ഓസീസിനെ മെരുക്കി

image credit icc facebook
ദുബായ് : ലോക ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ ഒടുവിൽ ഇന്ത്യൻ ടീം വീഴ്‌ത്തി. 2023 ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷമുള്ള ആദ്യ മുഖാമുഖത്തിൽ നാല് വിക്കറ്റിനാണ് ഓസീസിനെ കീഴടക്കിയത്. ഇതോടെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ അഞ്ചാംതവണയും ഇന്ത്യ ഫൈനലിൽ കടന്നു. തുടർച്ചയായ മൂന്നാമത്തേത്. ന്യൂസിലൻഡ് x ദക്ഷിണാഫ്രിക്ക സെമി ജേതാക്കളെ ഒമ്പതിന് നടക്കുന്ന കിരീടപ്പോരിൽ രോഹിത് ശർമയും കൂട്ടരും നേരിടും.
ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നാണയഭാഗ്യം ഒരിക്കൽക്കൂടി രോഹിത് ശർമയെ കൈവിട്ടു. ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്റെ പോരാട്ടം 49.3 ഓവറിൽ 264നാണ് അവസാനിച്ചത്. അമിതാവേശമില്ലാതെ ബാറ്റ് വീശിയ ഇന്ത്യ 48.1 ഓവറിൽ വിജയറൺ കുറിച്ചു. കെ എൽ രാഹുലിന്റെ മിന്നുന്ന സിക്‌സറിലൂടെയായിരുന്നു വിജയാഘോഷം. 98 പന്തിൽ 84 റണ്ണടുത്ത വിരാട് കോഹ്‌ലിയാണ് മാൻ ഓഫ് ദി മാച്ച്.
സ്‌കോർ: ഓസീസ് 264 (49.3); ഇന്ത്യ 267 (48.1)
വേഗം കുറഞ്ഞ പിച്ചിൽ അത്ര എളുപ്പമായിരുന്നില്ല ഇന്ത്യക്ക്. അനുഭവസമ്പത്ത് കുറഞ്ഞ ഓസീസ് ബൗളിങ് നിര പക്ഷേ, ഇന്ത്യൻ ബാറ്റർമാർക്ക് വലിയ സമ്മർദം നൽകി. എന്നാൽ, ഫീൽഡർമാരുടെ പിന്തുണ അവർക്ക് കിട്ടിയില്ല. രോഹിതിനെ രണ്ടു പ്രാവശ്യവും കോഹ്‌ലിയെ ഒരുതവണയും ഫീൽഡർമാർ വിട്ടുകളഞ്ഞു.
ശുഭ്‌മാൻ ഗില്ലിനെ (11 പന്തിൽ 8) തുടക്കത്തിൽത്തന്നെ ഇന്ത്യക്ക് നഷ്ടമായി. ഒരു സിക്‌സറും മൂന്ന് ഫോറും ഉൾപ്പെടെ 29 പന്തിൽ 28 റണ്ണെടുത്ത രോഹിതിനെ ഇടംകൈയൻ സ്‌പിന്നർ കൂപ്പർ കോണോളി വിക്കറ്റിനുമുന്നിൽ കുരുക്കുകയും ചെയ്‌തതോടെ ഇന്ത്യ ചെറുതായി പതറി. എന്നാൽ, മൂന്നാംവിക്കറ്റിൽ കോഹ്‌ലിയും ശ്രേയസ് അയ്യരും (62 പന്തിൽ 45) ഒന്നിച്ചതോടെ പ്രതീക്ഷയിലായി. വേഗത്തിൽ റണ്ണടിക്കാനായില്ലെങ്കിലും മൂന്നാംവിക്കറ്റിൽ വിലപ്പെട്ട 91 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇരുവരും. സ്‌കോർ 134ൽവച്ച് ശ്രേയസിനെ ആദം സാമ്പ ബൗൾഡാക്കി. തുടർന്നെത്തിയ അക്‌സർ പട്ടേൽ 30 പന്തിൽ 27 റണ്ണുമായി മടങ്ങി. പിന്നാലെയെത്തിയ രാഹുൽ (34 പന്തിൽ 42*) തുടക്കത്തിലെ പതർച്ചയ്‌ക്കുശേഷം വേഗത്തിൽ റൺ കണ്ടെത്തി. സെഞ്ചുറിക്ക് 14 റണ്ണകലെവച്ച് കോഹ്‌ലി സാമ്പയ്‌ക്കുമുന്നിൽ വീഴുമ്പോഴേക്കും ഇന്ത്യ ജയമുറപ്പാക്കിയിരുന്നു. അഞ്ച് ഫോറായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സിൽ.
അവസാനഘട്ടത്തിൽ ഹാർദിക് പാണ്ഡ്യ (24 പന്തിൽ 28) കൂറ്റനടികളോടെ കളി വരുതിയിലാക്കി. തുടർച്ചയായ പന്തുകൾ പാഴാക്കിയ ഹാർദിക് മൂന്നു പടുകൂറ്റൻ സിക്‌സറുകൾ പായിച്ച് ഓസീസ് മോഹം തകർത്തു. രാഹുലിന്റെ ഇന്നിങ്സിൽ രണ്ടുവീതം സിക്സറും ഫോറും ഉൾപ്പെട്ടു.
ഓസീസിന് മികച്ച തുടക്കമായിരുന്നില്ല. കൊണോളിയെ റണ്ണെടുക്കുംമുമ്പ് മുഹമ്മദ് ഷമി മടക്കി. ട്രാവിസ് ഹെഡ് നൽകിയ അവസരം പാഴാക്കി. തുടർന്ന് ഹെഡ് കടന്നാക്രമിക്കുകയായിരുന്നു. 33 പന്തിൽ 39 റണ്ണെടുത്ത ഹെഡിനെ വരുൺ ചക്രവർത്തി മടക്കിയതോടെ ഇന്ത്യ തിരിച്ചുവന്നു. ക്യാപ്‌റ്റൻ സ്‌റ്റീവൻ സ്‌മിത്ത് (96 പന്തിൽ 73), അലെക്‌സ് കാരി (57 പന്തിൽ 61) എന്നിവരാണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അവസാന ഘട്ടത്തിൽ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ബൗളർമാർ ഓസീസിനെ തടയുകയായിരുന്നു. കാരിയെ തകർപ്പൻ നീക്കത്തിലൂടെ ശ്രേയസ് റണ്ണൗട്ടാക്കിയത് നിർണായകമായി. സ്മിത്തിനെ മുഹമ്മദ് ഷമി ബൗൾഡാക്കുകയായിരുന്നു. നാലിന് 198 എന്ന നിലയിലായിരുന്നു ഓസീസ് ആ ഘട്ടത്തിൽ. ഷമിക്ക് മൂന്ന് വിക്കറ്റുണ്ട്. രവീന്ദ്ര ജഡേജയും വരുണും രണ്ടുവീതം നേടി.









0 comments