ഇന്ത്യ– ന്യൂസിലൻഡ് ഫെെനൽ ഞായറാഴ്ച
കിവികൾ കുതിച്ചു ; സെമിയിൽ ദക്ഷിണാഫ്രിക്കയെ 50 റണ്ണിന് തോൽപ്പിച്ചു

credit icc facebook
ലാഹോർ : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടപ്പോരിൽ ഇന്ത്യക്ക് ന്യൂസിലൻഡ് എതിരാളികൾ. സെമിയിൽ ദക്ഷിണാഫ്രിക്കയെ 50 റണ്ണിന് തകർത്താണ് കിവീസിന്റെ കുതിപ്പ്. ഒമ്പതിനാണ് ഫൈനൽ.
ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്‌ത് 362/6 എന്ന സ്‌കോർ കുറിച്ചു. ദക്ഷിണാഫ്രിക്കയുടെ മറുപടി ഒമ്പതിന് 312ലാണ് അവസാനിച്ചത്.തകർപ്പൻ സെഞ്ചുറികളുമായി രചിൻ രവീന്ദ്രയും (101 പന്തിൽ 108) കെയ്‌ൻ വില്യംസണും (94 പന്തിൽ 102) കിവീസിന് മികച്ച സ്‌കോറൊരുക്കിയത്. പന്തെറിഞ്ഞ രചിൻ ഒരു വിക്കറ്റും നേടി. മൂന്ന് വിക്കറ്റുമായി ക്യാപ്‌റ്റൻ മിച്ചെൽ സാന്റ്‌നെറാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തുകളഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കായി 67 പന്തിൽ 100 റണ്ണുമായി പുറത്താകാതെനിന്ന ഡേവിഡ് മില്ലറുടെ പോരാട്ടം പാഴായി.
ആദ്യം ബാറ്റ് ചെയ്‌ത കിവീസിന് വിൽ യങ്ങിനെ (23 പന്തിൽ 21) വേഗത്തിൽ നഷ്ടമായെങ്കിലും കിവികൾ പതറിയില്ല. രചിനും വില്യംസണും ചേർന്ന് സ്‌കോർ ബോർഡ് ചലിപ്പിച്ചു. രണ്ടാംവിക്കറ്റിൽ 164 റണ്ണാണ് ഇരുവരും കൂട്ടിച്ചേർത്തത്. രചിൻ ചാമ്പ്യൻസ് ട്രോഫിയിൽ രണ്ടാംസെഞ്ചുറി കുറിച്ചു. ഒരു സിക്‌സറും 13 ഫോറും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എന്നും മിന്നുന്ന വില്യംസൺ ഇക്കുറിയും പതിവുതെറ്റിച്ചില്ല. ഏകദിനത്തിലെ 15–-ാംസെഞ്ചുറിയായിരുന്നു മുപ്പത്തിനാലുകാരന്. ഇരുവരും മടങ്ങിയശേഷം ഡാരിൽ മിച്ചെൽ (37 പന്തിൽ 49), ഗ്ലെൻ ഫിലിപ്‌സ് (27 പന്തിൽ 49*) എന്നിവർ ചേർന്ന് വേഗത്തിൽ റണ്ണടിച്ചു. ഒരു സിക്‌സറും നാല് ഫോറുമായിരുന്നു മിച്ചെലിന്റെ ഇന്നിങ്‌സിൽ. ഫിലിപ്‌സ് ഒരു സിക്‌സറും ആറ് ഫോറും പറത്തി. അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംതൊടീച്ചില്ല.
കൂറ്റൻ ലക്ഷ്യത്തിലേക്കുള്ള ദക്ഷിണാഫ്രിക്കയുടെ മറുപടി ആശാവഹമായിരുന്നില്ല. സ്‌കോർബോർഡ് 20ൽനിൽക്കെ റ്യാൻ റിക്കെൾട്ടൺ (12 പന്തിൽ 17) പുറത്ത്. ക്യാപ്‌റ്റൻ ടെംബ ബവുമയ്‌ക്ക് തുടക്കത്തിൽ റണ്ണെടുക്കാനായില്ല. താളം കണ്ടെത്തിയ ബവുമ തുടർന്ന് റാസി വാൻ ഡെർദുസനുമായി ചേർന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് പ്രതീക്ഷ നൽകി. ഇരുവരും രണ്ടാംവിക്കറ്റിൽ 105 റണ്ണെടുത്തു. 71 പന്തിൽ 56 റണ്ണെടുത്ത ബവുമയെ സാന്റ്‌നെർ മടക്കിയതോടെ കിവീസ് കളിയിൽ പിടിമുറുക്കി. വാൻഡെർ ദുസനെ (66 പന്തിൽ 69) തകർപ്പൻ പന്തിൽ സാന്റ്‌നെർ ബൗൾഡാക്കി. അവസാന ഓവറുകളിൽ മില്ലർ ആഞ്ഞടിച്ചെങ്കിലും കാര്യമുണ്ടായില്ല. അവസാന പന്തിലായിരുന്നു മില്ലറുടെ സെഞ്ചുറി. നാല് സിക്‌സറും 10 ഫോറും പറത്തി.
ഫൈനൽ ദുബായിൽ ആണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ കിവീസിനെ തോൽപ്പിച്ചിരുന്നു.
രചിൻ 5
ന്യൂസിലൻഡ് ഓപ്പണർ രചിൻ രവീന്ദ്രയുടെ അഞ്ച് സെഞ്ചുറികളും ഐസിസി ടൂർണമെന്റുകളിൽ. മൂന്നെണ്ണം 2023ലെ ഏകദിന ലോകകപ്പിലായിരുന്നു. രണ്ടെണ്ണം ഈ ചാമ്പ്യൻസ് ട്രോഫിയിലും. ബംഗ്ലാദേശിന്റെ മഹ്‌മദുള്ളയെയാണ് മറികടന്നത്. മഹ്‌മദുള്ള ആകെ നേടിയ നാല് സെഞ്ചുറികളും ഐസിസി ടൂർണമെന്റുകളിൽനിന്നാണ്.
റണ്ണും കണക്കുമല്ല കളി: ഗംഭീർ
ക്യാപ്‌റ്റൻ രോഹിത് ശർമയെ പിന്തുണച്ച് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. ചാമ്പ്യൻസ് ട്രോഫിയിൽ രോഹിതിന്റെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല. 28, 15, 20, 41 എന്നിങ്ങനെയാണ് സ്‌കോർ. എന്നാൽ, രോഹിതിന്റെ ബാറ്റിങ് പ്രകടനത്തിൽ ആശങ്കയൊന്നുമില്ലെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
‘നിങ്ങൾ റണ്ണും കണക്കുംവച്ചാണ് അളക്കുന്നത്. എന്നാൽ, അങ്ങനെയല്ല. ഞങ്ങൾ ഒരു കളിക്കാരൻ കളിയിലുണ്ടാക്കുന്ന സ്വാധീനമാണ് നോക്കുക. നിർഭയ ക്രിക്കറ്റാണ് കളിക്കുന്നത്. ഓരോ മത്സരത്തിലും നൽകുന്ന തുടക്കം ശ്രദ്ധിക്കുക. ഇപ്പോൾ ഫൈനൽവരെ എത്തിനിൽക്കുന്നു. ഞങ്ങൾ നമ്പറുകളെയോ ശരാശരികളെയോ കണക്കിലെടുക്കാറില്ല–- ഗംഭീർ വ്യക്തമാക്കി.
ഋഷഭ് പന്തിനെ മറികടന്ന് എന്തുകൊണ്ട് കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പറാക്കി എന്നതിനും കോച്ച് മറുപടി നൽകി. ‘ഏകദിനത്തിൽ രാഹുലിന്റെ ബാറ്റിങ് ശരാശരി 50ന് അടുത്താണ്. അതാണ് അതിനുള്ള ഉത്തരം’.









0 comments