ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 242 റൺസ് വിജയലക്ഷ്യം

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ 241 റൺസിന് പുറത്ത്. അർധ സെഞ്ചുറി നേടിയ സൗദ് ഷക്കീല്‍ (76 പന്തിൽ 62) ആണ് ടോപ് സ്കോറർ. ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ 77 പന്തിൽ 46 റൺസ് നേടി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും നേടി.
ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബബാർ അസമിനെ (23) പുറത്താക്കി ഹാർദിക് പാണ്ഡ്യയാണ് വിക്കറ്റ് നേട്ടം ആരംഭിച്ചത്. പിന്നാലെ കുൽദീപ് യാദവിന്റെ പന്തിൽ സിംഗിളിനു ശ്രമിച്ച ഇമാം ഉൾ ഹഖിന് (10) അക്ഷർ പട്ടേൽ റൺഔട്ടാക്കി. പിന്നീട് പാകിസ്ഥാൻ പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു. 100 റൺകൂട്ടിചേർത്ത ശേഷമാണ് റിസ്‍വാൻ- സൗദ് ഷക്കീല്‍ സഖ്യം പിരിഞ്ഞത്. അക്ഷർ പട്ടേലിന്റെ പന്തിൽ റിസ്‍വാൻ ബോൾഡാകുകയായിരുന്നു.
പിന്നാലെ പാണ്ഡ്യയുടെ പന്തിൽ സൗദ് ഷക്കീലും ജഡേജയുടെ പന്തിൽ തയ്യബ് താഹിറും പുറത്തായി. 14 റൺസ് ചേർക്കുന്നതിനിടെയാണ് ഈ മൂന്ന് വിക്കറ്റുകൾ ടീമിന് നഷ്ടമായത്. സൽമാൻ ആഗ (19) അഫ്രീദി (1), നസീം ഷാ (14) എന്നിവരെ നിലയുറപ്പിക്കും മുമ്പേ കുൽദീപ് യാദവ് പുറത്താക്കി. ഹാരിസ് റൗഫ് (8) റൺ ഔട്ടായി. പ്രതിരോധം തീർത്ത അബ്രാർ അഹമ്മദിനെ (38( അവസാന ഒവറിൽ ഹർഷിത് റാണയും പുറത്താക്കി.









0 comments