ലാതമിനും യങ്ങിനും സെഞ്ചുറി
കിവീസിന് ഇരട്ടക്കരുത്ത് ; പാകിസ്ഥാനെ 60 റണ്ണിന് തോൽപ്പിച്ചു

സെഞ്ചുറി നേടിയ വിൽ യങ്ങിനെ (വലത്ത്) ടോം ലാതം അഭിനന്ദിക്കുന്നു
കറാച്ചി : ഇരട്ടസെഞ്ചുറി കരുത്തിൽ ആതിഥേയരായ പാകിസ്ഥാനെ വീഴ്‌ത്തി ന്യൂസിലൻഡ് തുടങ്ങി. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഉദ്‌ഘാടന മത്സരത്തിൽ 60 റണ്ണിനാണ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് അഞ്ചിന് 320 റണ്ണെടുത്തു. പാകിസ്ഥാൻ 47.2 ഓവറിൽ 260ന് പുറത്തായി.
വിൽ യങ്ങും (113 പന്തിൽ 107) ടോം ലാതമും (104 പന്തിൽ 118) നേടിയ സെഞ്ചുറികളുടെ മികവിലായിരുന്നു കിവി കുതിപ്പ്. 39 പന്തിൽ 61 റണ്ണടിച്ച ഗ്ലെൻ ഫിലിപ്‌സും തിളങ്ങി.
കിവീസിന്റെ തുടക്കം മികച്ചതായില്ല. 73 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഡെവൺ കൊൺവെ (10), കെയ്‌ൻ വില്യംസൺ (1), ഡാരിൽ മിച്ചെൽ (10) എന്നിവർ വേഗം മടങ്ങി. എന്നാൽ, മറുവശത്ത് വിൽ യങ് പിടിച്ചുനിന്നു.
16.2 ഓവറിൽ 73/3 എന്ന നിലയിൽനിന്നായിരുന്നു യങ്–-ലാതം സഖ്യം ഒത്തുചേരുന്നത്. ഒരു സിക്‌സറും 12 ഫോറും ഉൾപ്പെട്ടതായിരുന്നു യങ്ങിന്റെ ഇന്നിങ്‌സ്. മൂന്ന് സിക്‌സറും 10 ഫോറും പറത്തിയ ലാതം പുറത്തായില്ല.
നാലാംവിക്കറ്റിൽ 118 റണ്ണാണ് സഖ്യം കൂട്ടിച്ചേർത്തത്. നസീം ഷായുടെ പന്തിൽ യങ് പുറത്തായെങ്കിലും ലാതം വിട്ടുകൊടുത്തില്ല. ആദ്യ 61 പന്തിൽ 50 എടുത്ത ഇടംകൈയൻ ബാറ്റർ തുടർന്നുള്ള 31 പന്തിൽ സെഞ്ചുറിയും പൂർത്തിയാക്കി. ഏകദിനത്തിലെ എട്ടാംസെഞ്ചുറി. അഞ്ചാംവിക്കറ്റിൽ ഫിലിപ്‌സുമായി ചേർന്ന് വേഗത്തിൽ റണ്ണുയർത്തി. ഫിലിപ്‌സ്‌അവസാന ഓവറുകളിൽ തകർത്തടിച്ചു. നാല് സിക്‌സറും മൂന്ന് ഫോറും. 74 പന്തിൽ 235 റണ്ണാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.
മറുപടിക്കെത്തിയ പാകിസ്ഥാന്റെ തുടക്കംതന്നെ തകർന്നു. വേഗത്തിൽ റണ്ണടിക്കാനായില്ല. ബാബർ അസം (90 പന്തിൽ 64), കുഷ്ദിൽ ഷാ (49 പന്തിൽ 69), സൽമാൻ ആഗ (28 പന്തിൽ 42) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല.









0 comments