ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഇന്ത്യ–ന്യൂസിലൻഡ് ഫെെനൽ ഞായറാഴ്ച
ഇന്ത്യക്ക് ഒരു കടം ബാക്കിയുണ്ട് !

ദുബായ് : കാൽനൂറ്റാണ്ട് മുമ്പത്തെ ഒരു ഫൈനൽ തോൽവിയുടെ കടം ഇന്ത്യക്ക് ബാക്കിയുണ്ട്. 2000ൽ നെയ്‌റോബിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ന്യൂസിലൻഡ് ജേതാക്കളായത്. അന്ന് നാല് വിക്കറ്റിനായിരുന്നു ജയം.
സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യൻ ക്യാപ്‌റ്റൻ. കിവീസിനെ നയിച്ചത് സ്‌റ്റീഫൻ ഫ്‌ളെമിങ്. ഐസിസി ടൂർണമെന്റുകളിൽ അഞ്ചാംതവണയാണ് ഇരുടീമുകളും നോക്കൗട്ട് മത്സരത്തിനിറങ്ങുന്നത്. 2023 ഏകദിന ലോകകപ്പ് സെമിയിൽ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. എക്കാലവും ഓൾറൗണ്ട് മികവാണ് കിവീസിന്റെ സവിശേഷത. ബാറ്റും പന്തും മാത്രമല്ല ഫീൽഡർമാർക്കും കളിയിൽ പ്രാധാന്യമുണ്ടെന്ന് കരുതുന്ന ടീമാണ്. ഇത്തവണ ഗ്രൂപ്പ് മത്സത്തിൽ ഇന്ത്യയോട് 44 റണ്ണിന് തോറ്റു. സെമിയിൽ ദക്ഷിണാഫ്രിക്കയെ 50 റണ്ണിന് തകർത്താണ് കിവീസിന്റെ മൂന്നാം ഫൈനൽ. 2000ൽ കപ്പടിച്ചെങ്കിലും 2009ൽ ഓസ്‌ട്രേലിയയോട് തോറ്റു.
ഇക്കുറി പാകിസ്ഥാനെ 60 റണ്ണിന് തോൽപ്പിച്ചാണ് തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് കീഴടക്കി. ഇന്ത്യയോട് തോറ്റതോടെ ഗ്രൂപ്പിൽ രണ്ടാമതായി. എന്നാൽ, സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ആധികാരിക പ്രകടനമായിരുന്നു. രചിൻ രവീന്ദ്രയുടെ ഓൾറൗണ്ട് പ്രകടനമാണ് കരുത്ത്. മൂന്ന് കളിയിൽ രണ്ട് സെഞ്ചുറിയടക്കം 226 റണ്ണടിച്ചു. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് മുൻ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൺ നടത്തുന്നത്. നാല് കളിയിൽ 189 റൺ. അതിൽ ഒരു സെഞ്ചുറിയുണ്ട്. ടോം ലാതവും വിൽ യങ്ങും റണ്ണടിയിൽ മുന്നിലുണ്ട്. ലാതം നാല് കളിയിൽ 191 റൺ നേടി. ഓപ്പണർ യങ് 150 റണ്ണടിച്ചു.
ബൗളർമാരിൽ പേസർ മാറ്റ് ഹെൻറി ഒന്നമതാണ്. നാല് കളിയിൽ 10 വിക്കറ്റ്. ക്യാപ്‌റ്റനായ സ്‌പിന്നർ മിച്ചൽ സാന്റ്‌നർക്ക് ഏഴ് വിക്കറ്റുണ്ട്. മിച്ചൽ ബ്രേസ്‌വെൽ ആറ് വിക്കറ്റെടുത്തു. തകർപ്പൻ ക്യാച്ചുകളാണ് കിവീസിനെ വ്യത്യസ്‌തമാക്കുന്നത്. അർധാവസരംപോലും മുതലാക്കുന്ന ഫീൽഡർമാർ അപകടകാരികളാണ്. വിരാട് കോഹ്‌ലിയെ പുറത്താക്കാൻ ഗ്ലെൻ ഫിലിപ്‌സ് എടുത്ത ക്യാച്ച് ഒന്നാന്തരം ഉദാഹരണമാണ്.
മുഖാമുഖം 119
ഇന്ത്യ 61
ന്യൂസിലൻഡ് 50
ഫലമില്ല 7
സമനില 1









0 comments