമായെങ്കിലും നിലവിൽ അബ്രാർ അഹമ്മദിലൂടെ ആ കോട്ടം അവർ ഒരു പരിധിവരെ പരിഹരിക്കുന്നുണ്ട്.
കിവീസിനോട് തോറ്റതിനുപിന്നാലെ പാകിസ്ഥാൻ താരങ്ങൾക്കെതിരെ വിമർശമുയർന്നിട്ടുണ്ട്. പ്രത്യേകിച്ചും മുൻ ക്യാപ്‌റ്റൻ ബാബർ അസമിനെതിരെ. കിവീസ് ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടരാനെത്തിയ ആതിഥേയർ ആദ്യഘട്ടത്തിൽ വേഗത്തിൽ റണ്ണടിക്കാനേ ശ്രമിച്ചില്ല. ബാബർ അർധസെഞ്ചുറി നേടിയെങ്കിലും പന്തുകൾ ഏറെ പാഴാക്കി. അവസാന ഓവറുകളിൽ സൽമാൻ ആഗമാത്രം പൊരുതി. പാകിസ്ഥാൻ നിരയിൽ പരിക്കേറ്റ് മടങ്ങിയ ഫഖർ സമാന് പകരം ഇമാം ഉൾ ഹഖ് കളിക്കും.









0 comments